സിഡ്‌നി: രോഹിത് ശർമയുടെ പരുക്കിന്റെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലി. 'രോഹിത്തിനേറ്റ പരുക്കിനെ കുറിച്ച് ആകെ ആശയക്കുഴപ്പവും വ്യക്തതയില്ലായ്മയും ഉണ്ട്- വെള്ളിയാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഓൺലൈനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസാദ്യം സെലക്ഷൻ കമ്മിറ്റി മുമ്പാകെ രോഹിത് ഹാജരായില്ലെന്ന് കോഹ്ലി പറഞ്ഞു. ടീം മാനേജ്‌മെന്റ് ഇപ്പോഴും രോഹിത് വരുമോയെന്ന് അറിയാതെ കാത്തിരിക്കുകയാണ്. ഇത് മാതൃകാപരമല്ലെന്നും കോഹ്ലി തുറന്നടിച്ചു. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

' സെലക്ഷൻ കമ്മിറ്റിക്ക് മുമ്പ് ഞങ്ങൾക്ക് ഒരു മെയിൽ കിട്ടി. ഐപിഎല്ലിനിടെ തനിക്ക് പരുക്കേറ്റെന്ന് കാട്ടിയുള്ള രോഹിത്തിന്റെ അറിയിപ്പ്. പരുക്കിന്റെ വരും വരായ്കകളെ കുറിച്ച് അദ്ദേഹത്തിന് മനസ്സിലായെന്ന് കാട്ടിയുള്ളതായിരുന്നു മെയിൽ'- കോഹ്ലി പറഞ്ഞു. കോഹ്ലിയുടെ പരാമർശത്തോടെ, നായകനും ഉപനായകനും തമ്മിൽ നിരവധി നിർണായക വിഷയങ്ങളിൽ ആശയവിനിമയം നടത്തുന്നില്ലെന്ന ആരോപണത്തിന് വഴിയൊരുക്കി കഴിഞ്ഞു.

രോഹിത്തിന് എന്ത് സംഭവിച്ചു എന്ന് വ്യക്തമാക്കണമെന്ന് ഗവാസ്‌കർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ' രോഹിത് നെറ്റ്സിൽ പരിശീലിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നു. എന്ത് തരം പരുക്കാണ് രോഹിത്തിന് സംഭവിച്ചിട്ടുള്ളത്. സത്യസന്ധമായി പറഞ്ഞാൽ എനിക്ക് അറിയില്ല എന്തുതരം പരുക്കാണിതെന്ന്. എനിക്ക് തോന്നുന്നു ഇവിടെ ചില കാര്യങ്ങളിൽ സുതാര്യത കുറവുണ്ട്. രോഹിത്തുമായി എന്താണ് പ്രശ്നമെന്ന് അറിയാൻ എല്ലാവർക്കും അവകാശമുണ്ട്. ഇതിലെ സത്യസന്ധമായ വസ്തുത അറിയാൻ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് അവകാശമുണ്ട്.'ഗവാസ്‌കർ പറഞ്ഞിരുന്നു

പഞ്ചാബിനെതിരായ മത്സരത്തിലാണ് രോഹിത്തിന് പരുക്കേറ്റത്. തുടയുടെ പിൻഭാഗത്തുള്ള മാംസപേശികളിൽ ശക്തമായ വേദനയും നീരുമുണ്ട്. കൾ. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പുനരധിവാസത്തിലാണ് രോഹിത്. ഡംസബർ 17 നാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. കഷ്ടിച്ച് മൂന്നാഴ്ച സമയം. പരിശീലനമില്ലാതെ 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ പരമ്പരയിൽ നിന്ന് പുറത്താകാനാണ് സാധ്യത.

സെലക്ഷൻ മീറ്റിങ്ങിന് ശേഷം അദ്ദേഹം ഓസ്‌ട്രേലിയയ്ക്കുള്ള ഫ്‌ളൈറ്റിൽ ഞങ്ങളോടൊപ്പം ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ, എന്തുകൊണ്ട് രോഹിത് ഞങ്ങൾക്കൊപ്പം യാത്ര ചെയ്തില്ല എന്നതിനെ കുറിച്ച് ഞങ്ങൾക്ക് ഒരുവിവരവുമില്ല. ഇക്കാര്യത്തിൽ അവ്യക്തതയുണ്ട്, കോഹ്ലി തുറന്നടിച്ചു. എൻസിഎയിൽ രോഹിത്തിന്റെ അടുത്ത് ഫിറ്റ്‌നസ് പരിശോധന ഡിസംബർ 11 നാണെന്നും അതുവരെ ടീം ഒന്നടങ്കം ഓസ്‌ട്രേലിയയിൽ വെയിറ്റിങ് ഗെയിമിലാണെന്നും കോഹ്ലി പറഞ്ഞു. ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയിൽ കടുത്ത അതൃപ്തിയാണ് കോഹ്ലി തുറന്നു പ്രകടിപ്പിച്ചത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ രോഹിത്തിനൊപ്പം പരുക്കിൽ നിന്ന് മുക്തനാകുന്ന ഇഷാന്ത് ശർമയുടെ കാര്യത്തിലും അവ്യക്തത തുടരുകയാണ്. ഓസ്‌ട്രേലിയയിൽ 14 ദിവസത്തെ കർശനമായ ക്വാറന്റൈൻ പാലിക്കണം. അതുകൊണ്ട് തന്നെ ഇരുവരും പരമ്പരയിൽ കളിക്കുന്ന കാര്യം സംശയമെന്ന സൂചനയാണ് കോഹ്ലി നൽകിയത്. ഇക്കാര്യത്തിൽ കടുത്ത ആശയക്കുഴപ്പമുണ്ട്-അദ്ദേഹം പറഞ്ഞു.

'തങ്ങളുടെ പുനരധിവാസ പരിപാടി വൃദ്ധിമാൻ സാഹയെ പോലെ ദേശീയ ടീം ട്രെയിനർ നിക്ക് വെബ്ബിനും ഫിസിയോ നിതിൻ പട്ടേലിനും ഒപ്പം രോഹിത്തും ഇഷാന്ത് ശർമയും ചെയ്തിരുന്നെങ്കിൽ അത് നന്നായേന. ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കാനുള്ള അവരുടെ സാധ്യതകൾ ഏറുമായിരുന്നു.'-കോഹ്ലി പറഞ്ഞു. ഏതായാലും കോഹ്ലിയുടെ തുറന്നടിക്കൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.