തിരുവനന്തപുരം: കോവിഡ് ധനസഹായം കേന്ദ്രത്തിൽ നിന്ന് വാങ്ങിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാരിന് അനാസ്ഥയോ? കോവിഡ് ബാധിച്ച് അനാഥരാകപ്പെട്ട കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായത്തിന് കേരളത്തിൽ നിന്ന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്രവനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ലോക്സഭയിൽ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കഴിഞ്ഞ മാസം 28 ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ നൽകിയ മറുപടിയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തികൾക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്ന് നിർദ്ദേശം ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്. നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് പരിശോധിക്കുമെന്നും പി.ഉബൈദുള്ളയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കുന്നു.

ഇരുമന്ത്രിമാരുടെയും വിശദീകരണം ആശയക്കുഴപ്പത്തിനാണ് വഴി വച്ചത്. ആരുപറയുന്നതാണ് സത്യം എന്ന ചോദ്യമാണ് ഉയരുന്നത്. പാർലമെന്റിലും, നിയമസഭയിലും നൽകിയ ഉത്തരങ്ങൾക്ക് ആധികാരികത ഉണ്ടുതാനും. ഏതായാലും സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ നോട്ടക്കുറവുണ്ടായി എന്നാണ് ഡീൻ കുര്യാക്കോസ് എംപിയുടെ ആക്ഷേപം.

കോവിഡ് മൂലം അച്ഛനും അമ്മയും മരിച്ച് അനാഥരായ കുട്ടികൾക്കാണ് പിഎം കെയേർസ് ഫണ്ടിൽ നിന്ന് സഹായം നൽകുന്നത്.
കേരളത്തിൽ ഒൻപതു കുട്ടികൾ മാത്രമാണ് അനാഥരായത്. 1135.84 ലക്ഷം രൂപയാണ് കുട്ടികളുടെ സഹായത്തിനായി കേരളത്തിന് നൽകിയിട്ടുള്ളത്. പിഎം കെയേഴ്സ് പദ്ധകിയിൽ കോവിഡ് മൂലം അനാഥരായ ഓരോ കുട്ടികൾക്കും സഹായമായി 10 ലക്ഷം രൂപയാണ് നൽകുക. 18 വയസുവരെ പ്രതിമാസം സ്‌റ്റൈപെന്റും 23 വയസ്സുവരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും പിഎം കെയേഴ്സ് പദ്ധതി വഴി ലഭിക്കുന്നു. എന്നാൽ കേരളത്തിൽ നിന്ന് ഒരു കുട്ടിപോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചിരിക്കുന്നതെന്ന് ഡീൻ കുര്യക്കോസ് വ്യക്തമാക്കി.

ഇത്തരമൊരു ആനുകൂല്യം ഉള്ളതിനെപ്പറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുവാൻ പോലും കേരളത്തിലെ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് കാലത്ത് നിരുത്തരവാദപരമായി പെരുമാറുന്ന സംസ്ഥാന സർക്കാരിന്റെ സമീപനം തികച്ചും അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് കേരള സർക്കാരും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നൽകുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.18 വയസ് വരെ പ്രതിമാസം 2000 രൂപ നൽകുമെന്നും കുട്ടികളുടെ ബിരുദതലം വരെയുള്ള ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്നുമായിരുന്നു സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്.

ഡീൻ കുര്യാക്കോസ് എംപിയുടെ പോസ്റ്റ്

അനാഥത്വത്തിന്റെ ജീവിതഭാരത്തിൽ പ്രതീക്ഷ മങ്ങിയ കുട്ടികൾക്ക് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ നഷ്ടമാകുന്നത് സഹായ ആനുകൂല്യങ്ങൾ. അനാഥരായ കുട്ടികൾക്കുള്ള കേന്ദ്ര സഹായത്തിന് അർഹരായ ഒട്ടേറെ കുട്ടികൾ കേരളത്തിൽ ഉണ്ടെന്നിരിക്കെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലം ആനുകൂല്യങ്ങൾ അർഹമായ കൈകളിൽ എത്താത്ത സാഹചര്യമാണുള്ളത്.

പി.എം കെയേഴ്‌സ് സ്‌കീമിൽ നിന്ന് കോവിഡ് 19 മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്കുള്ള സഹായത്തിനായി കേരളത്തിൽ നിന്നും ആരും രജിസ്റ്റർ ചെയ്തിട്ടില്ലായെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോകസഭയിലെ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. കേരളത്തിൽ 9 കുട്ടികൾ മാത്രമാണ് അനാഥരാക്കപ്പെട്ടതെന്നും 1135.84 ലക്ഷം രൂപയാണ് കുട്ടികളെ സഹായിക്കാനായി കേരളത്തിന് നൽകിയിട്ടുള്ളത്.

പി.എം.കെയേഴ്‌സ് സ്‌കീമിൽന്നും കോവിഡ് 19 മൂലം അനാഥരാക്കപ്പെട്ട ഓരോ കുട്ടിക്കും വേണ്ടി 10 ലക്ഷം രൂപയുടെ സഹായമാണ് നൽകുക.18 വയസ്സ് വരെ മാസാമാസം സ്‌റ്റൈപ്പന്റും ,23 വയസ്സുവരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും ഈ സ്‌കീമിൽ ലഭ്യമാകും. കേരളത്തിൽ നിന്നും ഒരു കുട്ടി പോലും രജിസ്റ്റർ ചെയ്യപ്പെട്ടില്ലായെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

ഇത്തരമൊരു ആനുകൂല്യം ഉള്ളതിനെ പറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുവാൻ പോലും കേരളത്തിലെ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ല. കോവിഡ് കാലത്തും നിരുത്തരവാദപരമായി പെരുമാറുന്ന സർക്കാരിന്റെ സമീപനം തികച്ചും അപലപനീയമാണ് .