തിരുവനന്തപുരം: കെ.സുധാകരനും, വി.ഡി.സതീശനും ഒരുഭാഗത്തും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മറുഭാഗത്തുമായി കോൺഗ്രസിൽ ശീതസമരം തുടരുകയാണ്. ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടികയെ ചൊല്ലി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വീണ്ടും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ അതൃപ്തി അറിയിച്ചതാണ് ഒടുവിലത്തെ സംഭവവികാസം. എ-ഐ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന് സതീശനും സുധാകരനും ഉറ്ച്ച നിലപാട് സ്വീകരിക്കുമ്പോൾ, ഇരുവരും പുതിയ ഗ്രൂപ്പുണ്ടാക്കുകയാണെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം.

ഡിസിസി അദ്ധ്യക്ഷന്മാരെ തീരുമാനിക്കുന്നതിലെ കാലതമാസത്തിലും തർക്കത്തിലും സോണിയാഗാന്ധി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് താരിഖ് അൻവർ ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും ഫോണിൽ വിളിച്ച് സംസാരിച്ചത്. സോണിയാഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണ് ചർച്ച. പരാതി ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് താരിഖ് അൻവർ സോണിയാഗാന്ധിക്ക് റിപ്പോർട്ട് നൽകും. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകണമെന്ന് ചെന്നിത്തല എ ഐ സി സി നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. പാർട്ടിയിൽ ഭിന്നതയെന്ന തോന്നൽ ഉണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും പ്രത്യേക പട്ടികയൊന്നും നൽകാനില്ലെന്നും ചെന്നിത്തല അറിയിച്ചതായും സൂചനയുണ്ട്.

കൂടിയാലോചനകൾ ഇല്ലാതെ പട്ടിക സമർപ്പിച്ചതിലെ പ്രതിഷേധം ഇരു നേതാക്കളും താരീഖിന് അറിയിച്ചു. വനിതകൾക്ക് പ്രാതിനിധ്യം നൽകാതെ രാഷ്ട്രീയ സാഹചര്യം പോലും പരിശോധിക്കാതെയാണ് പട്ടിക സമർപ്പിച്ചതെന്ന വിമർശനമാണ് നേതാക്കൾ ഉന്നയിച്ചത്.പല ജില്ലകളിലും അയോഗ്യരായവർ പട്ടികയിൽ ഇടം നേടിയത് പുതിയ ഗ്രൂപ്പ് രൂപീകരണത്തിന്റെ തെളിവായി ചൂണ്ടിക്കാട്ടുകയാണ് നേതാക്കൾ. മുതിർന്ന നേതാക്കളുടെ പരാതിയെ തുടർന്ന് സോണിയ ഗാന്ധിയുടെ നിർദ്ദേശാനുസരണമാണ് താരിഖ് അൻവ്വർ ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും വിളിച്ചത്.

ചർച്ചകളില്ലാതെ സംസ്ഥാന നേതൃത്വം ഏകപക്ഷീയ തീരുമാനം എടുക്കുന്നു എന്ന രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പരാതിയിലാണ് സോണിയാഗാന്ധിയുടെ ഇടപെടൽ. അംഗീകാരത്തിനായി ഡിസിസി അദ്ധ്യക്ഷന്മാരുടെ പേരുകൾ നൽകിയ ശേഷവും മുതിർന്ന നേതാക്കൾ പരാതിയുമായി രംഗത്തുവന്ന സാഹചര്യത്തെ കുറിച്ച് വിശദാംശങ്ങൾ നൽകാൻ സംഘടന ചുമതലയുള്ള ജന.സെക്രട്ടറിയോട് സോണിയാഗാന്ധി ആവശ്യപ്പെട്ടു.

ഉച്ചക്ക് ശേഷം രമേശ് ചെന്നിത്തലയുമായും ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള നേതാക്കളുമായും താരിഖ് അൻവർ സംസാരിച്ചു. ചർച്ചകൾ തുടരുകയാണെന്നായിരുന്നു താരിഖ് അൻവറിന്റെ പ്രതികരണം. ഓരോ തീരുമാനത്തിലും മുതിർന്ന നേതാക്കളും പുതിയ നേതൃത്വവും ഏറ്റുമുട്ടുന്ന കേരളത്തിലെ സ്ഥിതിയിൽ കടുത്ത അതൃപ്തിയാണ് ഹൈക്കമാന്റിനുള്ളത്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകണമെന്ന നിർദ്ദേശം പുതിയ നേതൃത്വത്തിന് നൽകിയിരുന്നു. അത് നടപ്പാകാത്ത സാഹചര്യമുണ്ടോ എന്ന് ഹൈക്കമാന്റ് പരിശോധിക്കും. അതിന് ശേഷമാകും കേരളത്തിലെ ഡി.സി.സി അദ്ധ്യക്ഷന്മാരുടെ പ്രഖ്യാപനമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഡിസിസി അദ്ധ്യക്ഷന്മാരുടെ പേരുകൾ എഐസിസി നേതൃത്വത്തിന് കേരള നേതാക്കൾ നൽകിയത്. തൊട്ടുപിന്നാലെ മുതിർന്ന നേതാക്കളെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധിച്ച് രംത്തെത്തിയതാണ് ഹൈക്കമാന്റിനെയും കുഴക്കിയത്. ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വിളിച്ച് ഹൈക്കമാൻഡ് നടത്തിയ അനുനയനീക്കങ്ങൾ ഡിസിസി പട്ടികയിലെ തർക്കത്തോടെ പൊളിഞ്ഞിരിക്കുകയാണ്.

സുധാകരൻ സമർപ്പിച്ച പട്ടിക പൂർണമായി തള്ളാതെ മുതിർന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ച് മുന്നോട്ടുപോകാനാണ് സോണിയയുടെ നിർദ്ദേശം. നിലവിലെ പട്ടികയിൽ ചില തിരുത്തലുകൾ വരുത്തി എത്രയും പെട്ടെന്ന് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഹൈക്കമാൻഡ് പങ്കുവയ്ക്കുന്നത്.