കോഴിക്കോട്: പാർട്ടി നിർദ്ദേശങ്ങൾ ലംഘിച്ചതിനെത്തുടർന്ന് പുറത്താക്കപ്പെട്ടവരെല്ലാം ഇപ്പോഴും ഔദ്യോഗിക ലീഗ് സ്ഥാനാർത്ഥികളായി തുടരുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം പാർട്ടി നിർദ്ദേശം ലംഘിച്ചതിന് നടപടി നേരിട്ട ആറു നേതാക്കളാണ് മത്സര രംഗത്തുള്ളത്. പാർട്ടി പുറത്താക്കിയതാണ് ഇവരെയെന്ന് സംസ്ഥാന നേതൃത്വം പറയുന്നുണ്ടെങ്കിലും പ്രാദേശിക ലീഗ് നേതൃത്വങ്ങൾ ഇത് അംഗീകരിക്കുന്നില്ല.

ഔദ്യോഗിക സ്ഥാനാർത്ഥികളായി തന്നെ ഇവരെ ചിത്രീകരിച്ചാണ് പ്രാചരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം നീക്കങ്ങൾക്കെതിരെയാണ് കൊടുവള്ളിയിലെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്. കൊടുവള്ളി മുൻസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ തീരുമാനങ്ങൾക്ക് വിരുദ്ധമായാണ് മുസ്ലിം ലീഗ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ സീറ്റുകളിൽ പലയിടത്തും മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുകയാണ്. കഴിഞ്ഞ നാൽപത് വർഷക്കാലമായി കൊടുവള്ളിയിൽ പല വാർഡുകളിലും മുസ്ലിം ലീഗ് വിമതരെ നിർത്തി ജയിപ്പിച്ച് പിന്നീട് ഇവരെ പാർട്ടിയിൽ നിലനിർത്തുകയാണെന്നും ഇവർ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ പത്ത് സീറ്റ് കോൺഗ്രസിനും 24 സീറ്റ് മുസ്ലിം ലീഗിനും രണ്ട് സീറ്റ് വെൽഫെയർ പാർട്ടിക്കുമാണ് നൽകിയിരുന്നത്. ഇതിൽ ഇരുപത്തഞ്ചാം ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കുകയും ഇവരെ ലീഗ് വിമതനെ ഔദ്യോഗിക സ്ഥാനാർത്ഥിയാക്കി മാറ്റുകയും ചെയ്തു. ഇതോടെ കഴിഞ്ഞ തവണ പതിനൊന്ന് സീറ്റുണ്ടായിരുന്ന കോൺഗ്രസിന് ഒൻപത് സീറ്റായി ചുരുങ്ങി. ഇതിന് പുറമെ പന്ത്രണ്ടാം വാർഡായ കരീറ്റി പറമ്പിൽ ലീഗ് മുൻകൗൺസിലർ വിമതനായി കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ രംഗത്തുണ്ട്. ഇരുപതാം ഡിവിഷനായ പ്രാവിൽ വിമതൻ മുൻസിപ്പാലിറ്റി മുസ്ലിം ലീഗ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പ്രചരണം നടത്തുന്നത്. ഡിവിഷൻ മുസ്ലിം ലീഗ് ഭാരവാഹികളെല്ലാം ഇവർക്കൊപ്പമുണ്ട്. ഈ വിമതനേയോ വിമത പ്രവർത്തനം നടത്തുന്ന നേതാക്കളേയോ ലീഗ് നേതൃത്വം പുറത്താക്കിയിട്ടില്ല. ഇന്നലെ പുറത്തിറക്കിയ യുഡിഎഫ് പ്രചരണ പോസ്റ്ററിൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലാ മുസ്ലിം ലീഗ് പുറത്താക്കിയ മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ എ പി മജീദ് മാസ്റ്ററുടെ ഫോട്ടോയും ഉണ്ട്. സംസ്ഥാന കമ്മിറ്റി പുറത്താക്കിയ ആളുകൾക്ക് ലീഗ് സ്ഥാനാർത്ഥിത്വം നൽകുകയും യുഡിഎഫ് ആണെന്ന് പറഞ്ഞ് ഔദ്യോഗിക പരിവേഷം നൽകുകയുമാണ് ചെയ്യുന്നത്. വിമതരയെും അവരെ കൊണ്ടുനടക്കുന്ന പഞ്ചായത്ത് ഭാരവാഹികളെയും പുറത്താക്കാൻ തയ്യാറാവാത്ത മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ഇതേ സമയം കരുവൻപൊയിൽ ഡിവിഷനിൽ വിമതനായി രംഗത്തെത്തിയ കോൺഗ്രസ് നേതാവിനെയും കൂടെ പ്രവർത്തിച്ച ആറുപേരെയും കോൺഗ്രസ് നേതൃത്വം പുറത്താക്കിയിട്ടുണ്ട്. തിരിച്ച് ഇതുപോലെയുള്ള സമീപനമല്ല ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ജില്ലാ കോൺഗ്രസ് നേതൃത്വമാകട്ടെ ഇക്കാര്യത്തിൽ ലീഗിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നുമില്ല. ഈ സാഹചര്യത്തിൽ മുൻസിപ്പാലിറ്റിയിൽ യുഡിഎഫ് പരാജയപ്പെട്ടാൽ അതിനുത്തരവാദി പ്രാദേശിക ലീഗ് ഘടകമായിരിക്കും. ഇതിന് ലീഗ് വലിയ വില നൽകേണ്ടിവരും. ഇതിന്റെ അലയടി നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പിടി അസ്സയിൻകുട്ടി, മണ്ഡലം കമ്മിറ്റി ട്രഷറർ ഗഫൂർ മുക്കിലങ്ങാടി, മണ്ഡലം ട്രഷറർ ശംസുദ്ദീൻ അപ്പോളോ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ചില മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി മുസ്ലിം ലീഗ് മാർഗരേഖ പുറത്തിറക്കിയിരുന്നു. മൂന്നു തവണ മത്സരിച്ചവർ മത്സരരംഗത്ത് ഉണ്ടാവാൻ പാടില്ലെന്ന് ഇതിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ കീഴ്ഘടകങ്ങൾ ഇത് ലംഘിച്ച് പലയിടങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തി പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. എന്നാൽ ചിലയിടങ്ങളിൽ മാനദണ്ഡങ്ങൾ പ്രകാരം പല പ്രമുഖ നേതാക്കൾക്കും സീറ്റ് നിഷേധിക്കപ്പെടുകയും ചെയ്തു. സീറ്റ് നിഷേധിക്കപ്പെട്ടവർ, ചിലർക്ക് മാനദണ്ഡം പാലിക്കാതെ സീറ്റ് നൽകിയതിനെ എതിർത്ത് രംഗത്തുവന്നു. ഈ സാഹചര്യത്തിലാണ് നിർദ്ദേശങ്ങൾ പാലിക്കാതെ മത്സര രംഗത്തുള്ളവരെ പുറത്താക്കാൻ പാർട്ടി തീരുമാനിച്ചത്.

കോഴിക്കോട് ജില്ലയിൽ മാത്രം പാർട്ടി നിർദ്ദേശം ലംഘിച്ച ആറു മുതിർന്ന നേതാക്കൾക്കെതിരെയാണ് നടപടിയെടുത്തത്. ജില്ലയിൽ കോട്ടൂർ പഞ്ചായത്തിൽ എട്ടാം തവണയും മത്സരിക്കുന്ന ചേലേരി മമ്മുക്കുട്ടി, കൂരാച്ചുണ്ട് പഞ്ചായത്തിൽ അഞ്ചാം തവണയും മത്സരിക്കുന്ന ഒ കെ അമ്മത്, കൊടുവള്ളി നഗരസഭയിൽ അഞ്ചാം തവണയും മത്സരരംഗത്തുള്ള മുൻസിപ്പൽ മുൻ വൈസ് ചെയർമാൻ എ പി മജീദ്, പെരുവയൽ പഞ്ചായത്തിൽ നാലാം തവണയും മത്സരിക്കുന്ന പി കെ ഷറഫുദ്ദീൻ, കുന്ദമംഗലം പഞ്ചായത്തിൽ നാലാം തവണയും മത്സരിക്കുുന്ന ഒ ഹുസൈൻ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. മലപ്പുറത്തും പാർട്ടി നിർദ്ദേശം ലംഘിച്ച് സ്ഥാനാർത്ഥികളായ ആറു പേർക്കെതിരെയും നടപടിയെടുത്തിരുന്നു.

സീറ്റ് കിട്ടാത്തവർ സമ്മർദ്ദമുണ്ടാക്കിയതോടെ ഇവരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് ലീഗിന്റെ നടപടിയെന്ന് ഒരു വിഭാഗം ലീഗ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും പറയുന്നു. സ്ഥാനാർത്ഥികളെ പുറത്താക്കിയതിലൂടെ മാർഗരേഖയിൽ പറഞ്ഞത് നടപ്പാക്കിയെന്ന് നേതൃത്വത്തിന് അവകാശപ്പെടാം. ഇതേ സമയം തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുറത്താക്കിയ നേതാക്കളെയെല്ലാം പാർട്ടി തിരിച്ചെടുക്കുകയും ചെയ്യുമെന്നും ഇവർ പറയുന്നു.

സ്ഥാനാർത്ഥികൾക്കെതിരെ നടപടിയെടുത്തതോടെ പല വാർഡുകളിലും ലീഗിനോ മുന്നണിയ്‌ക്കോ സ്ഥാനാർത്ഥികൾ ഇല്ലാത്ത അവസ്ഥയാണ്. എന്നാൽ പുറത്താക്കപ്പെട്ട സ്ഥാനാർത്ഥികളെല്ലാം ഔദ്യോഗിക ലീഗ്- യു ഡി എഫ് സ്ഥാനാർത്ഥികൾ ആയി തന്നെയാണ് പ്രചരണരംഗത്തുള്ളത്. ഇതിൽ നിന്ന് തന്നെ നേതൃത്വത്തിന്റെ കള്ളക്കളികൾ വ്യക്തമാണെന്ന് ലീഗണികൾ തന്നെ വ്യക്തമാക്കുന്നു. ഔദ്യോഗിക സ്ഥാനാർത്ഥികളുള്ളയിടത്ത് റിബലായി മത്സരിക്കുന്നവർക്ക് നേരെ സ്വീകരിച്ച നടപടി മാത്രമെ നിലനിൽക്കുകയുള്ളുവെന്നും മറ്റുള്ളവർക്കെതിരെയുള്ള നടപടികൾ താത്ക്കാലികം മാത്രമാണെന്നും ലീഗ് നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്.