ബംഗളുരു: പ്രധാനമന്ത്രി മോദിക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു കർണാടക കോൺഗ്രസ്. മോദിക്കെതിരായ 'അൻഗൂത്ത ചാപ്പ്' (നിരക്ഷരനായ മോദി) പ്രയോഗത്തിലാണ് കോൺഗ്രസ് നേതൃത്വം ഖേദം പ്രകടിപ്പിച്ചത്. സോഷ്യൽമീഡിയ മാനേജറുടെ പിഴവ് കാരണമാണ് ഇത് സംഭവിച്ചതെന്ന് കോൺഗ്രസ് വിശദീകരിച്ചു.

രാഷ്ട്രീയ പാർലമെന്ററി സംസ്‌ക്കാരത്തിന് ചേരാത്ത ഭാഷയിൽ പ്രധാനമന്ത്രിക്കെതിരെ പാർട്ടിയുടെ ഔദ്യോഗിക ട്വിറ്ററിൽ വന്ന പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ചതായും പോസ്റ്റ് പിൻവലിക്കുകയാണെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ വ്യക്തമാക്കി.

പുതുതായി ചുമതലയേറ്റ സോഷ്യൽമീഡിയ മാനേജർക്ക് സംഭവിച്ച പിഴവാണ് പോസ്റ്റിൽ വന്ന തെറ്റായ പ്രയോഗത്തിന് കാരണമെന്ന് ഡികെ അറിയിച്ചു.

'കോൺഗ്രസ് സ്‌ക്കൂളുകൾ നിർമ്മിച്ചു. പക്ഷേ മോദി പഠിക്കാൻ പോയില്ല. കോൺഗ്രസ് മുതിർന്നവർക്ക് പഠിക്കാനുള്ള പദ്ധതികളും കൊണ്ടുവന്നു. എന്നാൽ മോദി അപ്പോഴും പഠിക്കാൻ തയ്യാറായില്ല. ഭിക്ഷാടനം നിരോധിച്ചെങ്കിലും രാജ്യത്തെ ജനങ്ങളെ ഭിക്ഷയെടുക്കാൻ പ്രേരിപ്പിക്കുന്നു. 'അൻഗൂത്ത ചാപ്പ്' മോദി കാരണം രാജ്യം കഷ്ടത അനുഭവിച്ചികൊണ്ടിരിക്കുകയാണെന്നുമായിരുന്നു കോൺഗ്രസിന്റെ ട്വിറ്റ്. എഴുത്തും വായനയും അറിയാതെ വിരലടയാളം ഒപ്പായി സ്വീകരിക്കുന്നവരെയാണ് അൻഗൂത്തചാപ്പ് എന്ന കന്നഡ ഭാഷയിലെ പ്രയോഗം കൊണ്ട് അർഥമാക്കുന്നത്.

അൻഗൂത്ത ചാപ്പ് മോദി പ്രയോഗം വൈറലായതിനെ തുടർന്ന് അവഹേളനപരമായ പ്രയോഗമാണെന്ന് വ്യാപക ആരോപണവും ഉയർന്നു. തുടർന്നാണ് കോൺഗ്രസ് പോസ്റ്റ് നീക്കം ചെയ്തത്.