തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കോൺ​ഗ്രസിന് ഊർജ്ജമേകാൻ സജ്ജമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ. തങ്ങളുടെ വാർ റൂം തയ്യാറാണെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറും എഐസിസി സോഷ്യൽമീഡിയ സെൽ കോർഡിനേറ്ററുമായ അനിൽ ആന്റണി വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സോഷ്യൽമീഡിയ പ്രവർത്തനം മാത്രം പോരെന്നും മറിച്ച് സംഘടനാ മികവ് കൂടി വേണമെന്നും അദ്ദേഹം പറയുന്നു.

സോഷ്യൽമീഡിയ ഉള്ളതുകൊണ്ട് മാത്രം ഒരു സംഘടന തെരഞ്ഞെടുപ്പിൽ വിജയിക്കില്ല. മറിച്ച് സംഘടനാ മികവ് കൂടി വേണം. തെരഞ്ഞെടുപ്പ് വാർ റൂം സജ്ജമാണ്. എന്നാൽ മറ്റ് പാർട്ടിക്കാരെ പോലെ ചെയ്യുന്ന കാര്യങ്ങൾക്ക് അധികം പിആർ വർക്കുകൾ ചെയ്യാറില്ല. എങ്കിലും കെപിസിസി, എഐസിസി നേതൃത്വത്തിന്റെ നിർദ്ദേശത്തോടെ തിരുവനന്തപുരത്ത് വാർറൂം തയ്യാറാക്കിയിട്ടുണ്ടെന്നും അനിൽ ആന്റണി പറഞ്ഞു.

താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ കിട്ടിയത് മികച്ച അംഗീകാരമാണ്, എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നാണ് അനിൽ ആന്റണിയുടെ പ്രതികരണം. പ്രചരണത്തിന്റെ തുടക്കത്തിൽ തന്നെ സിപിഐഎമ്മും, ബിജെപിയും പണം വാരി എറിയുകയാണെന്നു ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. സിപി ഐഎമ്മിന്റെ പരസ്യ പണം അഴിമതിയിൽ നിന്ന് ലഭിച്ചതാണ്. 200 കോടി രൂപയുടെ പരസ്യം നൽകിയതിന്റെ ഉപകാര സ്മരണയാണ്മാധ്യങ്ങൾക്ക് ഇപ്പോൾ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.