കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങളുടെ പ്രവചനങ്ങളെയാകെ അപ്രസക്തമാക്കികൊണ്ടുള്ള വിജയം ഇടതുമുന്നണി നേടിയപ്പോൾ ഇത്തവണയും മലബാറിൽ കോൺഗ്രസ് തകർന്നടിഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി മലബാറിൽ നിലമെച്ചപ്പെടുത്തുമെന്ന് പല സർവേ ഏജൻസികളും പ്രവചിച്ചിരുന്നു. അതിന് ഉതകുന്ന സ്ഥാനാർത്ഥി നിർണയവുമായിരുന്നു കോൺഗ്രസ് നടത്തിയത്. എന്നാൽ എല്ലാ കോട്ടകളെയും തകർത്തുകൊണ്ടുള്ള ഇടതുമുന്നണിയുടെ തേരോട്ടം കോൺഗ്രസിന്റെ അവസ്ഥ പിന്നെയും പരിതാപകരമാക്കി.

മലബാറിലെ 6 ജില്ലകളിലുംകൂടി ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആകെ ലഭിച്ചത് 6 സീറ്റ് മാത്രം. കേരളത്തിൽ ആദ്യം കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചത് മലബാറിലായിരുന്നു. ആ മലബാറിലാണ് ഇപ്പോൾ കോൺഗ്രസിന് ദുരവസ്ഥ. 2011 ലെ തിരഞ്ഞെടുപ്പിലും മലബാറിൽ ആകെ 6 സീറ്റായിരുന്നു കോൺഗ്രസിന്റെ സമ്പാദ്യം. 1921ൽ ഒറ്റപ്പാലത്ത് നടന്ന ആദ്യ കെപിസിസി സമ്മേളനത്തിന്റെ നൂറാം വാർഷികത്തിൽ, മലബാറിൽ മാറ്റം പ്രതീക്ഷിച്ചാണ് ഇക്കുറി കോൺഗ്രസ് മൽസരത്തിനിറങ്ങിയത്. എന്നാൽ കോഴിക്കോട് നിന്നും ചുരം കയറിയെത്തിയ ടി. സിദ്ദിഖിലൂടെ കൽപറ്റ തിരിച്ചുപിടിച്ചപ്പോൾ കോൺഗ്രസിന്റെ ചടുലമായ യുവമുഖം വിടി ബൽറാം പ്രതിനിധീകരിച്ചിരുന്ന തൃത്താല നഷ്ടമായി.

എ ക്ലാസ് സീറ്റുകളൊക്കെ കൈവിട്ടു, കൽപറ്റ ഒഴികെ

140 മണ്ഡലങ്ങളെയും എ പ്ലസ്, എ, ബി പ്ലസ്, ബി ക്ലാസുകളായി തിരിച്ചാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനൊരുങ്ങിയത്. സിറ്റിങ്് സീറ്റുകളെ എ പ്ലസ് പട്ടികയിൽപെടുത്തിയ കോൺഗ്രസ് 2011 ലെ തിരഞ്ഞെടുപ്പിൽ നഷ്ടമായ സിറ്റിങ് സീറ്റുകളെയാണ് എ ക്ലാസിൽ പെടുത്തിയിരുന്നത്. അഞ്ച് എ ക്ലാസ് മണ്ഡലങ്ങളാണ് മലബാറിലുണ്ടായിരുന്നത്. കണ്ണൂർ, മാനന്തവാടി, നിലമ്പൂർ, പട്ടാമ്പി, കൽപറ്റ മണ്ഡലങ്ങളാണ് അവ.

എ ക്ലാസ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വലിയരീതിയിലുള്ള പ്രചരണങ്ങളാണ് കോൺഗ്രസ് നടത്തിയത്. അഞ്ചിൽ മൂന്ന് മണ്ഡലങ്ങളെങ്കിലും തിരിച്ചുപിടിക്കാനാകുമെന്ന് അവർ പ്രതീക്ഷ പുലർത്തിയിരുന്നു. എന്നാൽ ഇതിൽ കൽപറ്റ മാത്രമാണ് വിജയിക്കാനായത്. ബാക്കി നാലു മണ്ഡലങ്ങളും ഇത്തവണയും കോൺഗ്രസിനെ കൈവിട്ടു. 35 വർഷത്തോളം യുഡിഎഫ് കോട്ടയായിരുന്ന കണ്ണൂർ മണ്ഡലം ഇക്കുറിയും രണ്ടായിരത്തിൽ താഴെ മാത്രം വോട്ടുകൾക്കാണ് യുഡിഎഫിന് നഷ്ടമായത്. മന്ത്രി കടന്നപ്പള്ളി ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തിയത് കോൺഗ്രസിന്റെ പ്രതീക്ഷകൾക്കേറ്റ മങ്ങലായി.

എഐസിസിയുടെ മേൽനോട്ടവും ഫലം കണ്ടില്ല

ഇത്തവണ മലബാർ പിടിക്കാൻ വിപുലമായ പ്രവർത്തനങ്ങളായിരുന്നു കോൺഗ്രസ് പ്ലാൻ ചെയ്തിരുന്നത്. എഐസിസിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങളെല്ലാം നടന്നത്. 102 ദിവസമാണ് 6 ജില്ലകളിലായി ചെലവിട്ട എഐസിസി സെക്രട്ടറി പി.വി.മോഹൻ താഴെത്തട്ടുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടും ഈ പരാജയം ചെറുക്കാൻ സാധിച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തിനു ശേഷമാണ് മോഹനു മലബാറിന്റെ ചുമതല നൽകിയത്.

ഡിസംബർ അവസാനവാരം മലബാറിലെത്തിയ മോഹൻ കർണാടകയിലേക്കു മടങ്ങിയത് വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം. 6 ജില്ലകളിലെയും നേതൃയോഗങ്ങൾ മുതൽ ഗൃഹസന്ദർശനങ്ങൾക്കു വരെ എഐസിസി സെക്രട്ടറിയെത്തി. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ കർണാടകയിൽ നിന്ന് 60 കോൺഗ്രസ് വൊളന്റിയർമാരുടെ സംഘം മലബാറിലെത്തി. പക്ഷെ ഒന്നും ഫലം കണ്ടില്ല. ആറ് ജില്ലകളിൽ ആറ് സീറ്റെന്ന പഴയ നിലയിൽ തന്നെ കോൺഗ്രസ് തുടർന്നു.

യുഡിഎഫിന് ആകെ കിട്ടിയത് 21

പാലക്കാട് മേഖലയിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ആകെയുള്ളത് 60 മണ്ഡലങ്ങളാണ്. അതിൽ 23 സീറ്റുകളിലാണ് 2016 ൽ യുഡിഎഫ് വിജയിച്ചത്. ഇതിൽ 17 സീറ്റും മുസ്ലിം ലീഗിന്റേതായിരുന്നു. ഇക്കുറി മലബാറിലെ 6 ജില്ലകളിൽ നിന്നായി 35 സീറ്റ് നേടുകയായിരുന്നു യുഡിഎഫ് ലക്ഷ്യം. ഇതിൽ 12 മുതൽ 15 വരെയാണ് കോൺഗ്രസ് ലക്ഷ്യമിട്ടത്. 6 ജില്ലകളിലായി 53 മണ്ഡലങ്ങൾ മാത്രമുണ്ടായിരുന്ന 2001 ൽ ഇതിൽ 15 സീറ്റിൽ വിജയിച്ചതായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷയുടെ അടിസ്ഥാനം. മണ്ഡലങ്ങളുടെ എണ്ണം 60 ആയി വർധിച്ച 2011 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 11 സീറ്റിലാണ് വിജയിച്ചത്. എന്നാൽ പ്രതീക്ഷകളും പ്രവർത്തനവും ഫലം കണ്ടില്ല. കോൺഗ്രസ് വിജയം ആറു സീറ്റിൽ തന്നെ ഒതുങ്ങി. 20 മുതൽ 22 സീറ്റിൽ വരെ വിജയം പ്രതീക്ഷിച്ചിരുന്ന മുസ്ലിം ലീഗിന്റെ സീറ്റ് നില 17 ൽ നിന്ന് 15 ആയി കുറയുക കൂടി ചെയ്തതോടെ മലബാറിൽ യുഡിഎഫിന്റെ കക്ഷിനില 21.

ആറു ജില്ലകളിലായി 31 സീറ്റിലാണ് കോൺഗ്രസ് 2016ൽ മത്സരിച്ചത്. ആറിടത്ത് ജയിച്ചു. പേരാവൂർ, ഇരിക്കൂർ, ബത്തേരി, വണ്ടൂർ, പാലക്കാട്, തൃത്താല മണ്ഡലങ്ങളിലായിരുന്നു കോൺഗ്രസിന്റെ ജയം. കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഒരു സീറ്റ് പോലും ലഭിച്ചില്ല. ഇക്കുറിയും മത്സരിച്ചത് 31 സീറ്റുകളിൽ തന്നെ. 2 ഘടകകക്ഷികൾ മുന്നണി വിട്ടതിനാൽ കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിൽ ഓരോ സീറ്റ് വീതം അധികം ലഭിച്ചെങ്കിലും (തളിപ്പറമ്പ്, കൽപറ്റ, ആലത്തൂർ) കഴിഞ്ഞ വട്ടം കോൺഗ്രസ് മത്സരിച്ച 3 സീറ്റുകൾ (തൃക്കരിപ്പൂർ, നെന്മാറ, കോങ്ങാട്) ഘടകകക്ഷികൾക്കു വിട്ടു നൽകേണ്ടി വന്നു. 31 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ജയിച്ചത് ഇരിക്കൂർ, പേരാവൂർ, ബത്തേരി, കൽപറ്റ, വണ്ടൂർ, പാലക്കാട് മണ്ഡലങ്ങളിൽ മാത്രം. കാസർകോടും കോഴിക്കോട്ടും ഇക്കുറിയും കോൺഗ്രസിന് സീറ്റില്ല. കോഴിക്കോട് കോൺഗ്രസ് അവസാനം ജയിച്ചത് 2001ൽ ആണ്. കാസർകോട് 1987ലും.

കോട്ടകളും കൈവിട്ടു

ദീർഘകാലം കോൺഗ്രസിനൊപ്പം നിൽക്കുകയും പിന്നീട് ഇടതുപക്ഷം പിടിച്ചെടുക്കുകയും ചെയ്ത മണ്ഡലങ്ങളുണ്ട് മലബാറിൽ. ഇടയ്ക്ക് കോൺഗ്രസ് കരുത്തുകാട്ടിയ ഇടതുകോട്ടകളുമുണ്ട്. ഈ ഗണത്തിൽപെടുന്ന കൊയിലാണ്ടി, പൊന്നാനി, ഉദുമ, കോഴിക്കോട് നോർത്ത് മണ്ഡലങ്ങളാണ് കോൺഗ്രസിന്റെ ബി ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലുണ്ടായിരുന്നത്. 2016 ൽ യുഡിഎഫ് മികച്ച പോരാട്ടം നടത്തിയ ഇടതുകോട്ടയായ നാദാപുരവും ഈ പട്ടികയിലായിരുന്നു. ഇതിൽ കൊയിലാണ്ടി, നാദാപുരം, കോഴിക്കോട് നോർത്ത് മണ്ഡലങ്ങളിൽ കോൺഗ്രസ് ഇക്കുറി മികച്ച പോരാട്ടം നടത്തിയെങ്കിലും വിജയിക്കാനായില്ല.

ഇടതുതരംഗത്തിനിടയിലും മൂന്നു മണ്ഡലത്തിലെയും ലീഡ് കുറയ്ക്കാൻ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി. ഉദുമയിൽ തുടക്കത്തിൽ ലീഡ് ചെയ്‌തെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലേക്കാൾ ഭൂരിപക്ഷത്തിലാണ് ഇടതുജയം. മലബാറിൽ വയനാട്ടിൽ മാത്രമാണ് കോൺഗ്രസിന് നേട്ടമുണ്ടാക്കാനായത്. തുടർച്ചയായി നാലാം തിരഞ്ഞെടുപ്പിലും പാർട്ടിക്ക് ഒരു സീറ്റു പോലും നേടാനാകാത്ത കോഴിക്കോട്ട് ഡിസിസി നേതൃത്വത്തിനെതിരെ മുറവിളി ഉയർന്നുതുടങ്ങി.