തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ റോൾ എന്തായിരുന്നു? സ്ഥാനാർത്ഥി നിർണയത്തിൽ മുല്ലപ്പള്ളിയുടെ നോമിനിയായ ആരു തന്നെ എത്തിയിരുന്നില്ലെന്നതാണ് വാസ്തവം. അതേസമയം എ, ഐ വീതംവെപ്പിന് ഉമ്മൻചാണ്ടയും ചെന്നിത്തലയും രംഗത്തിറങ്ങുകയും സ്വന്തം ഗ്രൂപ്പുമായി കെ സി വേണുഗോപാൽ എത്തുകയും ചെയ്തു. തെരഞ്ഞെടുപ്പു പ്രചരണ വേദികളിൽ നേതാക്കൾ പറഞ്ഞത് ആരെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഇല്ലെന്നും കൂട്ടായ നേതൃത്വമാണ് പാർട്ടിയെ നയിക്കുന്നത് എന്നുമായിരുന്നു. എന്നാൽ, ഇങ്ങനെയൊക്കെ പണ്ട് പറഞ്ഞെങ്കിലും തോൽവി ഉണ്ടായതോടെ അതിന്റെ എല്ലാ ഉത്തരവാദിത്തവും മുല്ലപ്പള്ളിയിൽ കെട്ടിവെച്ച് തടിയൂരാനാണ് നേതാക്കൾ ശ്രമിക്കുന്നത്.

ഫലം വന്നതിന് പിന്നാലെ മുല്ലപ്പള്ളിയുടെ രാജിക്കായുള്ള മുറവിളികളാണ് മുഴങ്ങുന്നത്. ചെന്നിത്തല പ്രതിപക്ഷ സ്ഥാനത്ത് തുടരട്ടെ എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവർ തന്നെയാണ് മുല്ലപ്പള്ളിക്കെതിരെ തിരിയുന്നതും. അതേസമയം കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ സ്ഥാനമൊഴിയുകയെന്ന വ്യക്തമായ സന്ദേശം കോൺഗ്രസ് ഹൈക്കമാൻഡ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറിയതായി സൂചനകളും പുറത്തുവരുന്നുണ്ട്. പാർട്ടിയുടെ തോൽവിക്കു പിന്നാലെ പുറത്താക്കി എന്ന പേരുദോഷം ഒഴിവാക്കാൻ സ്വയം ഒഴിയുക എന്ന നിർദ്ദേശമാണ് ഹൈക്കമാൻഡ് മുന്നോട്ടുവച്ചിരിക്കുന്നതെന്ന് എഐസിസി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമാണെന്നാണ്, ഞായറാഴ്ച വൈകിട്ട് മുല്ലപ്പള്ളി പ്രതികരിച്ചത്. വിശദമായ പ്രതികരണം പിന്നീട് നൽകുമെന്ന് അറിയിച്ച അദ്ദേഹം അതിനു ശേഷം മാധ്യമങ്ങളെ കണ്ടിട്ടില്ല. സ്ഥാനമൊയുന്നതു സംബന്ധിച്ച സൂചനയൊന്നും മുല്ലപ്പള്ളി നൽകിയിട്ടില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. രണ്ടു ദിവസത്തിനകം സ്ഥാനമൊഴിയുകയെന്ന നിർദ്ദേശമാണ് ഹൈക്കമാൻഡ് മുന്നോട്ടുവച്ചിട്ടുള്ളത് എന്നാണ് അറിയുന്നത്. അതിനകം രാജി സമർപ്പിക്കുന്നില്ലെങ്കിൽ ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാവും. മുല്ലപ്പള്ളിയെപ്പോലെ ഒരു സീനിയർ നേതാവിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്.

അസമിൽ പാർട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ പിസിസി അധ്യക്ഷൻ റിപുൻ ബോറ രാജിവച്ചിരുന്നു. അതിനേക്കാൾ തിരിച്ചടി നേരിട്ട കേരളത്തിൽ മുല്ലപ്പള്ളി ആ മാതൃക സ്വീകരിക്കുമെന്നാണ് ഹൈക്കമാൻഡ് പ്രതീക്ഷിച്ചത്. മുല്ലപ്പള്ളിയുടെ ഭാഗത്തുനിന്ന് നീക്കമൊന്നും ഇല്ലാത്തതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്. അതിനിടെ വെള്ളിയാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ മുല്ലപ്പള്ളി രാജി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. മുല്ലപ്പള്ളിയുടെ പിൻഗാമിയാരെന്ന ചർച്ചകളും പാർട്ടിയിൽ സജീവമാണ്. കെ സുധാകരന്റെ പേര് ഇതിനകം തന്നെ നേതാക്കൾ ഉയർത്തിക്കാട്ടുന്നുണ്ട്.

അതിനിടെ കോൺഗ്രസിൽ തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് കെ സുധാകരനും പ്രതികരിച്ചിട്ടുണ്ട്. ആലോചിച്ച് ബുദ്ധിപൂർവ്വം തീരുമാനിച്ചാൽ മതിയെന്നും തിരുത്തൽ സാവധാനം മതിയെന്നുമാണ് സുധാകരൻ പറയുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ, മുല്ലപ്പള്ളിയുടെ രാജിക്കായി സമ്മർദ്ദമേറുമ്പോഴാണ് സുധാകരന്റെ പ്രസ്താവന. നേതൃമാറ്റം, പാർട്ടിയും ഹൈക്കമാൻഡും ഉചിതമായി തീരുമാനിക്കും. കൂട്ടത്തോൽവിയിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും കെ സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു.

മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി കെ സുധാകരനെ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയ സമയത്താണ് സുധാകരൻ തന്നെ മാറ്റം സാവകാശം മതിയെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് മറ്റൊരു പ്രബല വിഭാഗം ആവശ്യപ്പെടുന്ന കെ മുരളീധരനും ഇന്നലെ സമാനമായ പ്രസ്താവനയാണ് നടത്തിയത്. കോൺഗ്രസിനെ ചലിപ്പിക്കാൻ സുധാകരൻ തന്നെ വരണമെന്ന് ഇന്ന് രാവിലെ നിയുക്ത പേരാവൂർ എംഎൽഎ സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.

തരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കണ്ണുർ കോൺഗ്രസിൽ അതൃപ്തി പുകയുന്നു.കഴിഞ്ഞ ദിവസം ധർമ്മടം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.രഘുനാഥ് അൽപ്പമെങ്കിലും നാണമുണ്ടെങ്കിൽ മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് പറഞ്ഞിരുന്നു.ഇതിന് തുടർച്ചയായാണ് കണ്ണുരിലെ മറ്റൊരു പ്രമുഖ നേതാവായ അഡ്വ.സണ്ണി ജോസഫും രംഗത്തെത്തിയത്. പരാജയത്തിൽ നിന്ന് പാഠം പഠിച്ച് ശൈലി മാറ്റാൻ നേതൃത്വം തയ്യാറാകണം. കെ.സുധാകരൻ കെപിസിസി പ്രസിഡണ്ട് ആകണമെന്നതാണ് കോൺഗ്രസ് പ്രവർത്തകരുടെ വികാരമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ജനങ്ങളെ ആകർഷിക്കാൻ കഴിവുള്ള കോൺഗ്രസിലെ നേതാവാണ് കെ.സുധാകരൻ. ജനാധിപത്യപരമായാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ശരിയല്ലാത്തൊരു നിലപാട് പറഞ്ഞാലും അദ്ദേഹമത് ഉൾകൊള്ളും. സുധാകരന്റെ വരവിൽ ഗ്രൂപ്പ് തടസമാവില്ലെന്നാണ് കരുതുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഇതിനിടെ ഷാനിമോൾ ഉസ്മാൻ ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും സുധാകരൻ കെപിസിസി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലും തന്റെ കെ.പി.സി സി അധ്യക്ഷ പദവി സ്ഥാനമേറ്റുമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കെ.സുധാകരൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ തെരഞ്ഞെടുപ് തോൽവിയുടെ പശ്ചാത്തലത്തിൽ കണ്ണുർ ഡി.സി.സി നേതൃയോഗം ഇന്ന് ചേരും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ യോഗത്തിൽ നേതാക്കൾ കടുത്ത വിമർശനമുന്നയിക്കാൻ സാധ്യതയുണ്ട്.