മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും മലപ്പുറം ഡി.സി.സി പ്രസിഡന്റുമായ വി.വി. പ്രകാശ് (56) അന്തരിച്ചു. നിലമ്പൂർ എടക്കര സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അഞ്ച് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. പുലർച്ചെ 3.30 ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രകാശിനെ മഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏതാനും മാസം മുമ്പ് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു.

കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം, കെപിസിസി സെക്രട്ടറി, യൂത്ത് കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, റീജനൽ ഫിലിം സെൻസർ ബോർഡ്, സംസ്ഥാന ട്രാൻസ്‌പോർട്ട് അഥോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എടക്കര ഗ്രാമ പഞ്ചായത്ത് അംഗം, എടക്കര ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഫലപ്രഖ്യാപനത്തിന് രണ്ട് ദിവം മാത്രം ബാക്കിയിരിക്കെയാണ് വി വി പ്രകാശിന്റെ വിയോഗം ഉണ്ടായിരിക്കുന്നത്. വിവിധ കോൺഗ്രസ് നേതാക്കളും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും അനുശോചനം അറിയിച്ചു.

കർഷകനായിരുന്ന കുന്നുമ്മൽ കൃഷ്ണൻ നായർ-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിലായിരുന്നു വിവി പ്രകാശ് ജനിച്ചത്. എടക്കര ഗവൺമെന്റ് ഹൈസ്‌കൂളിലും ചുങ്കത്തറ എംപി.എം ഹൈസ്‌കൂളിലുമായി സ്‌കൂൾ പഠനം. മമ്പാട് എം.ഇ.എസ് കോളേജിലും മഞ്ചേരി എൻ.എസ്.എസ് കോളേജിലുമായി കോളേജ് വിദ്യഭ്യാസം. കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

ഹൈസ്‌കൂൾ പഠന കാലത്ത് തന്നെ കെ.എസ്.യു പ്രവർത്തകനായ വി.വി പ്രകാശ് ഏറനാട് താലൂക്ക് ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. പിന്നീട് കെ സി വേണുഗോപാൽ പ്രസിഡന്റായ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായി. കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡന്റായ കെപിസിസി കമ്മിറ്റികളിൽ സെക്രട്ടറിയായ വി വി പ്രകാശ് നാലു വർഷം മുമ്പ് മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡന്റായി നിയമിതനായി.

നിലമ്പൂരിൽ ഇക്കുറി പി വി അൻവറിനെ നേരിട്ട് വിജയം നേടാൻ സാധിക്കുമെന്നാിയരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ പതിനായിരത്തിൽ കൂടുതൽ വോട്ടുകൾക്കാണ് നിലമ്പൂർ മണ്ഡലം കോൺഗ്രസിനു നഷ്ടമായത്. മുൻ വർഷത്തെ അനുഭവം തിരുത്തുമെന്നായിരുന്നു ഇക്കുറി പ്രതീക്ഷിക്കപ്പെട്ടത്. സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയായിരുന്നു വി വി പ്രകാശ്. കളങ്കിനല്ലാത്ത വ്യക്തിയായ അദ്ദേഹത്തിന് മലപ്പുറത്തിന്റെ മണ്ണിൽ പ്രത്യേക സ്ഥാനവുമുണ്ടായരുന്നു.

ഭാര്യ: സ്മിത, മക്കൾ വിദ്യാർത്ഥികളായ നന്ദന (പ്ലസ് ടു ),നിള (നാലാം ക്ലാസ് ). ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകതനായ പ്രശാന്ത് നിലമ്പൂർ സഹോദരനാണ്.