മുംബൈ: ഔദ്യോഗിക രഹസ്യ നിയമത്തിന്റെ നഗ്നമായ ലംഘനത്തിന് റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യം ശക്തമാക്കി കോൺ​ഗ്രസ്. അർണബിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് മുംബൈ ഘടകം പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം സംസ്ഥാന തലത്തിൽ കോൺ​ഗ്രസ് പ്രക്ഷോഭം നടത്തിയതിന് പിന്നാലെയാണ് മുംബൈയിലെ കോൺ​ഗ്രസ് നേതൃത്വം പരാതി നൽകിയത്.

ബാലാകോട്ട് ആക്രമണം മുൻകൂട്ടി അറിഞ്ഞതിന്റെ സൂചനകളോടെയുള്ള അർണബിന്റെ വാട്സാപ് ചാറ്റുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ‘ബാർക്' ഏജൻസിയിലെ മുൻ സിഇഒ പാർഥോ ദാസ്ഗുപ്തയുമായി ചേർന്ന് റിപ്പബ്ലിക് ടിവിയുടെ റേറ്റിങ് കൃത്രിമമായി കൂട്ടി കൂടുതൽ പരസ്യവും വരുമാനവും നേടാൻ ക്രമക്കേട് കാട്ടിയതിന്റെ വിവരങ്ങളും ചോർന്ന വാട്സാപ് ചാറ്റിലൂടെ പുറത്തായിരുന്നു.

ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി നൽകിയതിനൊപ്പം വ്യാജ റേറ്റിങ്ങിലൂടെ പണം തട്ടാനും മോദി സർക്കാർ അർണബിനെ സഹായിച്ചതായി കോൺഗ്രസ് മഹാരാഷ്ട്ര വക്താവ് സച്ചിൻ സാവന്ത് ആരോപിച്ചു. അതീവ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും എന്തുകൊണ്ടാണ് അർണബിനെതിരെ കേന്ദ്ര സർക്കാർ കേസെടുക്കുകയോ, അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു. പ്രക്ഷോഭത്തിനു ശേഷവും കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമ്മർദം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.