ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്കർഷകർ ന‌ടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി കോൺ​ഗ്രസ്. ജനുവരി 15 ന് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. അന്ന് രാജ്ഭവനുകളിലേക്ക് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തും. സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ കഴിഞ്ഞ ദിവസം ന‌ടത്തിയ എട്ടാംവട്ട ചർച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് കോൺ​ഗ്രസ് രാജ്യ വ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നത്.

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാട് എട്ടാംവട്ട ചർച്ചയിലും കർഷക സംഘടനകൾ ആവർത്തിക്കുകയായിരുന്നു. ഘർ വാപ്പസി (വീട്ടിലേക്കുള്ള മടക്കം) ലോ വാപ്പസി (നിയമങ്ങൾ പിൻവലിക്കുന്നതിന്) ക്ക് ശേഷം മാത്രമായിരിക്കുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. എന്നാൽ മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളി. പുതിയ നിയമങ്ങളിൽ തർക്കമുള്ള വ്യവസ്ഥകളിന്മേൽ മാത്രം ചർച്ച നടത്താമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പുതിയ കാർഷിക നിയമങ്ങളെ വിവിധ സംസ്ഥാനങ്ങളിലുള്ള വലിയൊരു വിഭാഗം കർഷകർ സ്വാഗതം ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ മുഴുവൻ താത്പര്യം മനസിൽവച്ചുകൊണ്ട് ചിന്തിക്കണമെന്നും കേന്ദ്രമന്ത്രിമാർ കർഷക സംഘടനകളോട് ആവശ്യപ്പെട്ടു.

മൂന്നര മണിക്കോളം ചർച്ച നീണ്ടുവെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞില്ല. ഏഴ് തവണ നടത്തിയ ചർച്ചയിലും സ്വീകരിച്ച നിലപാട് കർഷക സംഘടനകൾ ഇന്നലെയും ആവർത്തിച്ചു. തുടക്കം മുതൽ കർഷക നേതാക്കൾ മൗനം പാലിച്ചുവെങ്കിലും 'ഒന്നുകിൽ ഇവിടെ ജയിക്കും അല്ലെങ്കിൽ ഇവിടെ മരിക്കും' എന്ന് എഴുതിയ പ്ലക്കാഡുകൾ അവർ ചർച്ചയ്ക്കിടെ ഉയർത്തി. ജനുവരി 15 ന് വീണ്ടും ചർച്ച നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി.

എന്നാൽ കേന്ദ്ര സർക്കാരും നിലപാട് മാറ്റാൻ തയ്യാറായില്ല. നിയമങ്ങൾ നടപ്പാക്കുന്ന കാര്യം സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ എന്ന നിർദ്ദേശം കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരുന്നു. എന്നാൽ അതിനോട് കർഷക സംഘടനകൾ യോജിച്ചില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമം നടപ്പാക്കുകയും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകും. ഇത് കർഷകരെ രണ്ട് തട്ടിലാക്കുന്ന നിലയിലെത്തും എന്ന തിരിച്ചറിയാണ് നിർദ്ദേശം തള്ളാൻ അവരെ പ്രരിപ്പിച്ചത്. സമരം ചെയ്യുന്ന കർഷക സംഘടനകളെ പ്രതിനിധീകരിച്ച് 41 നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, ഭക്ഷ്യ - വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവർ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയ്‌ക്കെത്തി.

ഡൽഹി വിജ്ഞാൻ ഭവനിലായിരുന്നു ചർച്ച. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ സമരം നീണ്ടുപോകുന്ന സാഹചര്യം ഉണ്ടാക്കാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നില്ല. എത്രയും വേഗം സമരം അവസാനിപ്പിക്കാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നുതെന്നാണ് സൂചന. ചർച്ചയിൽ പങ്കെടുക്കുന്ന മൂന്ന് കേന്ദ്ര മന്ത്രിമാരുമായി ചർച്ചയ്ക്കുമുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. കർഷക സംഘടനകളുമായി ഇന്ന് സമവായത്തിൽ എത്തണമെന്ന നിർദ്ദേശമാണ് അമിത് ഷാ കേന്ദ്ര മന്ത്രിമാർക്ക് നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം

അതേസമയം കർഷക സമരം ഒത്തുതീർപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശിക്കുന്ന സമിതിയോട് കേന്ദ്രസർക്കാർ യോജിക്കാൻ സാധ്യതയുണ്ട്. സമിതിയിൽ സമരത്തിലില്ലാത്ത സംഘടനകളെയും ഉൾപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെടും. സുപ്രീം കോടതി ഇടപെട്ടാലും നിയമങ്ങൾ റദ്ദാക്കുന്നത് വരെ മടങ്ങില്ലെന്ന് കർഷകർ പറയുന്നു.