ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഷൂട്ടിങ് ലൊക്കേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. കർഷക പ്രക്ഷോഭത്തിൽ കങ്കണ പുറപ്പെടുവിച്ച പ്രസ്താവനകളാണ് കോൺ​ഗ്രസ് പ്രവർത്തകരെ ചൊടുപ്പിച്ചത്. മധ്യപ്രദേശിലെ ബേടുലിലാണ് സംഭവം. പുതിയ ചിത്രമായ ധാക്കഡിന്റെ ലൊക്കേഷനിലാണ് പ്രതിഷേധം അരങ്ങേറിയത്. കർഷക പ്രക്ഷോഭകർ തീവ്രവാദികളാണ് എന്ന ട്വീററാണ് പ്രതിഷേധത്തിന് കാരണം. തന്റെ ലൊക്കേഷന് പുറത്ത് സമരം ചെയ്യുന്ന പ്രവർത്തകരുടെ വീഡിയോ കങ്കണ തന്നെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എന്റെ ഷൂട്ടിങ് ലൊക്കേഷന് വെളിയിലുണ്ട്, പൊലീസ് എത്തി അവരെ മാറ്റിയെങ്കിലും കാർ മാറ്റി മറ്റൊരു വഴിയിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വന്നു. നിലപാടുള്ള ഒരു സ്ത്രീയുടെ അവസ്ഥ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. കോൺഗ്രസ് പ്രവർത്തകർ മധ്യപ്രദേശിലെ ഷൂട്ടിങ് തടസ്സപ്പെടുത്താൻ ശ്രമിച്ചതിനാൽ എനിക്ക് ചുറ്റും പൊലീസ് സംരക്ഷണം വർദ്ധിപ്പിച്ചു. കർഷകർക്ക് വേണ്ടി പ്രതിഷേധിക്കുന്നു എന്നാണ് കോൺഗ്രസ് എംഎൽഎമാർ പറയുന്നത്. ഏത് കർഷകരാണ് അവർക്ക് ആ അധികാരം നൽകിയത്. എന്തുകൊണ്ടാണ് അവർക്ക് സ്വയം പ്രതിഷേധിക്കാൻ കഴിയാത്തതെന്നും കങ്കണ ചോദിക്കുന്നു.

കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികൾ ആണെന്ന കങ്കണ റണാവത്തിന്റെ പരാമർശം വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു. കർഷകർ വലിയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച പശ്ചാത്തലത്തിലായിരുന്നു കങ്കണയുടെ വിവാദ പരാമർശം.