ഡെറാഡൂൺ: ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ കൂറ്റൻ കട്ടൗട്ടുമായി ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ്. ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട മറ്റ് സൈനികരുടെ ചിത്രവും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രവും സമ്മേളന വേദിയിൽ സ്ഥാപിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിൽ 2022 ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ച് നടത്തിയ റാലിയിലാണ് രാഹുൽ ഗാന്ധിയുടെ കട്ടൗട്ടിനേക്കാൾ വലിയ ബിപിൻ റാവത്തിന്റെ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്. ബിപിൻ റാവത്ത് രാജ്യത്തിന്റെ അഭിമാനമാണെന്നും അതിനാലാണ് അദ്ദേഹത്തിന്റെ കട്ടൗട്ട് സ്ഥാപിച്ചതെന്നുമാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം നൽകുന്ന വിശദീകരണം.

അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കോൺഗ്രസിന്റെ നീക്കമെന്നും പെട്ടെന്നുണ്ടായ സൈനിക സ്നേഹം ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് മനസിലാകുമെന്ന് ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.

സൈനികരുടെ കുടുംബവും മുൻ സൈനികരും ഉത്തരാഖണ്ഡിലെ വലിയ വോട്ട് ബാങ്കാണ്. കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉത്തരാഖണ്ഡിലെത്തി യുദ്ധസ്മാരകത്തിനായി തറക്കല്ലിട്ടിരുന്നു.