ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു ചില മാറ്റങ്ങൾ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. അതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ പാർട്ടി ഇപ്പോഴേ തുടങ്ങികയാണ്. സംഘടനാ തലത്തിൽ പൊളിച്ചെഴുത്തു നടത്തിയ ശേഷം രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തേക്കും. തുടർന്ന് അങ്ങോട്ട് എങ്ങനെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകണം എന്നതിൽ പദ്ധതികൾ ആസൂത്രണം ചെയ്യാൻ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടാനുള്ള ചർച്ചകളും നടക്കും.

പൊളിച്ചെഴുത്തിന്റെ തുടക്കമെന്ന നിലയിൽ സംഘടനാതല അഴിച്ചുപണിയുടെ ഭാഗമായി 'ഒരാൾക്ക് ഒരു പദവി' നയം പാർട്ടിയിൽ കർശനമായി നടപ്പാക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. നേതാക്കളിൽ ചിലർ ഒന്നിലധികം പദവികൾ വഹിക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ എതിർപ്പുയർന്ന സാഹചര്യത്തിലാണിത്. സംഘടനാ തലത്തിൽ കൂടുതൽ നേതാക്കളെ നിയമിക്കാനും കൂടി ലക്ഷ്യമിട്ടാണ് ഒരാൾക്ക് ഒരുപദവി നടപ്പിലാക്കുന്നത്.

പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിനു മുൻപ് അഴിച്ചുപണി നടത്താനാണു ശ്രമം. അധീർ രഞ്ജൻ ചൗധരി (ബംഗാൾ പിസിസി പ്രസിഡന്റ്, ലോക്‌സഭാ കക്ഷി നേതാവ്), കമൽനാഥ് (മധ്യപ്രദേശ് പിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്), കൊടിക്കുന്നിൽ സുരേഷ് (ലോക്‌സഭാ ചീഫ് വിപ്, കെപിസിസി വർക്കിങ് പ്രസിഡന്റ്) തുടങ്ങിയവർ ഒന്നിലധികം പദവികൾ വഹിക്കുന്നുണ്ട്. ഒരാൾക്ക് ഒരു പദവി നയം കർശനമായി നടപ്പാക്കിയാൽ, പദവികളിലൊന്നിൽ നിന്ന് ഇവരെ ഒഴിവാക്കിയേക്കും.

അധീറിനെ ലോക്‌സഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് നീക്കണമെന്ന് കോൺഗ്രസ് എംപിമാരിൽ ഒരു വിഭാഗം ആഗ്രഹിക്കുന്നു. ബിജെപിയെ നേരിടുന്നതിൽ അധീർ പരാജയമാണെന്നാണ് ഇവരുടെ വാദം. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാൻ കഴിയാത്ത സാഹചര്യത്തിൽ, പിസിസി പ്രസിഡന്റ് പദവിയിൽ നിന്ന് അധീറിനെ നീക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ ഏതാനും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അധീറിന് പകരം ശശി തരൂരോ മനീഷ് തിവാരിയോ വരണമെന്നാണ് പൊതുവികാരം. അതേസമയം ഒരാൾക്ക് ഒരുപദവി മാനദണ്ഡം കേരളത്തിൽ ബാധമാക്കിയാൽ കെ മുരളീധരൻ യുഡിഎഫ് കൺവീനർ ആകാനുള്ള സാധ്യതയും കുറയും.

അതിനിടെ രാജ്യത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് അഭ്യൂഹവും ഉടലെടുത്തിരുന്നു. പശ്ചിമ ബംഗാളിൽ എല്ലാ കണക്കുകൂട്ടലുകളും കാറ്റിൽപറത്തി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് തകർപ്പൻ വിജയം നേടിക്കൊടുത്തതടക്കം വിവിധ കക്ഷികളെ അധികാരത്തിന്റെ വഴിയിലേക്ക് ആനയിക്കുന്നതിൽ പ്രശാന്തിന്റെ തന്ത്രങ്ങൾ ഏറെ നിർണായകമായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ 'വിലപിടിപ്പുള്ള' ഈ ചാണക്യൻ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്.

കേവലമൊരു രാഷ്ട്രീയ ചർച്ചകൾക്കപ്പുറം വലിയ മാനങ്ങളുള്ള കൂടിക്കാഴ്ചയാണ് കോൺഗ്രസ് നേതാക്കളുമായി പ്രശാന്ത് കിഷോർ നടത്തിയതെന്നാണ് സൂചന. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രാധാന്യമുള്ള റോളായിരിക്കും അദ്ദേഹത്തിൻേറതെന്നും റിപ്പോർട്ടുകളുണ്ട്. പുറത്ത് പ്രചരിക്കപ്പെടുന്നതുപോലെ ഉത്തർപ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള തന്ത്രങ്ങൾക്കായി മാത്രമായാണ് കോൺഗ്രസ് നേതൃത്വവുമായി പ്രശാന്ത് ചർച്ച നടത്തിയതെന്നത് ശരിയല്ലെന്നും കൂടുതൽ വലിയ കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ വിഷയമായതെന്നും എൻ.ഡി.ടി.വി റിപ്പോർട്ടുചെയ്തു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് ഒരുങ്ങുമ്പോൾ കിഷോറിന് സുപ്രധാന റോൾ ഉണ്ടാകുമെന്നതിന്റെ സൂചനകളാണ് ഉയരുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

'ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചെയ്തിടത്തോളം മടുത്തു. ജീവിതത്തിൽ ഒരു ഇടവേള എടുക്കാനും മറ്റെന്തെങ്കിലും ചെയ്യാനുമുള്ള സമയമാണിത്'- രണ്ടു മാസം മുമ്പ് പ്രശാന്ത് കിഷോർ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. വീണ്ടും രാഷ്ട്രീയത്തിൽ ചേരുമോ എന്ന് ചോദിച്ചപ്പോൾ താൻ പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്നായിരുന്നു മറുപടി. നിതീഷ് കുമാറിന്റെ ജനതാദളിൽ ചേർന്ന പ്രശാന്ത് പിന്നീട് പാർട്ടി വിട്ടിരുന്നു.

ബംഗാളിനു പുറമെ ഈയിടെ തമിഴ്‌നാട്ടിൽ അധികാരത്തിനെത്തിയ ഡി.എം.കെ മുന്നണിക്കു വേണ്ടി പിന്നണിയിൽ കരുക്കൾ നീക്കിയതും പ്രശാന്ത് കിഷോറായിരുന്നു. അസമിൽ കുടുംബവുമൊത്ത് തേയില കൃഷിയിൽ ശ്രദ്ധിക്കാൻ പോവുകയാണെന്നാണ് മേയിൽ അദ്ദേഹം പറഞ്ഞത്. 2017ൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ചേർന്ന സഖ്യത്തിനുവേണ്ടി യു.പി തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനഞ്ഞത് കിഷോറിന്റെ ടീമായിരുന്നു. എന്നാൽ, സഖ്യം ബിജെപിക്കുമുന്നിൽ അടിയറവ് പറഞ്ഞു.

അതേസമയം, പഞ്ചാബിൽ കോൺഗ്രസിനെ അധികാരത്തിലേക്ക് നയിക്കുകയും ചെയ്തു. അതിനുശേഷം കോൺഗ്രസിന്റെ പ്രവർത്തനരീതികളെ പ്രശാന്ത് കിഷോർ വിമർശിച്ചിരുന്നു. 'നൂറുവർഷം പഴക്കമുള്ള പാർട്ടിയാണ് കോൺഗ്രസ്. അവർക്ക് അവരുടേതായ പ്രവർത്തന രീതിയാണുള്ളത്. പ്രശാന്തോ മറ്റുള്ളവരോ നിർദ്ദേശിക്കുന്ന വഴികളിൽ പ്രവർത്തിക്കാൻ അവർക്കാവില്ല. തങ്ങൾക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിക്കാൻ എന്തെങ്കിലും ചെയ്യണമെന്നും കോൺഗ്രസ് തിരിച്ചറിയണം' -മുമ്പ് പ്രശാന്ത് കിഷോർ പറഞ്ഞതിങ്ങനെ.