തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശങ്കുവിലായ രണ്ട് കോർപ്പറേഷനുകളിലെ ഭരണം പിടിക്കാൻ ഇടതു മുന്നണിയുടെ അതിവേഗ നീക്കങ്ങൾ. തൃശ്ശൂരിൽ കോൺഗ്രസ് വിമതനെ ഒപ്പം കൂട്ടി ഭരണം പിടിക്കാൻ എൽഡിഎഫ് ലക്ഷ്യമിടുമ്പോൾ തന്നെ കൊച്ചിയിൽ ലീഗ് വിമതനെ അഷറഫിനെ ഒപ്പം നിൽത്താനുള്ള ശ്രമങ്ങളുമാണ് സിപിഎം ശക്തമാക്കിയത്. ഇവിടെ അഷറഫിനെ സിപിഎം നേതാക്കൾ നേരിലെത്തി കണ്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ തൃശ്ശൂർ കോർപറേഷനിൽ എൽഡിഎഫിന് പിന്തുണയെന്ന് കോൺഗ്രസ് വിമതൻ എം കെ വർഗീസ് പറഞ്ഞു.

ഇവിടെ യുഡിഎഫ് 23 ഇടത്തും എൽഡിഎഫ് 24 ഇടത്തും എൻഡിഎ ആറിടത്തുമാണ് വിജയിച്ചത്. കൂടുതൽ താത്പര്യം എൽഡിഎഫുമായി സഹകരിക്കാനാണെന്ന് എംകെ വർഗീസ് പറഞ്ഞു. എന്തിനും തയ്യാറെന്ന് എൽഡിഎഫ് ഉറപ്പ് നൽകി. യുഡിഫിന്റെ ആരും നേരിട്ട് കണ്ടിട്ടില്ല. കോൺഗ്രസിൽ നിന്ന് മോശം അനുഭവമാണ് നേരത്തെ ഉണ്ടായത്. കോൺഗ്രസിനോടുള്ള പ്രതിഷേധമായിരിക്കും തന്റെ തീരുമാനം. സംസ്ഥാന-ജില്ല കോൺഗ്രസ് നേതൃത്യത്തെ വിശ്വസിക്കാൻ കൊള്ളില്ല. എൽഡിഎഫിന് മുന്നിൽ ഒരു ഉപാധിയും താൻ വെച്ചിട്ടില്ലെന്നും വർഗീസ് പറഞ്ഞു.

വെള്ളിമൂങ്ങ സിനിമയിലെ ചില രംഗങ്ങൾക്ക് സമാനമാണ് തൃശൂരിലെ ഇടത് സ്ഥാനാർത്ഥിയുടെ നിര്യാണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച പുല്ലഴി ഡിവിഷനിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പും മേയറെ തീരുമാനിക്കുന്നതിൽ സ്വാധീനം ചെലുത്തും. ഇത് തങ്ങളുടെ സീറ്റാണെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്.

55 സീറ്റുകളുള്ള കോർപ്പറേഷനിൽ കേവല ഭൂരിപക്ഷത്തിന് 28 സീറ്റുകളെങ്കിലും വേണം. എന്നാൽ, ആർക്കും ഈ സംഖ്യ എത്തിപ്പിടിക്കാനായില്ല.സ്വതന്ത്രരടക്കം 24 സീറ്റുകൾ നേടിയ എൽ.ഡി.എഫാണ് ഏറ്റവും വലിയ മുന്നണി. യു.ഡി.എഫിന് 23 സീറ്റാണ് ലഭിച്ചത്. ഒരുകോൺഗ്രസ് വിമതനും ജയിച്ചു. എൻ.ഡി.എക്ക് ആറുസീറ്റുകളാണ് ഇവിടെ ലഭിച്ചത്. നെട്ടിശ്ശേരിയിൽ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ വിമതൻ എം.കെ. വർഗീസ് 38 വോട്ടിന് വിജയിച്ചു. ഇദ്ദേഹം എൽഡിഎഫിനെ പിന്തുണക്കുമെന്നാണ് അറിയച്ചിരിക്കുന്നത്. ഇതോടെ നിലനിലെ അവസ്ഥയിൽ അഞ്ച് കോർപ്പറേഷനുകളാണ് ഇടതു മുന്നണി വിജയിക്കുന്ന അവസ്ഥയിലുള്ളത്.