തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം നടന്നു. പാലക്കാട് സുൽത്താൻപേട്ട ജംഗ്ഷനിൽ നടന്ന സമരത്തിൽ സംഘർഷമുണ്ടായി. വി കെ ശ്രീകണ്ഠൻ എംപിയും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. സമരത്തിൽ രമ്യ ഹരിദാസ് എംപി അടക്കം പങ്കെടുത്തു.

ഇന്ധനവില വർദ്ധനവിനെതിരായി കോൺഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരത്തിനിടെയാണ് പാലക്കാട് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. പാലക്കാട് സുൽത്താൻപേട്ട് ജങ്ഷനിൽവെച്ച് വി.കെ. ശ്രീകണ്ഠൻ ഉൾപ്പടെയുള്ള കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സമരം നിശ്ചയിച്ച സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ പൊലീസ് തടഞ്ഞെന്നും കയ്യേറ്റം ചെയ്തെന്നും വി കെ ശ്രീകണ്ഠൻ എംപി ആരോപിച്ചു.

നാല് റോഡുകൾ ചേരുന്ന സുൽത്താൻപേട്ട് ജങ്ഷനിൽ ഗതാഗതം തടസ്സപ്പെടുത്തി സമരം ചെയ്യാനാവില്ലെന്ന് പൊലീസ് കോൺഗ്രസ് നേതാക്കളെ അറിയിച്ചു. എന്നാൽ തങ്ങൾ നിശ്ചയിച്ച സ്ഥലം ഇതാണെന്നും സമരം നടത്തുമെന്നും കോൺഗ്രസ് പ്രവർത്തകർ അറിയിക്കുകയായിരുന്നു. ഇതാണ് പൊലീസും പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ ഉന്തും തള്ളിലേക്ക് നയിച്ചത്. വി.കെ. ശ്രീകണ്ഠൻ എംപി, രമ്യ ഹരിദാസ് എംപി തുടങ്ങിയ പ്രമുഖ നേതാക്കൾ സമരത്തിൽ പങ്കെടുക്കാനായി സ്ഥലത്തെത്തിയിരുന്നു.

പതിനഞ്ചു മിനിറ്റാണ് സംസ്ഥാന വ്യാപകമായി പൊതുനിരത്തുകളിൽ വാഹനം നിർത്തിയിട്ടുകൊണ്ടുള്ള കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. കണ്ണൂരിലും പാലക്കാടിന് സമാനമായി കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കണ്ണൂരിൽ യാത്ര പൂർണമായി തടസ്സപ്പെടുത്തിയായിരുന്നു പ്രതിഷേധം. തുടർന്ന് പൊലീസ് സമരക്കാരെ നീക്കി. കൊച്ചിയിൽ ചക്രസ്തംഭന സമരം മേനകാ ജംഗ്ഷനിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ സമരത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കെടുത്തില്ല. കോഴിക്കോട് ചക്രസ്തംഭന സമരം ഉദ്ഘാടനം വൈകി. സമരം ഉദ്ഘാടനം ചെയ്യേണ്ട കെ മുരളീധരൻ എംപി ട്രാഫിക് ബ്ലോക്കിൽ പെട്ടതോടെയാണ് സമരം ഉദ്ഘാടനം ചെയ്യുന്നത് വൈകിയത്.

ഉദ്ഘാടനം വൈകിയെങ്കിലും 11 മണിക്ക് ചക്രസ്തംഭന സമരം ആരംഭിക്കുകയും 15 മിനുട്ടിന് ശേഷം സമരം അവസാനിപ്പിച്ച് വാഹനങ്ങൾ കടത്തിവിട്ടതായി ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ അറിയിച്ചു.