തിരുവനന്തപുരം: രാജീവ് ഗാന്ധിയുടെ മരണത്തിന്റെ ഓർമകൾ മകൾ പ്രിയങ്കാ ഗാന്ധിയെ ഇപ്പോഴും അസ്വസ്ഥയാക്കുന്നത് നേരിട്ട് അനുഭവിച്ച കോൺഗ്രസ് നേതാവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. കെപിസിസി നിർവാഹക സമിതി അംഗവും കാട്ടാക്കട മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന മലയിൻകീഴ് വേണുഗോപാലാണ് അനുഭവക്കുറുപ്പ് പങ്കുവച്ചിരിക്കുന്നത്. രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് ഫെയ്‌സ് ബുക്കിൽ പങ്കുവച്ച അനുസ്മരണ പോസ്റ്റിലാണ് വേണുഗോപാൽ ഇലക്ഷൻ കാലത്തെ തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്.

കാട്ടാക്കടയിലെ സമ്മേളനം കഴിഞ്ഞ് പ്രിയങ്കാ ഗാന്ധിയ്‌ക്കൊപ്പം വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ കരമനയ്ക്കടുത്തുള്ള കുഞ്ചാലുംമൂട് എന്ന സ്ഥലത്ത് വച്ച് പാർട്ടി പ്രവർത്തകർ പടക്കം പൊട്ടിച്ചു. വെടിശബ്ദം കേട്ട് അതുവരെ വാചാലയായിരുന്ന പ്രിയങ്കാ ഗാന്ധി പെട്ടെന്ന് നിശബ്ദയായതായി വേണുഗോപാൽ പറയുന്നു. 'അവർ തലയിൽ കൈവച്ച് വാഹനത്തിൽ കുനിഞ്ഞിരുന്നു. രാജ്യത്തെ ഏറ്റവും കരുത്തയായ സ്ത്രീ ദുർബലയാകുന്നത് അമ്പരപ്പോടെയാണ് ഞാൻ കണ്ടത്. തന്റെ പിതാവിന്റെ മരണദിവസത്തെ ഓർമകൾ അവരെ അത്രത്തോളം വേട്ടയാടുന്നുണ്ട്.' വേണുഗോപാൽ പറയുന്നു.

രാജീവ് ഗാന്ധിയുടെ മരണശേഷം വെടി ശബ്ദങ്ങൾ പ്രിയങ്കാ ഗാന്ധിയെ അസ്വസ്ഥമാക്കുമെന്നും ദീപാവലി ദിവസങ്ങളിൽ വെടിശബ്ദം കേൾക്കാതിരിക്കാൻ വിജനമായ പ്രദേശങ്ങളിലേയ്ക്ക് മാറുമെന്നും അവർ പറഞ്ഞതായി വേണുഗോപാൽ ഓർക്കുന്നുണ്ട്.

മലയിൻകീഴ് വേണുഗോപാലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

എന്റെ യൗവനകാലത്ത് രാജ്യത്തിന്റെയും പാർട്ടിയുടെയും നേതൃത്വം രാജീവ് ജിയുടെ കൈകളിലായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ കൈ പിടിച്ചുയർത്തിയ, പുതിയ കാലത്തെ രാജ്യത്തെ പറ്റി ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്ന ആ ക്രാന്തദർശി ഞങ്ങളെയൊക്കെ ഏറെ സ്വാധീനിച്ച നേതാവായിരുന്നു.

നാല് തവണ തിരുവനന്തപുരത്ത് വന്നപ്പോൾ അദ്ദേഹത്തെ അകലെ നിന്നും പുരുഷാരങ്ങൾക്കിടയിലൂടെ കാണാൻ ഭാഗ്യം ലഭിച്ച എനിക്ക് പിൽക്കാലത്ത് അദ്ദേഹത്തിന്റെ മക്കളോട് അടുത്തിടപഴകാൻ സാധിച്ചുവെന്നത് വലിയ അംഗീകാരമായി കരുതുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എനിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുവാൻ ബഹുമാന്യയായ പ്രിയങ്ക ഗാന്ധി കാട്ടാക്കടയിൽ എത്തിയിരുന്നു. പരിപാടി തുടങ്ങുന്നത് മുമ്പ് തന്നെ അവർ എന്നോട് പേര് ചോദിക്കുകയും മണ്ഡലത്തിലെ സാഹചര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പരിപാടി കഴിഞ്ഞ് ഇറങ്ങാൻ നേരം തിരിച്ചുപോകുന്നത് എന്റെ മണ്ഡലത്തിലൂടെയാണെന്ന് തിരിച്ചറിഞ്ഞ് എന്നോട് വാഹനത്തിൽ ഒപ്പം കയറാൻ ആവശ്യപ്പെട്ടു. അടുത്ത് പോകേണ്ടിയിരുന്നത് ആറ്റുകാൽ ക്ഷേത്രത്തിലേയ്ക്കായിരുന്നു. ഓരോ ജങ്ഷനിലും കാത്തു നിന്ന ആയിരങ്ങൾക്ക് ഇടയിലൂടെ ഞങ്ങൾ തിരികെ പോകുമ്പോൾ ആറ്റുകാൽ ക്ഷേത്രത്തിലെ ആചാരങ്ങളെ പറ്റിയും ക്ഷേത്ര ഐതീഹ്യത്തെ പറ്റിയും ഒക്കെ അവർ എന്നോട് ചോദിച്ചു. ഞാൻ ആറ്റുകാലിന്റെ ചരിത്രവും പ്രസിദ്ധമായ പൊങ്കാലയെ പറ്റിയുമൊക്കെ വിശദമായി പറയുന്നത് ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയും ജിജ്ഞാസയോടെയുമാണ് അവർ കേട്ടിരുന്നത്.

ഞങ്ങൾ പോകുന്ന വഴികളിൽ ജനങ്ങൾ കൂടുകയും പുഷ്പവൃഷ്ടി നടത്തുകയുമൊക്കെ ചെയ്തിരുന്നു. പലപ്പോഴും സെക്യൂരിറ്റി ഗാർഡും പൊലീസും ഇറങ്ങിയാണ് വാഹനത്തിന് പോകാൻ വഴി തെളിച്ചത്. വാഹനം കരമന കുഞ്ചാലുംമൂട് എത്തിയപ്പോൾ പാർട്ടി പ്രവർത്തകർ അവിടെ കെട്ടിയ മാലപ്പടക്കത്തിന് തിരികൊളുത്തി. വെടി ശബ്ദം അന്തരീക്ഷത്തിലുയർന്നപ്പോൾ അതുവരെ വാചാലയായിരുന്ന പ്രിയങ്കാ ജി പെട്ടെന്ന് നിശബ്ദയായി. പെട്ടെന്ന് അവർ തലയിൽ കൈവച്ച് വാഹനത്തിൽ കുനിഞ്ഞിരുന്നു. അവർക്കൊപ്പം ഉണ്ടായിരുന്ന പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ പുറത്തിറങ്ങി അവർക്കടുത്ത് ചെന്ന് '' Its all right Madam, Cool down Madam '' എന്ന് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഈ കാഴ്‌ച്ചകൾ കണ്ട് അമ്പരന്ന് പോയ ഞാൻ ആദ്യം ഇത് സുരക്ഷയുടെ ഭാഗമാണെന്നാണ് കരുതിയത്. എന്നാൽ അതങ്ങനെയായിരുന്നില്ല.

തന്റെ പിതാവിന്റെ മരണശേഷം വെടിശബ്ദം തന്നെ അസ്വസ്ഥയാക്കുമെന്നും, ആ ഇരുണ്ട ദിവസത്തിന്റെ ഓർമകളിലേക്ക് തിരികെ കൊണ്ടു പോകുമെന്നും പിന്നീട് പ്രിയങ്കാജി തന്നെ എന്നോട് പറഞ്ഞു. ദീപാവലി ദിവസങ്ങളിൽ വെടി ശബ്ദങ്ങളിൽ നിന്നും ഒഴിവാകാൻ അവർ റിമോട്ട് പ്രദേശങ്ങളിലേക്ക് മാറുമത്രേ.

രാജ്യത്തെ ഏറ്റവും കരുത്തയായ സ്ത്രീ ദുർബലയാകുന്നത് അമ്പരപ്പോടെയാണ് ഞാൻ കണ്ടത്. തന്റെ പിതാവിന്റെ മരണദിവസത്തെ ആ ഓർമകൾ അവരെ അത്രത്തോളം വേട്ടയാടുന്നുണ്ട്. സ്വന്തം മുത്തശ്ശിയും അച്ഛനും ഒരു പതിറ്റാണ്ടിന്റെ പോലും ഇടവേളയില്ലാതെ കൺമുൻപിൽ ചിതറിതെറിച്ചു കിടക്കുന്നത് കാണേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ ഹൃദയത്തിലുണ്ടാകുന്ന ആഘാതം എന്തായിരിക്കുമെന്ന് ഊഹിക്കാൻ കഴിയുമോ? അത്തരമൊരു അവസ്ഥയെ പറ്റി നമുക്ക് ചിന്തിക്കാനെങ്കിലും കഴിയുമോ? അന്നത്തെ ആ കൊച്ചു പെൺക്കുട്ടിയുടെ ഹൃദയത്തിലേറ്റ ആഘാതം, അത് രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണ്.

രാജീവ്ജീ കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ ആ കറുത്തദിനത്തിന് ഒരു വർഷം കഴിഞ്ഞ നാളിൽ അന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീ. കെ.സി വേണുഗോപാലിനും വി എസ് ശിവകുമാറിനൊപ്പം സന്ദർശിക്കാൻ സാധിച്ചിരുന്നു. 35 കി.മി ഓളം ലോറിയിൽ സഞ്ചരിച്ചാണ് ഞങ്ങളന്ന് അവിടെ എത്തിയത്. രാജീവ് യൂത്ത് ഫൗണ്ടേഷന്റെ ഭാഗമായി 2019 ലെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഡൽഹിയിൽ വച്ച് സംഘടിപ്പിച്ച രാജീവ്ജി ജന്മപഞ്ചസപ്തതി സമാരോഹിൽ ഡോ. മന്മോഹൻ സിങും പങ്കെടുത്തിരുന്നു. ആ പരിപാടിയുടെ മുഖ്യസംഘാടകനെന്ന ദൗത്യം ഏറ്റെടുക്കുമ്പോഴും എന്റെ ഉള്ളിൽ ജ്വലിച്ചിരുന്നത് ആ നല്ല നാളുകളിൽ രാജീവ് ജീ കൊളുത്തിയ വെളിച്ചമായിരുന്നു.

ഈ നാടിന്റെ വളർച്ചയ്ക്ക് വേഗത നൽകിയ രാജീവ് ഗാന്ധി എന്ന ദീർഘദർശിയായ ഭരണാധികാരിയോടുള്ള ആദരവ് വിത്തിനുള്ളിൽ ചെടിയെന്നപോലെ ഈ നാട് അതിന്റെ ഹൃദയ ഉള്ളറകളിൽ എന്നും സൂക്ഷിക്കുകതന്നെ ചെയ്യും.

പ്രണാമം.

മലയിൻകീഴ് വേണുഗോപാൽ