തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കെ എകെജി സെന്ററിൽ തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയതിന് എതിരെ ജില്ലാ കളക്ടർക്കും ഡിജിപിക്കും പരാതി. കൊയ്ത്തൂർകോണം സ്വദേശി അഡ്വ എം മുനീറാണ് പരാതി നൽകിയത്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരെ പകർച്ചവ്യാധി നിയമം അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യണം എന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ട്രിപ്പിൾ ലോക്ക്ഡൗണിനെ തുടർന്ന് വീടിന് പുറത്തിറങ്ങരുത് എന്ന് വ്യവസ്ഥയുള്ളപ്പോൾ എൽഡിഎഫ് നേതാക്കളായ 16 പേർ സാമൂഹിക അകലം പോലും പാലിക്കാതെ നിന്ന് കേക്ക് മുറിച്ച് ആഘോഷിച്ചതായി പരാതിയിൽ പറയുന്നു.

കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രം സിപിഎമ്മിന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചതുൾപ്പെടെ പരാതിക്കൊപ്പം ചേർക്കുന്നു. രാഷ്ട്രിയ, സാമൂഹിക, സാംസ്‌കാരിക ഒത്തുചേരലുകൾ ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിരോധിച്ചിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ചെയ്യുന്ന നിയമ ലംഘനം കൂടുതൽ ഗൗരവത്തോടെ കാണേണ്ടതാണ്. ഇത്തരം പ്രവർത്തികൾ സമൂഹത്തെ സ്വാധീനിക്കുമെന്നും നിയമ ലംഘനം നടത്താൻ അനുയായികളെ പ്രേരിപ്പിക്കുമെന്നും പരാതിയിൽ പറയുന്നു.