മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ബുധനാഴ്ചയിലേക്കാണ് മാറ്റിയത്. ജാമ്യ ഹർജിയിൽ മറുപടി നൽകാൻ ഒരാഴ്ചത്തെ സമയം എൻസിബി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്യൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും.

പ്രതികൾ സമർപ്പിച്ച ഹർജികളിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി)യോട് മറുപടി നൽകാൻ നിർദേശിച്ചാണ് കോടതി വാദം മാറ്റിവെച്ചത്. എൻ.സി.ബി.യുടെ മറുപടി ബുധനാഴ്ച സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

തിങ്കളാഴ്ച രാവിലെയാണ് ആര്യൻ ഖാൻ അടക്കമുള്ളവരുടെ ജാമ്യഹർജികൾ മുംബൈയിലെ പ്രത്യേക കോടതി പരിഗണിച്ചത്. തന്റെ കക്ഷിയിൽനിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും ഇനി എൻ.സി.ബി.യുടെ കസ്റ്റഡിയിൽ വിടേണ്ടതില്ലെന്ന് മജിസ്ട്രേറ്റ് കോടതി പറഞ്ഞിട്ടുണ്ടെന്നും ആര്യൻഖാന്റെ അഭിഭാഷകനായ അമിത് ദേശായി വാദിച്ചു. ആര്യനെതിരേ തെളിവുകളില്ലെന്നും കേസിൽ കൂടുതൽ പ്രതികളെ എൻ.സി.ബി. അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവർക്കൊന്നും ആര്യനുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കേസിൽ അന്വേഷണം തുടരുകയാണെന്നും ആര്യനെ ജാമ്യത്തിൽ വിട്ടാൽ അന്വേഷണത്തെ ബാധിക്കുമെന്നും എൻ.സി.ബിക്ക് വേണ്ടി ഹാജരായ എ.ചിമാൽക്കറും അദ്വൈത് സേത്നയും കോടതിയെ അറിയിച്ചു. ലഹരിമരുന്ന് കേസിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജാമ്യഹർജികളിൽ മറുപടി നൽകാൻ ഒരാഴ്ച സമയം അനുവദിക്കണമെന്നും അഭിഭാഷകർ പറഞ്ഞു. തുടർന്നാണ് ജാമ്യഹർജിയിലെ വാദം ബുധനാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയാണെന്ന് പ്രത്യേക ജഡ്ജി വി.വി. പാട്ടീൽ വ്യക്തമാക്കിയത്. അന്നേദിവസം എൻ.സി.ബി.യുടെ മറുപടി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

പ്രത്യേക എൻഡിപിഎസ് കോടതിയാണ് ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇത് മനുഷ്യാവകാശത്തിന്റെ പ്രശ്‌നം. ആര്യന്റെ പക്കൽ നിന്നും ലഹരിമരുന്ന് കണ്ടെടുത്തില്ല. ഏഴ് ദിവസം കസ്റ്റഡിയിൽ കിട്ടിയിട്ടും ആര്യന്റെ മൊഴിയെടുത്തത് ഒരു തവണ മാത്രമാണെന്നും കോടതി പറഞ്ഞു.

ആര്യന്റെ ജാമ്യാപേക്ഷ നേരത്തെ മുംബൈ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ആര്യനിൽ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലാത്തതിനാൽ എൻസിപിഎസ് ആക്റ്റിനു കീഴിൽ ജാമ്യം നിരസിക്കാനാവില്ലെന്നായിരുന്നു അഭിഭാഷകൻ സതീഷ് മനെഷിൻഡെയുടെ വാദം.

ആര്യൻ ഖാന് പുറമേ അർബാസ് മർച്ചന്റ്, മുൺമുൺ ധമേച്ച, മൊഹക് ജസ്വാൽ, സതിജ തുടങ്ങിയ പ്രതികളും തിങ്കളാഴ്ച ജാമ്യഹർജി സമർപ്പിച്ചിരുന്നു. ഇവരെല്ലാം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആഡംബര കപ്പലിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെയാണ് എൻ.സി.ബി. സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.

കേസിൽ ഒരു നൈജീരിയ സ്വദേശിയെ കൂടി ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാൾ. ഗൊരേഗാവിൽ നിന്നായിരുന്നു എൻ സി ബി സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കൊക്കെയ്‌നും പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അന്വേഷണം ബോളിവുഡിലേക്കും നീങ്ങുകയാണ്. നിർമ്മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ എൻസിബി ചോദ്യം ചെയ്യലടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ബോളിവുഡിൽ പ്രവർത്തിക്കുന്ന ചില വ്യക്തികൾക്ക് ലഹരിമരുന്ന് എത്തിച്ച് നൽകാറുണ്ടെന്നാണ് അറസ്റ്റിലായ പ്രതികളിലൊരാളായ അഞ്ജിത്ത് കുമാർ എൻസിബിക്ക് മൊഴി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇംത്യാസ് ഖത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഇംതിയാസ് ഖത്രിയുടെ വീട്ടിലും ഓഫീസിലും എൻസിബിയുടെ പരിശോധന നടത്തിയെങ്കിലും ലഹരി മരുന്നൊന്നും കണ്ടെത്തിയിട്ടില്ല. മുൻപ് സുശാന്ത് സിംഗിന്റെ മരണ സമയത്തും ഇംതിയാസിന്റെ പേര് ആരോപണ വിധേയരുടെ കൂട്ടത്തിലുണ്ടായിരുന്നു.