ജിദ്ദ: സ്ത്രീ ശാക്തീകരണം സവിശേഷ വാർത്തയായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സൗദി അറേബ്യയിൽ നിന്ന് അത്തരം ഒരു ഇന്ത്യൻ സ്റ്റോറി. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് വാർത്തയുടെ പ്രഭവ കേന്ദ്രം. കോൺസുലേറ്റിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടിരിക്കുന്ന 'പ്രവാസി മഹിളാ കല്യാൺ' ആണ് വാർത്ത. പശ്ചിമ സൗദിയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് ലഭ്യമാക്കുന്ന സേവനങ്ങളിൽ അനുപമ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഇതിലൂടെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ. അതിലേറെ, മലയാളിയായ ഹംന മറിയം സമൂഹക്ഷേമ കോൺസൽ ആയിരിക്കേ അവരുടെ കൂടി പങ്കാളിത്വത്തോടെ ജിദ്ദയിലെ ഇന്ത്യൻ സ്ത്രീ സമൂഹത്തിന് ലഭിക്കുന്ന ഏറ്റവും അർത്ഥവത്തായ സേവനമെന്ന നിലയിലും 'മഹിളാ കല്യാൺ' വിലയിരുത്തപ്പെടുകയാണ്.

ജിദ്ദാ കോൺസുലേറ്റിന്റെ പ്രവർത്തന പരിധിയിൽ കഴിയുന്ന ഇന്ത്യക്കാരായ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ അവർക്ക് സാധ്യമായ സഹായവും സേവനവും ഉപദേശവും ഉറപ്പാക്കുകയെന്ന ഉദ്യേശത്തോടെയാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. ഇതിനായി കോൺസുലേറ്റിലെ വനിതാ ഉദ്യോഗസ്ഥന്മാർ, കൗൺസിലിങ് വിദഗ്ദർ, ഇന്ത്യൻ സമൂഹത്തിലെ പ്രമുഖർ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി പ്രവർത്തിക്കും.

ഇന്ത്യൻ സമൂഹത്തിലുള്ള ഏതു തട്ടിലുമുള്ള ആർക്കും ,മഹിളാ കല്യാണിന്റെ സേവനം അഭ്യർത്ഥിക്കാം. സ്ത്രീകൾ നേരിടുന്ന കുടുംബപരമോ വൈവാഹികമോ ആയ എന്ത് വിഷയങ്ങളിലും വേദിയുടെ സഹായം തേടാം. ഓരോ മാസവും അവസാന വ്യാഴാഴ്ച സ്ത്രീ കാര്യങ്ങൾക്കായി കോൺസുലേറ്റ് ഒരു പ്രത്യേക സെഷൻ നടത്തും.

അതേസമയം, മുൻകൂട്ടി ആവശ്യപ്പെടുന്ന കാര്യങ്ങൾക്കായിരിക്കും സേവനം ലഭ്യമായിരിക്കുകയെന്നും അതിനാൽ സേവനം ആവശ്യമുള്ളവർ മുൻകൂട്ടി രജിസ്റ്റ്രർ ചെയ്യണമെന്നും മഹിളാ കല്യാൺ രൂപവത്കരണം സംബന്ധിച്ച പത്രക്കുറിപ്പിൽ കോൺസുലേറ്റ് ഓർമപ്പെടുത്തി. രജിസ്റ്റർ ചെയ്യാൻ വേണ്ടിയുള്ള ലിങ്ക്: https://forms.gle/VbXXJ1LAJ1L2DosMA

ഇന്ത്യൻ സമൂഹത്തിനുള്ള കോൺസുലേറ്റ് സേവനങ്ങൾ എളുപ്പത്തിലും ഫലപ്രദവും ആക്കുകയെന്ന ഉദ്യേശത്തോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ സവിശേഷമായ സമഗ്ര ആപ്പിന് ശേഷം ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റ് കൈകൊണ്ട ശ്രദ്ധേയമായ കാൽവെയ്‌പ്പാണ് പ്രവാസി മഹിളാ കല്യാൺ. ഇയ്യിടെ കോൺസൽ ജനറൽ ആയി ചുമതലയേറ്റ മുഹമ്മദ് ഷാഹിദ് ആലമിന്റെ നേതൃത്വത്തിലുള്ള ജിദ്ദയിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രത്തിന് അഭിമാനിക്കാവുന്ന മറ്റൊരു നേട്ടം കൂടിയായി പുതിയ സംരംഭം.