തൃശൂർ: തലമുടി കൊഴിച്ചിൽ തടയാനുള്ള ഷാംപുവിന്റെ പരസ്യം വിശ്വാസിച്ചു വാങ്ങി മുടി കൊഴിഞ്ഞു പോയവർ അനവധിയാണ്. ഇവരൊന്നും പരസ്യത്തിലെ ഫലം കിട്ടിയില്ലെന്ന് കാണിച്ചു നിയമപോരാട്ടത്തിന് പോയിട്ടില്ല. ചിലർ നിയമ പോരാട്ടത്തിന് പോയപ്പോൾ കുടുങ്ങിയത് പരസ്യത്തിൽ അഭിനയിച്ച ചില സിനിമാക്കാരാണ്. ഇത്തരത്തിൽ തട്ടിപ്പു പരസ്യങ്ങളെ തുറന്നു കാട്ടാനും അവർക്കെതിരെ നിയമ പോരാട്ടം നടത്താനും പലരും രംഗത്തു വരാറുണ്ട്.

അത്തരത്തിൽ പരസ്യത്തിൽ വിശ്വസിച്ചു പണി കിട്ടിയതോടെ പകരം വീട്ടാൻ ഇറങ്ങിത്തിരിച്ച ഒരു ചാലക്കുടിക്കാരൻ ഇപ്പോൾ നാട്ടുകാരുടെ ഹീറോയാണ്. കണ്ണടയിൽ പോറലുണ്ടാവില്ലെന്ന പരസ്യം തട്ടിപ്പാണെന്നു വന്നതോടെ ആളൂർ സ്വദേശി നടത്തിയതു 3 വർഷത്തെ നിയമ പോരാട്ടമാണ്. ഈ നിയമപോരാട്ടത്തിന് ഒടുവിൽ അനുകൂല വിധി നേടി.

മൂന്നുവർഷം മുൻപ് ചാലക്കുടിയിലെ കടയിൽ നിന്നാണ് പേരെടുത്ത ബ്രാൻഡിന്റെ കണ്ണട വാങ്ങിയത്. പോറൽ ഏൽക്കില്ലെന്നതിനു തെളിവായി കരിങ്കൽ ചീളിനൊപ്പം ലെൻസ് ഇട്ട് കുടഞ്ഞശേഷം പുറത്തെടുക്കുന്ന വിഡിയോയും കാട്ടിക്കൊടുത്താണ് കമ്പനി ലെൻസ് വിറ്റത്. ഇതെല്ലാം കണ്ട് ഉഗ്രൻ കണ്ണടയാണല്ലോ എന്നുവിചാരിച്ചാണ് ആളൂർ വെള്ളാഞ്ചിറ ചേരമാൻ തുരുത്തിൽ ഫ്രാൻസിസ് കണ്ണട വാങ്ങിയത്.

രാത്രി യാത്രയുള്ളതിനാൽ എതിരെയുള്ള വാഹനങ്ങളിൽ നിന്നുള്ള ഹെഡ്ലൈറ്റിലെ വെളിച്ചം കുറയ്ക്കുന്ന നൈറ്റ് വിഷൻ സംവിധാനവും കണ്ണടയിൽ ഉണ്ടെന്നായിരുന്നു അവകാശവാദം. 5400 രൂപകൊടുത്തു വാങ്ങിയ കണ്ണടയിൽ പക്ഷേ, നൈറ്റ്‌വിഷൻ സംവിധാനം ഫലപ്രദമായിരുന്നില്ല. ഇതിനെത്തുടർന്നു തിരിച്ചു നൽകിയപ്പോഴാണ് കണ്ണടയിൽ പോറൽ വരുത്തിയതിനാലാണ് നൈറ്റ് വിഷൻ കിട്ടാത്തതെന്ന് കമ്പനിക്കാർ പറഞ്ഞത്.

അപ്പോൾ പോറൽ വീഴില്ലെന്ന് പരസ്യത്തിൽ ഉണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയതോടെ ഉത്തരംമുട്ടി. എന്നാൽ കണ്ണട മാറ്റിത്തന്നതുമില്ല. ഒടുവിൽ ഉപഭോക്തൃഫോറത്തിൽ പരാതി നൽകി. ഇവിടെയും നീതി വൈകി. 3 വർഷത്തെ പോരാട്ടത്തിനൊടുവിൽ 30,000 രൂപ നഷ്ടപരിഹാരം ലഭ്യമാക്കാനാണു വിധിച്ചത്.