ഇടുക്കി: തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ കരാറുകാരന്റെ ആത്മഹത്യാ ശ്രമം. നിർമ്മാണം പൂർത്തിയാക്കിയ ശേഷം ബില്ല് മാറി നൽകാത്തതിൽ പ്രതിഷേധിച്ചാണ് കൃഷി ഓഫീസർക്ക് മുന്നിൽ സുരേഷ് എന്ന കരാറുകാരൻ പെട്രോൾ ശരീരത്തിലൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സും പൊലീസും ബലം പ്രയോഗിച്ചാണ് ഇയാളെ കീഴടക്കിയത്.

മറയൂർ പഞ്ചായത്തിലെ കാർഷിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ജലസേചന പദ്ധതിയുടെ ഭാഗമായ കിണറുകളുടെ നിർമ്മാണത്തിന് ചെലവായ പണം നൽകിയില്ലെന്നാണ് സുരേഷ് പറയുന്നത്. നിർമ്മാണം പൂർത്തിയാക്കി എട്ടു മാസമായിട്ടും കൃഷി വകുപ്പ് ബിൽ പാസാക്കാൻ തയാറാക്കുന്നിലെന്നും സുരേഷ് ആരോപിച്ചു. ഒരു കിണറിന് ഇരുപത്തിയഞ്ചു ലക്ഷം രൂപയായിരുന്നു കരാർ തുക. ഇത്തരത്തിൽ നാലു കിണറുകളാണ് നിർമ്മിച്ചത്. ഇവയുടെ പരിശോധനയും പൂർത്തിയാക്കി.

എന്നാൽ ബിൽ പാസാക്കാൻ സാധിക്കില്ലെന്നും കിണറുകളുടെ നിർമ്മാണത്തിൽ അപാകത ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് എൽ എസ് ജി എൻജിനിയറാണെന്നു പ്രിൻസിപ്പൽ കൃഷി ഓഫിസർ പറയുന്നു. കലക്ടറുടെ അനുമതി ലഭിച്ചാലെ തുക നൽകാൻ സാധിക്കു എന്നും കൃഷി ഓഫിസർ വ്യക്തമാക്കി.സംഭവത്തെക്കുറിച്ച് കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. കരാറുകാരനെതിരെ ആത്മഹത്യാഭീഷണിക്ക് പൊലീസ് കേസെടുത്തു.