മുംബൈ: വാക്‌സീൻ വിതരണത്തെ കുറിച്ച് ട്വിറ്ററിൽ ചോദിച്ചയാളെ അസഭ്യം പറഞ്ഞ് മുംബൈ മേയർ കിഷോരി പെഡ്‌നേകർ. കോവിഡ് വാക്‌സീൻ വിതരണത്തിന്റെ കരാർ ആർക്കാണ് നൽകിയതെന്ന ചോദ്യത്തിനാണ് 'നിങ്ങളുടെ അച്ഛന്' എന്ന് മേയർ മറുപടി നൽകിയത്.

മറുപടി വിവാദമായെന്ന് തിരിച്ചറിഞ്ഞതോടെ മേയർ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ അതിനകം ട്വീറ്റ് വൈറലായിരുന്നു. മേയറെ പോലെ ഒരാളിൽനിന്നും പ്രതീക്ഷിക്കുന്ന വാക്കുകളല്ല ഇതെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ കുറച്ച് കൂടി സഭ്യമായ ഭാഷയിൽ പൊതുവിടങ്ങളിൽ പെരുമാറണമെന്നും പ്രതിപക്ഷം വിമർശിച്ചു.

ശിവസേനാ നേതാവാണ് കിശോരി പെഡ്‌നേകർ. മേയർ പദവിയുടെ അന്തസ്സിന് ചേർന്ന പെരുമാറ്റമാണ് വേണ്ടതെന്ന് സമാജ്വാദി പാർട്ടിയും കുറ്റപ്പെടുത്തി.

മുംബൈയുടെ 77ാം മേയറായി 2019ലാണ് പെഡ്‌നേകർ സ്ഥാനമേറ്റത്. സ്വന്തം ജീവൻ അവഗണിച്ചും മുംബൈക്കാർക്കായി കോവിഡ്കാലത്ത് നടത്തിയ പ്രവർത്തനങ്ങളിലൂടെ പെഡ്‌നേകർ കയ്യടി നേടിയിരുന്നു. അതേ മേയർ തന്നെയാണ് സമൂഹമാധ്യമത്തിൽ സഭ്യമല്ലാത്ത ഭാഷയിൽ പെരുമാറിയതെന്നത് ഞെട്ടലുണ്ടാക്കുന്നുവെന്ന് ട്വിറ്ററിൽ പലരും അഭിപ്രായപ്പെട്ടു.