ഗുരുഗ്രാം: ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന്റെ പ്രതികാരമായി നേപ്പാൾ സ്വദേശിയായ കുക്ക് ബ്ലാക്ക് മെയിൽ ചെയ്യുന്നതായി കുടുംബത്തിന്റെ പരാതി. ഫ്ലാറ്റിലെ ബാത്ത്റൂമിൽ ഹിഡൻ ക്യാമറ സ്ഥാപിച്ച് പകർത്തിയ കുടുംബാംഗങ്ങളുടെ അശ്ലീലദൃശ്യങ്ങളുടെ ക്ലിപ്പിങ്ങുകൾ കൈവശം ഉണ്ടെന്ന് പറഞ്ഞായിരുന്നു ബ്ലാക്ക് മെയിലിങ്. സോഷ്യൽമീഡിയയിൽ വീഡിയോ അപ്ലോഡ് ചെയ്യാതിരിക്കാൻ പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ ഫ്ലാറ്റിലാണ് സംഭവം. തേജ് ബഹദൂർ എന്ന നേപ്പാൾ സ്വദേശിയെയാണ് അടുത്തിടെ പറഞ്ഞുവിട്ടത്. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി തുടങ്ങിയതിനെ തുടർന്നാണ് കുക്കിനെ പറഞ്ഞുവിട്ടതെന്ന് വീട്ടുകാർ പറയുന്നു.

മെയ് 15നാണ് തേജ് ബഹദൂറിനെ പറഞ്ഞുവിട്ടത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി കൊണ്ട് വീട്ടുടമസ്ഥന്റെ വാട്സ്ആപ്പിൽ നിരവധി വോയ്സ് മെസേജുകൾ 25കാരൻ അയച്ചു എന്നതാണ് പരാതി. കുടുംബാംഗങ്ങളുടെ അശ്ലീല വീഡിയോ ക്ലിപ്പുകൾ കൈയിൽ ഉണ്ട് എന്ന് പറഞ്ഞായിരുന്നു ഭീഷണി. ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കിൽ സോഷ്യൽമീഡിയയിൽ വീഡിയോ അപ്ലോഡ് ചെയ്യുമെന്ന് ബ്ലാക്ക് മെയിൽ ചെയ്തതായും പരാതിയിൽ പറയുന്നു.

ഭീഷണിക്ക് പിന്നാലെ വീട്ടിലെ ബാത്ത്റൂമുകളിൽ പരിശോധന നടത്തിയെങ്കിൽ അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. ഫ്ലാറ്റിൽ നിന്ന് പോകുന്നതിന് മുൻപ് ഹിഡൻ ക്യാമറകൾ കൊണ്ടുപോയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിലെ ഒരംഗത്തെ പോലെയാണ് തേജ് ബഹദൂറിനെ കണ്ടിരുന്നതെന്ന് പരാതിയിൽ പറയുന്നു.