ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന അവസ്ഥയിൽ എല്ലാം പിടിവിട്ട അവസ്ഥയിൽ. ഇന്നലെ രാജ്യത്താകമാനം കോവിഡ് ബാധിതരായവരുടെ എണ്ണം മൂന്നര ലക്ഷത്തിനരികെ എത്തി. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇപ്പോൾ കോവിഡിന് ചികിത്സയിലുള്ളവരുടെ എണ്ണം 26,82,751 ആയി. 2,767 പേർക്കാണ് ഇന്നലെ കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. ഇതോടെ ആകെ മരണം 1,92,311 ആയി.

ഇതുവരെ രാജ്യത്ത് 1,69,60,172 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ 1,40,85,110 പേർ രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 14,09,16,417 പേർക്ക് ഇതുവരെ വാക്‌സിൻ നൽകുകയും ചെയ്തു. അതേസമയം, രാജ്യത്തെ വിവിധ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തന്നെ തുടരുകയാണ്. മയൂർ വിഹാറിലെ ജീവൻ അന്മോൾ ആശുപത്രിയിൽ രണ്ടു മണിക്കൂറിലേക്ക് മാത്രമുള്ള ഓക്‌സിജനാണ് ശേഷിക്കുന്നത്. ഇവിടെ ഓക്‌സിജൻ സഹായത്തിൽ കഴിയുന്നത് 60 രോഗികളാണ്. ഗംഗാറാം ആശുപത്രിയിൽ അഞ്ച് ടൺ ഓക്‌സിജൻ എത്തിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ച ഡോക്ടർക്ക് ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിൽ കിടക്ക ലഭിച്ചത് നാലുമണിക്കൂറിന് ശേഷമെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ കോവിഡ് പ്രതിസന്ധി മോശമായതിന്റെ സൂചനയാണിതെന്നാണ് ഉയരുന്ന പ്രതികരണം. ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ മീഡിയ ചാർജ് കൂടിയുള്ള ഡോ. മനീഷ് ജാൻഗ്രക്കാണ് ദുരനുഭവം നേരിട്ടത്. ആർ.എം.എൽ ആശുപത്രിയിൽ ജോലിചെയ്തു വരികയായിരുന്നു അദ്ദേഹം. ഡോ. മനീഷ് തന്റെ അനുഭവം വിവരിക്കുന്ന വിഡിയോയും പുറത്തുവന്നു. റസിഡന്റ് ഡോക്ടർമാരുടെയും മറ്റും അംഗങ്ങളുടെയും പരിശ്രമത്തിന്റെ ഫലമായാണ് നാലുമണിക്കൂറിന് ശേഷം ആശുപത്രിയിൽ കിടക്ക ലഭിച്ചതെന്ന് ഡോ. ജാൻഗ്ര പറയുന്നു.

അവിടെ ജോലി ചെയ്യുന്ന തന്നെ പരിശോധിക്കാൻ മൂന്നുമണിക്കൂറിലധികമെടുത്തു. കാരണം ആശുപത്രി മാനേജ്‌മെന്റ് വി.ഐ.പി രോഗികളെക്കുറിച്ച് ആശങ്കാകുലരായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യനില മോശമായതിനാൽ തനിക്ക് ഓക്‌സിജന്റെ ആവശ്യകതയുണ്ടായിരുന്നു. ജീവൻ നിലനിർത്തുന്നതിനായി മറ്റൊരു രോഗിക്കൊപ്പം ഒരേ കിടക്കയിൽ കിടക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.

എന്നാൽ ഡോ. മനീഷിന്റെ ആരോപണങ്ങൾ ആർ.എം.എൽ ആശുപത്രി തള്ളി. അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയാണെന്നും ആശുപത്രിയിൽ കോവിഡ് ചാർജുള്ള ഡോ. എംപി.എസ്. ചൗള പറഞ്ഞു. മനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമുതൽ എല്ലാ ചികിത്സയും നൽകിയിരുന്നു. ആശുപത്രിയിലെ ഡോക്ടറായതിനാൽതന്നെ പ്രത്യേക ചികിത്സ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.