ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാംതരഗത്തിൽ രോഗവ്യാപനം അതിവേഗത്തിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,211 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,028 പേർ രോഗമുക്തി നേടി.

271 പേർ മരിച്ചു. ഇതോടെ ആകെ മരണം 1,62,114 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,20,95,855 ആയെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 1,13,93,021 പേർക്കാണ് ഇതുവരെ രോഗമുക്തി. നിലവിൽ 5,40,720 പേരാണ് ചികിത്സയിലുള്ളത്.

ഇതുവരെയായി 6,11,13,354 പേരാണ് പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

മഹാരാഷ്ട്രയിൽ ദിവസങ്ങളായി വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സമാനമായി രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് തമിഴ്‌നാട്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളും. കഴിഞ്ഞ രണ്ട് ദിവസമായി കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ

കടുത്ത ജാഗ്രത തുടരണമെന്ന് വ്യക്തമാക്കുന്നതാണ് രണ്ടാം തരംഗത്തിന്റെ രോഗവ്യാപന രീതി. രണ്ടാം തരംഗത്തിൽ രോഗവ്യാപനവും മരണനിരക്കും ആദ്യത്തേതിനേക്കാൾ ഉയർന്നു. തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ അത് കഴിയുന്നതോടെ രോഗം വർധിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ നേരത്തേതന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഒറ്റയാഴ്ചയിൽ 1,78,000-ത്തിലധികം പേർ പുതുതായി രോഗബാധിതരായി. കഴിഞ്ഞ മാർച്ചിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തതിനുശേഷം ഒറ്റയാഴ്ചയിൽ ഇത്രയധികം രോഗികൾ ഉണ്ടാവുന്നത് ഇതാദ്യമാണ്. രോഗവ്യാപനത്തിന്റെ ഈ നിരക്കാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. കഴിഞ്ഞ ജൂലായ്, 

ഓഗസ്റ്റ് മാസങ്ങളിൽ രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം 30,000-ത്തിൽനിന്ന് 60,000 ആയത് 23 ദിവസങ്ങൾകൊണ്ടാണ്. എന്നാൽ, രണ്ടാംതരംഗത്തിൽ പത്തുദിവസങ്ങൾകൊണ്ടുതന്നെ ദിവസേനയുള്ള രോഗികളുടെ എണ്ണം 30,000-ത്തിൽനിന്ന് 60,000 ആയി. ഇപ്പോൾ ദിവസേന ഈ സംഖ്യ 68,000-ത്തിനു മുകളിലാണ്. നേരത്തേ ഒറ്റദിവസം 98,000 പുതിയ കേസുകൾവരെ എത്തിയിരുന്നു. എന്നാൽ, പിന്നീട് രോഗം താഴോട്ടുപോയി.