തിരുവനന്തപുരം: ജനിതക മാറ്റം സംഭവിച്ച കോവിഡ് ബി.1.617.2 ഇന്ത്യൻ വകഭേദമാണ് കേരളത്തിൽ അതിവേഗ രോഗവ്യാപനം ഉണ്ടാകാൻ കാരണമെന്ന് ആരോഗ്യവകുപ്പ്. കേരളത്തിൽ ഈ വകഭേദം വളരെ വ്യാപകമാണെന്നാണ് പഠനങ്ങളിൽ വ്യക്തമായത്. രോഗം ബാധിക്കുന്നവരിൽ 90 ശതമാനത്തിനു മുകളിൽപേർക്ക് ഈ വൈറസ് രോഗം പടർത്തിയിട്ടുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു.

രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും ഉള്ളതുപോലെ ജനിതകമാറ്റം വന്ന ഈ വൈറസ് വകഭേദമാണ് കേരളത്തിൽ കൂടുതൽ കാണുന്നത്. എല്ലാ ജില്ലകളിലും ഈ വൈറസ് വ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

ഡിസംബറിൽ സംസ്ഥാനം നടത്തിയ സർവേയിൽ ജനസംഖ്യയിൽ 11% പേർക്കാണ് കോവിഡ് ബാധിച്ചിരുന്നത്. ദേശീയതലത്തിൽ ഇത് 22% ആയിരുന്നു.

വൈറസ് വേഗത്തിൽ പടർന്നു പിടിക്കുമ്പോൾ രോഗികളുടെ എണ്ണം കൂടും. ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടുമ്പോൾ സേവനങ്ങൾ ലഭിക്കുന്നതിനു കാലതാമസം ഉണ്ടാകുന്നത് പ്രശ്‌നങ്ങൾക്കിടയാക്കാം.

ഇപ്പോൾ സംസ്ഥാനത്തെ രോഗബാധ ജനസംഖ്യയുടെ 20 ശതമാനത്തിനു മുകളിൽ പോയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ കണക്കുകൂട്ടുന്നു. വാക്‌സിനേഷൻ വേഗം പൂർത്തിയായില്ലെങ്കിൽ മൂന്നാം തരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകുന്നു.

കേരളത്തിൽ രോഗം പടരാൻ കാരണം തിരഞ്ഞെടുപ്പ് അല്ലെന്നും ഈ വൈറസ് വകഭേദമാണെന്നും വിദഗ്ദ്ധർ പറയുന്നു. തിരഞ്ഞെടുപ്പാണ് കാരണമെങ്കിൽ രണ്ടാഴ്ച കഴിയുമ്പോൾ രോഗവ്യാപനം കുറയുമായിരുന്നു. 'വൈറസിന്റെ ഈ പുതിയ വകഭേദമാണ് രോഗികളുടെ എണ്ണം കൂട്ടിയതെന്ന് അനുമാനിക്കാം. രാജ്യത്തെ മറ്റു സ്ഥലങ്ങളിലെന്നപോലെ ഈ വൈറസ് വകഭേദമാണ് സംസ്ഥാനത്ത് കൂടുതലായി കാണുന്നത്' സർക്കാർ വിദഗ്ധസമിതി അംഗം ഡോ. കെ.പി. അരവിന്ദൻ പറയുന്നു.

മധ്യപ്രദേശിലാണ് ഈ വൈറസ് വകഭേദം ആദ്യം കണ്ടെത്തിയതെങ്കിലും മഹാരാഷ്ട്രയിലാണ് വേഗം പടർന്നു പിടിച്ചത്. അവിടെ നിന്നായിരിക്കും കേരളത്തിലേക്ക് എത്തിയതെന്നു കരുതുന്നു. മരണം കൂടാൻ കാരണം ഈ വൈറസ് അല്ലെന്നു വിദഗ്ദ്ധർ പറയുന്നു.