ടെൽ അവീവ്: ഇന്ത്യയിൽ കോവിഡ് അതിവേഗ വ്യാപനത്തിലേക്ക് കടന്നതോടെ കാര്യങ്ങളെല്ലാം തകിടം മറികയുകയാണ്. നിരവധി പേർ മരിച്ചു വീഴുകയും ഓക്‌സിജനുകൾ പോലും ലഭ്യമാകാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അതേസമയം വാക്‌സിനേഷൻ അതിവേഗത്തിലാക്കേണ്ട ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ് നിർദ്ദേശം നൽകി കഴിഞ്ഞു. വാക്‌സിനേഷൻ വേഗത്തിലാക്കണം എന്നതാണ് സിങിന്റെ പ്രധാന ഉപദേശം. വാക്‌സിനേഷൻ അടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യക്ക് കണ്ടു പഠികകാൻ മറ്റൊരു രാജ്യമാണ്. ലോകത്തെ ഏതുപ്രതിസന്ധിയെയും അനായാസം നേരിടുന്ന ഇസ്രയേൽ.

വാക്സിനേഷൻ ഫലം കണ്ടതോടെ രോഗ വ്യാപനം കുറഞ്ഞുവെന്നും, അതിനാൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൊണ്ടു വന്ന നിർബന്ധിത മാസ്‌ക് ധരിക്കൽ ചട്ടം ഒഴിവാക്കിയെന്നും ഇസ്രയേൽ ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഇനി രാജ്യത്ത് പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നില്ല. അടുത്ത ദിവസം മുതൽ സ്‌കൂളുകളും പൂർണമായി രാജ്യത്ത് തുറന്ന് പ്രവർത്തിക്കുകയും ചെയ്യുകയാണ്. അതേസമയം കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ മാസ്‌ക് ഒഴിവാക്കരുതെന്നും നിർദ്ദേശമുണ്ട്.

രാജ്യത്തെ ജനസംഖ്യയിൽ ഭൂരിഭാഗവും കോവിഡ് വാക്‌സിൻ കുത്തിവെപ്പ് നടത്തിയതിനു പിന്നാലെയാണ് ഇസ്രയേലിൽ രോഗവ്യാപനവും കോവിഡ് മൂലമുള്ള മരണങ്ങളും കുറഞ്ഞത്. 90 ലക്ഷത്തിലേറെ വരുന്ന ജനസംഖ്യയിൽ 54 ശതമാനം പേരും രണ്ടാം വട്ട കോവിഡ് വാക്‌സിനും സ്വീകരിച്ചു. കോവിഡ് വാക്‌സിനേഷനിൽ അമേരിക്കയ്ക്കും മറ്റെല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കും മുമ്പിലായിരുന്നു നേരത്തെ തന്നെ ഇസ്രയേൽ.

ഒന്നാമതായി രാജ്യത്ത് വളരെയധികം ഡിജിറ്റലൈസ് ചെയ്യപ്പെട്ട കമ്മ്യൂണിറ്റി ആരോഗ്യ മേഖലയാണ്. രാജ്യത്തെ എല്ലാ പൗരന്മാരും നിയമപ്രകാരം ഇസ്രയേലിലെ നാല് എച്ച്എംഒകളിൽ ഒന്നിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇസ്രയേൽ ജനസംഖ്യയും ഇതിൽ ഒരു പ്രധാന ഘടകമാണ്. ഇസ്രയേലിൽ 90 ലക്ഷം ജനസംഖ്യയാണുള്ളത്. ഒരു കേന്ദ്രീകൃത മെഡിക്കൽ സംവിധാനത്തിൽ ഇവരെ കൊണ്ടുവരാൻ താരതമ്യേന എളുപ്പമാണെന്ന് മെഡിക്കൽ വിദഗ്ദ്ധർ പറയുന്നു.

കോവിഡ് വാക്‌സിൻ രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ നേരത്തെ തുടങ്ങിയിട്ടുമുണ്ടായിരുന്നു. ഫൈസർ ബയോടെക് വാക്‌സിൻ, മോഡേണ തുടങ്ങിയ വാക്‌സിൻ നിർമ്മാതാക്കളുമായി അതിവേഗം ധാരണയിലെത്താൻ ഇസ്രയേൽ ആരോഗ്യമേഖലക്ക് കഴിഞ്ഞുവെന്നും അധികൃതർ പറഞ്ഞു. കോവിഡ് വാക്‌സിൻ നൽകുന്ന കാര്യത്തിൽ ലോക രാഷ്ട്രങ്ങളേയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട് മുന്നേറിയിരുന്നു ഇസ്രയേൽ. സൈന്യത്തിന്റെ സഹായത്തോടെ 24 മണിക്കൂറും വാക്‌സിനുകൾ നൽകിക്കൊണ്ടിരിക്കയാണ്. ഈ തന്ത്രമാണ് അവിടെ വിജയം സമ്മാനവിച്ചതും.

വിദൂര സ്ഥലങ്ങളിൽ നൽകേണ്ട വാക്‌സിനുകൾ പോലും മാറ്റി വച്ചു കൊണ്ടാണ് ഇവർ വാക്‌സിനേഷന്റെ വേഗം കൂട്ടിയത്. ഇതിനു പുറമേ വാക്‌സിൻ എടുത്തവർക്ക്ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുന്ന ഡിജിറ്റൽ ഗ്രീൻ പാസ്സ്‌പോർട്ടും തയ്യാറാക്കി. വളരെയധികം കണക്കുകൂട്ടലുകളോടെയാണ് ഇസ്രയേൽ ഈ വാക്‌സിൻ മാമാങ്കത്തെ സമീപിച്ചത്. ചില ആരോഗ്യ പ്രവർത്തകർ ഓരോ വയലിൽ നിന്നും ആറ് ഡോസുകൾ വരെ എടുക്കുവാനുള്ള സാമർത്ഥ്യം കാണിച്ചിട്ടുണ്ട്. ഒരു വയലിൽ അഞ്ച് ഡോസുകൾ എന്നാണ് കണക്ക്.

അതുപോലെ മിച്ചം വരുന്ന മരുന്ന് പാഴായിപ്പോകാതിരിക്കാൻ അപകട സാധ്യതയുള്ള വിഭാഗത്തിന് പുറത്തുള്ള ചിലർക്കും വാക്‌സിൻ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വയലിൽ മിച്ചം വരുന്ന തുള്ളികൾ ചേർത്ത് ഒരു ഡോസാക്കിയാണ് ഇത്തരക്കാർക്ക് നൽകുന്നത്. അതായത്, ഒരു തുള്ളി മരുന്നു പോലും ഇസ്രയേലുകാർ പാഴാക്കുന്നില്ല എന്നർത്ഥം.

ശത്രുവിന്റെ അവന്റെ മടയിൽ പോയി ആക്രമിച്ചും, ശത്രുവിന് ആസൂത്രണം ചെയ്യുവാനുള്ള സമയം പോലും നൽകാതെ തിരിച്ചടിച്ചും യുദ്ധമികവ് തെളിയിച്ചിട്ടുള്ള ഇസ്രയേൽ ഇക്കാര്യത്തിലും തങ്ങളുടെ നൈപുണ്യം തെളിയിച്ചു. മറ്റ് രാഷ്ട്രങ്ങൾ അംഗീകാരത്തിനായി കാത്തിരിക്കുന്ന സമയത്ത് ഇസ്രയേൽ അതിന്റേതായ വഴിക്ക് നീങ്ങി. ഈ തന്ത്രമാണ് കോവിഡിനെ പ്രതിരോധിക്കുന്നതിലും ഇസ്രയേൽ വിജയിച്ചത്.