തലശേരി: വധശ്രമക്കേസിൽ എ.എൻ ഷംസീറിനെ അറസ്റ്റു ചെയ്യാത്തതിലും തന്റെ പാസ്‌പോർട്ട് പുതുക്കി നൽകാത്തതിലും പ്രതിഷേധിച്ച് വടകര പാർലമെന്റ് മണ്ഡലത്തിലെ മുൻ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സി.പിഎം വിമത നേതാവുമായ സി.ഒ.ടി നസീർ തലശേരി ടൗൺ പൊലിസ് സ്റ്റേഷനു മുൻപിൽ പ്രതിഷേധ സത്യാഗ്രഹം നടത്തി. ഇന്ന് രാവിലെ പത്തു മണി മുതൽ ഒരു മണി വരെയാണ് സമരം നടത്തിയത്. സമരത്തിന് പിൻതുണയുമായി തലശേരി കിവീസ് പ്രവർത്തകരും പങ്കെടുത്തു.

തനിക്കെതിരെയുള്ള വധശ്രമക്കേസിൽ വാഹനം പിടിച്ചെടുത്തിട്ടും പൊലിസ് എ.എൻ ഷംസീർ എം.എൽ എ യെ ചോദ്യം ചെയ്യാൻ തയ്യാറാവുന്നില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും നസീർ ആരോപിച്ചു.എംഎ‍ൽഎയുടെ സഹോദരന്റെ ഇന്നോവയിലെത്തിയ പ്രതികളാണ് തന്നെ അക്രമിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് ഈ വാഹനം കസ്റ്റഡിയിലെടുക്കുകയും എംഎ‍ൽഎയുടെ കൂടെ നടക്കുന്ന മുൻ ഓഫിസ് സെക്രട്ടറിയെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനു ശേഷവും എംഎ‍ൽഎയെ ചോദ്യം ചെയ്യാൻ തയ്യാറായിട്ടില്ല.

ഇതു കൂടാതെ പല കാരണങ്ങൾ പറഞ്ഞ് തന്റെ പാസ്‌പോർട്ട് പുതുക്കാൻ അനുവദിക്കുന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞതുൾപ്പെടെ തനിക്കെതിരെ ചില കേസുകൾ നിലവിലുണ്ട്. എന്നാൽ ഇതു കാണിച്ചാലും പാസ്‌പോർട്ട് അനുവദിക്കാമെന്നിരിക്കെ പൊലിസ് അതിനു തയ്യാറാകാത്തത് ചിലരുടെ സമ്മർദ്ദം കാരണമാണെന്ന് സംശയിക്കുന്നതായും നസീർ പറഞ്ഞു. 2007ലും 2019 ലും തനിക്ക് പാസ്‌പോട്ട് അനുവദിച്ചിട്ടുണ്ടെന്നും ഇപ്പോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്നും നസീർ പറഞ്ഞു.