തിരുവനന്തപുരം: ഓണഘോഷത്തെ അവഹേളിച്ചെന്നാരോപിച്ച് വസ്ത്ര ബ്രാൻഡിനെതിരെ വ്യാപക വിമർശനം.വസ്ത്ര ബ്രാൻഡായ 'കോട്ടൺ ജയ്‌പ്പൂർ' അവരുടെ പുതിയ വസ്ത്ര ശേഖരത്തിൽ ഓണം ടച്ച് കൊണ്ടുവരാൻ നടത്തിയ ശ്രമമാണ് വിവാദത്തിന് വഴിവെക്കുന്നത്.

തങ്ങളുടെ പരസ്യ ചിത്രങ്ങളിൽ കസവുള്ള കേരളാ വസ്ത്രങ്ങളുടെ മോഡലിലുള്ള ഔട്ട്ഫിറ്റുകൾ അണിഞ്ഞിരിക്കുന്ന രണ്ട് മോഡലുകളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അവർ സദ്യ വിളമ്പിയ ഇലയ്ക്ക് മുന്നിൽ പരസ്പരം ഭക്ഷണം നൽകുന്ന വിധമാണ് ചിത്രം. അബദ്ധം പിണഞ്ഞത് ഇലയിൽ വിളമ്പിയ വിഭവങ്ങളിലാണ്. ഇലയിൽ ചോറും പായസവും അടങ്ങുന്ന സദ്യയ്ക്ക് പകരം അവർ, ദോശ, ഇഡ്ഡലി, ചമ്മന്തി, സാമ്പാർ തുടങ്ങിയവിഭവങ്ങളാണ് വിളമ്പിയിരിക്കുന്നത്.

ഓണാഘോഷത്തെയും സദ്യയെയും പരിഹസിച്ചതിന്റെ ദേഷ്യത്തിലാണ് ഇപ്പോഴും സോഷ്യൽ മീഡിയ. കോട്ടൺ ജയ്‌പ്പൂരിന്റെ ട്വിറ്റർ പേജിൽ ഒട്ടേറെ പേരാണ് രോഷം പ്രകടിപ്പിച്ചത്. ബ്രാൻഡുകൾ, തങ്ങൾക്ക് അറിവില്ലാത്ത സംസ്‌കാരങ്ങളെ കേട്ടു കേൾവി മാത്രം വെച്ച് 'ഉപയോഗിക്കരുത്' എന്നാണ് ചിലരുടെ അഭിപ്രായം.

'അവർ മിക്കവാറും ധരിച്ചിരിക്കുന്നത് ഓണം ഒരു ദക്ഷിണേന്ത്യൻ ഉത്സവമാണ് എന്ന് മാത്രമാകും. അതുകൊണ്ട് അവർ ഏതെങ്കിലും ഒരു ദക്ഷിണേന്ത്യൻ ഭക്ഷണശാലയിൽ പോയി അവരുടെ മെനുവിൽ കാണുന്ന ആദ്യ മൂന്ന് വിഭവങ്ങൾ ഓർഡർ ചെയ്ത്, അത് വെച്ച് പരസ്യം നിർമ്മിച്ചിട്ടുണ്ടാകും, കാരണം ദക്ഷിണേന്ത്യ മുഴുവൻ ഒരു പോലെയാണല്ലോ,'' ഒരാളുടെ കമന്റ് ഇങ്ങനെ. പിന്നീട് വസ്ത്ര ബ്രാൻഡ്, വിവാദമായ ഫോട്ടോ അടങ്ങുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് പിൻവലിച്ചു. ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഇതിന്റെ സ്‌ക്രീൻ ഷോട്ടുകളും ഷെയർ ചെയ്യുന്നുണ്ട്.