ന്യൂഡൽഹി: ആപ്പിളിനെ വെല്ലാൻ മലയാളികളുടെ മാംഗോ സ്മാർട്ട് ഫോൺ വരുന്നുവെന്ന കഥയുടെ പിന്നിലെ തട്ടിപ്പുകളെ കുറിച്ച് മറുനാൻ മലയാളി തുറന്നു തന്നെ എഴുതിയിരുന്നു. ഈ ലക്ഷ്യമിട്ടത് പ്രധാനമായും മലയാളികളെ ആയിരുന്നെങ്കിൽ ഇന്ത്യക്കാർ മുഴുവൻ ഇളിഭ്യരാകുമോ എന്നതാണ് ഇനി അറിയേണ്ട കാര്യം. ഇതിന് കാരണം 251 രൂപയ്ക്ക് സ്മാർട്ട് ഫോൺ കിട്ടുമെന്ന കമ്പനിയുടെ വാഗ്ദാനമാണ്. എന്നാൽ ഈ വാഗ്ദാനത്തിൽ വിശ്വസിച്ചവർക്ക് ആശ്വാസം പകരുന്ന വാർത്തകളല്ല ഇപ്പോൾ പുറത്തുവരുന്നത്. 251 രൂപയ്ക്ക് സ്മാർട്ട്‌ഫോൺ കിട്ടുന്നത് സ്വപ്‌നം കണ്ട് ഫ്രീഡം വെബ്‌സൈറ്റിന് മു്ന്നിൽ ഇന്നലെ കാത്തിരുന്നത് ലക്ഷങ്ങളാണ്. ഓൺലൈൻ ബുക്കിങ്ങിനെത്തുന്നവരിൽ ഒട്ടേറെപ്പേർക്ക് പണം അടയ്ക്കാനായില്ല. പണം അടച്ചവർക്കാകട്ടെ അതേക്കുറിച്ച് യാതൊരു സ്ഥിരീകരവുമില്ല. 251 രൂപയ്ക്ക് സ്മാർട്ട്‌ഫോൺ എന്ന പ്രഖ്യാപനം വെറും തട്ടിപ്പാണെന്ന ആശങ്കകൾ പെരുകുന്നതിനിടെ, വെബ്‌സൈറ്റ് തകർന്നതായി കമ്പനി തന്നെ പ്രഖ്യാപിച്ചു.

251 രൂപയുടെ ഫ്രീഡം സ്മാർട്ട്‌ഫോണിനോട് ഉപഭോക്താക്കൾ കാണിച്ച താത്പര്യത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് വൈബ്‌സൈറ്റ് തകർന്ന കാര്യം അവർ റിപ്പോർട്ട് ചെയ്തത്. സെക്കൻഡിൽ ആറുലക്ഷത്തോളം ഹിറ്റുകളാണ് വെബ്‌സൈറ്റിനു ലഭിച്ചത്. ഇതോടെ സെർവർ ഓവർലോഡാവുകയും തകരുകയും ചെയ്തു. സെർവർ അപ്‌ഗ്രേഡ് ചെയ്യുന്നതിനായി തൽക്കാലം നിർത്തിവെക്കുകയാണെന്നും 24 മണിക്കൂറിനുള്ളിൽ തിരിച്ചുവരുമെന്നുമാണ് ഉടമകളുടെ അവകാശവാദം. ഫെബ്രുവരി 18 രാവിലെ ആറുമുതൽ 21 വൈകിട്ട് എട്ടുവരെ സ്മാർട്ട്‌ഫോൺ ബുക്ക് ചെയ്യാമെന്നാണ് ഉടമകൾ അവകാശപ്പെട്ടിരുന്നത്.

ഫ്രീഡം ഫോൺ തട്ടിപ്പാണെന്ന് കാണിച്ചുകൊണ്ടുള്ള സന്ദേശങ്ങളായിരുന്നു ഇന്നലെ സോഷ്യൽ മീഡിയയിൽ നിറയെ. 251 രൂപയ്ക്ക് സ്മാർട്ട്‌ഫോൺ നിർമ്മിക്കാനാവില്ല എന്നതുതന്നെയായിരുന്നു അതിൽ പ്രധാനമായി ചൂണ്ടിക്കാണിച്ചിരുന്ന വസ്തുത. വെബ്‌സൈറ്റിന്റെ പോരായ്മകളും ഇത് തട്ടിപ്പാണോ എന്ന ആശങ്ക ശക്തമാക്കുകയും ചെയ്തു. സ്മാർട്ട്‌ഫോൺ ബുക്ക് ചെയ്യാൻ ശ്രമിച്ചവരിൽ പലർക്കും വെബ്‌സൈറ്റിനുള്ളിലേക്ക് കടക്കാൻതന്നെ കഴിഞ്ഞില്ല. വിവരങ്ങൾ നൽകിയാലും പണം അടയ്ക്കാനുള്ള മാർഗമുണ്ടായിരുന്നില്ല. രാവിലെ മുതൽ ഇതായിരുന്നു സ്ഥിതി. ഈ പ്രശ്‌നങ്ങൾ പെട്ടെന്നുതന്നെ പരിഹരിക്കുമെന്നാണ് ഫ്രീഡം കമ്പനിയുടെ അവകാശവാദം.

വിപണിയിൽ ഇപ്പോൾ 4000 രൂപയെങ്കിലും വിലയുള്ള സ്മാർട്ട്‌ഫോണിന്റെ അതേ സവിശേഷതകളാണ് ഫ്രീഡം ഫോണിൽ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ഇത് സാധ്യമല്ലെന്ന് മൊബൈൽ നിർമ്മാതാക്കളുടെ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് വാഗ്ദാനം വെറും തട്ടിപ്പാണോ എന്ന സംശയമുയർത്തി വെബ്‌സൈറ്റുതന്നെ തകർന്നത്.

മെയ്ക്ക് ഇൻ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി പുറത്തിറങ്ങിയ ഈ ഫോൺ എന്നതായിരുന്നു നിർമ്മാതാക്കളുടെ അവകാശവാദം. അതേസമയം കൊച്ചിയിലെ മാംഗോ ഫോൺ പയറ്റിയ അതേ തന്ത്രം തന്നെയാണ് ഇവരും പയറ്റുന്നതെന്നാണ് അറിയുന്നത്. ചൈനീസ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചാൽ തന്നെയും ഇത്രയും ചെറിയ തുകയ്ക്ക് അത് കിട്ടുമോ എന്നതാണ് ഏവരുടെയും ചോദ്യം.

3ജി സ്മർട്ട് ഫോണായ ഫ്രീഡം 251ന് 1.3 ഗിഗാ ഹെർട്ടസ് ക്വാഡ് പ്രോസസറും 1ജിബി റാമും 8ജിബി ഇന്റേണൽ മെമ്മറിയുമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 32 ജിബി വരെ എക്‌സ്റ്റേണൽ മെമ്മറിയും ആവാം. കൂടാതെ 1450 എംഎഎച്ച് ബാറ്ററിയുമുണ്ട്. രാജ്യത്താകമാനം 650 കേന്ദ്രങ്ങളിലൂടെ ജൂൺ 30ന് ഫോൺ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി പ്രസ്താവനയിൽ പറയുന്നത്. എന്നാൽ, Adcom Ikon 4 എന്ന 4000 രൂപ വിലയുള്ള ഫോണാണ് ഫ്രീഡം 251 ന്റെ ഒറിജിനൽ എന്ന് വ്യക്തമാകും. അഡ്‌കോം ഐക്കൺ ഒരു 4ജി ഫോണാണ്. ഫ്രീഡം 251നെ പോലെ 3ജിയല്ല. ആപ്പിളിന്റെ ഐഫോൺ, ഐപാഡ് ഡിസൈൻ കോപ്പിയടിച്ച ഒന്ന്. ഫ്രീഡം 251ന്റെ പ്രകാശന വേളയിൽ നിർമ്മാതാക്കളായ റിങ്ങിങ് ബെൽസിന്റെ ഡയറക്ടർ മോഹിത് ഗോയലും സിഇഒ ധാർണ ഗോയലും ഉയർത്തിക്കാണിച്ച ഫോണിന്റെ ചിത്രം തട്ടിപ്പാണെന്ന് ചില വെബ്‌സൈറ്റുകൾ തന്നെ സാക്ഷ്യപ്പെടുന്നു.

യഥാർത്ഥത്തിൽ അഡ്‌കോം റീബ്രാൻഡ് ചെയ്ത ഫോണാണ് ഫ്രീഡം 251. മൂന്ന് സർക്കാർ പദ്ധതികളുടെ ഭാഗമായി വിൽക്കപ്പെടുന്നുവെന്നതാണ് മറ്റൊരു കാര്യം. മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ട്പ്പ് ഇന്ത്യ എന്നീ മോദിയുടെ കൊട്ടിഘോഷിക്കപ്പെട്ട മൂന്ന് പദ്ധതികളുടെ ഭാഗമായാണ് ഫോൺ ഇറങ്ങുന്നത്. നോയിഡ ആസ്ഥാനമായ റിങ്ങിങ് ബെൽസ് ആണ് ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട് ഫോണുമായി രംഗത്തെത്തിയത്. കഴിഞ്ഞ വർഷമാണ് പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ട് തന്നെ കമ്പനിയെ കുറിച്ച് തന്നെ സംശയങ്ങൾ ശക്തമാണ്.

നോയിഡയിലും ഉത്തരാഖണ്ഡിലുമായി 300 കോടി രൂപയുടെ നിക്ഷേപമുള്ള രണ്ട് ഉൽപാദന യൂണിറ്റുകൾ ഉണ്ടെന്നാണ് റിങ്ങിങ് ബെൽസ് അവകാശപ്പെടുന്നത്. അഞ്ച് ലക്ഷം ഫോണുകൾ പ്രതിമാസം ഉൽപാദിപ്പിക്കുന്ന മൂന്ന് യൂണിറ്റുകളും ഉടൻ തുറക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. എന്നാൽ ഇതൊക്കെ എത്രകണ്ട് സത്യമാണെന്നറിയാൻ കാത്തിരിക്കുക തന്നെ വേണം. 251 രൂപയുടെ ഫോൺ വാങ്ങാൻ നിരവധി പേർ ഇതിനോടകം തന്നെ മുൻകൂറായി പണം അടച്ചു കഴിഞ്ഞു. ഈ പണം അടച്ചവരിൽ എത്രപേർക്ക് ഫോൺ ലഭിക്കുമെന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്. ജൂൺ 30 മുതലാകും ഇത് വിതരണം ചെയ്യുക.ഇപ്പോൾ ബുക്ക് ചെയ്യുന്നവരുടെ പണം കമ്പനിയുടെ പോക്കറ്റിൽ കിടക്കുമെന്ന കാര്യം ഉറപ്പാണ്.