ലഖ്നൗ: അവിവാഹിതയായ മകൾ ​ഗർഭിണിയായതോടെ വെട്ടിക്കൊന്ന് റയിൽവെ ട്രാക്കിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ. ഉത്തർപ്രദേശിലെ നവാബ് ​ഗഞ്ചിലാണ് സംഭവം. കമലേഷ് കുമാർ യാദവും ഇയാളുടെ ഭാര്യ അനിത ദേവിയും ചേർന്നാണ് ഇരുപതുകാരിയായ യുവതിയെ മഴു ഉപയോ​ഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതശരീരം റയിൽവെട്രാക്കിൽ ഉപേക്ഷിച്ചത്. റയിൽവെ ട്രാക്കിൽ മൃതശരീരം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ മാതാപിതാക്കൾ അറസ്റ്റിലായത്.

ഒക്ടോബർ 25ന് നവാബ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ അൽബാപൂരിലെ റെയിൽവേ ട്രാക്കിൽ ഒരു പെൺകുട്ടിയുടെ അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. താമസിയാതെ കിഷുന്ദസ്പൂർ ഗ്രാമവാസിയായ കമലേഷ് കുമാർ യാദവ് തന്റെ മകളാണെന്ന് അവകാശപ്പെട്ട് പൊലീസിനെ സമീപിച്ചു. മകളെ കാണാതായി എന്നായിരുന്നു പൊലീസിനോട് ഇയാൾ പറഞ്ഞത്. മൃതദേഹം പിതാവ് തിരിച്ചറിഞ്ഞതോടെ അജ്ഞാതർക്കെതിരെ ഐപിസി സെക്ഷൻ 302 കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് രക്ഷിതാക്കൾ തന്നെയാണ് കൊലപാതകം ചെയ്തതെന്ന് മനസിലായത്.

മകൾ ആറുമാസം ഗർഭിണിയാണെന്ന് തങ്ങൾ വൈകിയാണ് മനസിലാക്കിയതെന്നും, അസുഖബാധിതയായ മകളെ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായതെന്ന് രക്ഷിതാക്കൾ പൊലീസിനോട് പറഞ്ഞു. മകൾക്ക് അനാരോഗ്യം ഉണ്ടായിരുന്നു, തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒക്ടോബർ 24 ന് റെയ്ബറേലിയിലെ അൻചഹറിൽ വെച്ച് അവർ അൾട്രാസൗണ്ട് ചെയ്തു. അൾട്രാസൗണ്ട് റിപ്പോർട്ട് കാണിക്കുന്നത് അവൾ ഗർഭിണിയാണെന്ന്. "പരിഭ്രാന്തിയിലായി, അന്തസ്സ് നഷ്ടപ്പെടുമെന്ന് ഭയന്ന്, അവർ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് അവർ വീട്ടിൽ തിരിച്ചെത്തി, പെൺകുട്ടി തന്റെ ​ഗർഭത്തിന് ഉത്തരവാദിയുടെ പേര് വെളിപ്പെടുത്താൻ വിസമ്മതിച്ചു. തുടർന്ന് ഇരുവരും തങ്ങളുടെ മകളെ രാത്രിയിൽ അലാപൂരിനടുത്ത് റെയിൽവേ ട്രാക്കിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തി. പിന്നെ അവർ മൃതദേഹം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു, "നവാബ്ഗഞ്ച് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അഖിലേഷ് പ്രതാപ് സിങ് പറഞ്ഞു.

ഗർഭം അലസിപ്പിക്കുവാൻ കഴിയാത്തതിനാലാണ് മകളെ കൊലപ്പെടുത്താൻ തങ്ങൾ തീരുമാനിച്ചതെന്നും, കുടുംബത്തിന്റെ അഭിമാനം ഓർത്താണ് ഇങ്ങനെ ചെയ്തതെന്നും പൊലീസിനോട് രക്ഷിതാക്കൾ വെളിപ്പെടുത്തി. മകളെ രാത്രിയിൽ അലാപൂരിനടുത്ത് റെയിൽവേ ട്രാക്കിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവം തുറന്ന് പറഞ്ഞതോടെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.