ചെന്നൈ: വെള്ളിത്തിരയിൽ ആയിരങ്ങളുടെ രക്ഷകനായി വേഷം കെട്ടുന്ന ഇളയദളപതിക്ക് കോടതിയുടെ പ്രഹരം. ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് തേടിയതിന്റെ പേരിലാണ് കോടതി പിഴ ശിക്ഷ വിധിച്ചത്. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്‌സ് കാർ കാറിനു പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്തായിരുന്നു വിജയ് സമർപ്പിച്ച ഹർജി. ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി.

ഇതു രണ്ടാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. കോവിഡ് കാലത്ത് ലക്ഷങ്ങൾ കഷ്ടപ്പെടുന്ന വേളയിൽ ഇത്തരമൊരു ഹർജിയുമായി എത്തിയതിന് വിജയിനെ കോടതി ശാസിക്കുകയും ചെയ്തു. സിനിമയിലെ സൂപ്പർ ഹീറോ വെറും 'റീൽ ഹീറോ' ആയി മാറരുതെന്നും നികുതി കൃത്യമായി അടച്ച് ആരാധക ലക്ഷങ്ങൾക്കു മാതൃകയാകണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യത്തിന്റെ ഉത്തരവിൽ പറയുന്നു.

നൂറ് കോടി രൂപ ക്ലബിൽ ഇടംപിടിക്കുന്ന സിനിമകളാണ് വിജയിന് ഉള്ളത്. അത്തരമൊരു നടൻ നികുതി ഇളവു തേടിയാണ് കോടതിയുടെ അനിഷ്ടത്തിന് ഇടയാക്കിയത്. ആഡംബര കാറുകളുടെ ശേഖരം തന്നെ വിജ്യിനുണ്ട്. ഏറ്റവും അധികം ലക്ഷ്വറി കാറുകൾ വാങ്ങുന്നവരാണ് വിജയ് അടക്കമുള്ള സിനിമാക്കാർ. റോൾസ് റോയ്‌സിന്റെ വിവിധ മോഡലുകൾ വിജയിനുണ്ട്.

വിജയ് കൈവശം വെച്ചിരിക്കുന്ന ഒരു റോൾസ് റോയ്സ് ഗോസ്റ്റ് എന്ന മോഡലിന്റെ വില ഏകദേശം 6 കോടിക്ക് അടുത്തുവരും. 129.7-ഇഞ്ചിന്റെ വീൽ ബസീയാണ് ഈ റോൾസ് റോയ്സ് കാറുകൾക്ക് ഉള്ളത്. അതുപോലെ തന്നെയാണ് മലയാളത്തിന്റെ മഹാനടന്മാർ മമ്മൂട്ടിയുടെ, മോഹൻ ലാലിന്റയും കാറുകളുടെ കളക്ഷനും എടുത്തുപറയേണ്ടതാണ്.

നേരത്തെ തമിഴ് സൂപ്പർതാരം വിജയ് നികുതി വെട്ടിച്ചെന്ന ആരോപണത്തിൽ പരാതിയും ലഭിച്ചിരുന്നു. പരിശോധനകൾക്ക് ശേഷം വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതിവകുപ്പ് വ്യക്തമാക്കി. ബിഗിൽ, മാസ്റ്റർ സിനിമകളുടെ പ്രതിഫലത്തിന് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. തുടർന്ന് വിജയ്‌യുടെ വീട്ടിൽ ഐ.ടി വകുപ്പ് സീൽ ചെയ്ത മുറികൾ തുറന്നുകൊടുക്കുകയും ചെയ്തിരുന്നു.