കാസർകോട്: മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാകാൻ പത്രിക നൽകിയ കെ സുന്ദരയ്ക്ക് മത്സര രംഗത്തു നിന്നും പിന്മാറാൻ പണം നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കൂടുതൽ കുരുക്കിൽ. കെ. സുന്ദരക്ക് പണം നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി അനുമതി. കെ. സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കൾക്കുമെതിരെ കേസെടുക്കാനാണ് കാസർക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായിരുന്ന വി.വി രമേശന്റെ പരാതിയിലാണ് അനുമതി.

സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ തനിക്ക് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ. ഈ ആരോപണത്തിൽ കേസെടുക്കണമെങ്കിൽ കോടതിയുടെ പ്രത്യേക അനുമതി വേണമെന്നായിരുന്നു നിയമോപദേശം. ഇതിനെ തുടർന്നാണ് വി.വി രമേശൻ കോടതിയെ സമീപിച്ചത്. അതിനിടെ ബിജെപി കുഴൽപണക്കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. നേരത്തെ നൽകിയ റിപ്പോർട്ട് അപൂർണമാണെന്ന് കമ്മീഷൻ പറഞ്ഞു. മഞ്ചേശ്വരത്തെ ആരോപണത്തിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

അതേസമയം കൊടകര കുഴൽപ്പണ കവർച്ചാകേസിൽ ബിജെപിക്ക് കുരുക്കായി നിർണ്ണായക തെളിവുകളും പുറത്തുവന്നു. കൊടകരയിൽ നിന്നും പണം കവർച്ച ചെയ്യപ്പെട്ട ശേഷം ധർമ്മരാജൻ ആദ്യം വിളിച്ചത് ബിജെപി നേതാക്കളെയാണെന്ന വിവരമാണ് ഇപ്പോൾ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇതിൽത്തന്നെ കവർച്ചയ്ക്ക് ശേഷം ധർമ്മരാജന്റെ ആദ്യത്തെ ഫോൺ കോൾ പോയത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനാണ്. പണം നഷ്ടമായ ശേഷം ധർമ്മരാജൻ വിളിച്ച കോളുകളുടെ ലിസ്റ്റിൽ ആദ്യ ഏഴ് നമ്പരുകളും ബിജെപി നേതാക്കളുടെ തന്നെയാണെന്ന് അന്വേഷണസംഘത്തിന് ഉറപ്പായി കഴിഞ്ഞു. അന്വേഷണ സംഘത്തിന്റെ പക്കലുള്ള പുതിയ വിവരങ്ങൾ ബിജെപി നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കുകയാണ്.

താൻ കൊണ്ടുവന്നത് ബിജെപിയുടെ പണമാണെന്ന് പരാതിക്കാരനായ ധർമ്മരാജന് മുൻപ് പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാൽ ധർമ്മരാജൻ തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യാനാണ് വന്നതെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. കുഴൽപ്പണ കേസിൽ സംസ്ഥാന സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കൊടകര കുഴൽപണക്കേസിനെ ചൊല്ലി നിയമസഭയിൽ വാക്ക് പോരുണ്ടായിരുന്നു. പ്രശ്നം ഒത്തുതീർക്കാൻ ശ്രമമുണ്ടായെന്നാണ് വിഡി സതീശൻ സഭയിൽ ആരോപിച്ചു. ബിജെപി നേതാക്കളുടെ പങ്ക് പറയാതിരിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചെന്നും ബിജെപി പ്രസിഡണ്ട് എന്ന് പോലും മുഖ്യമന്ത്രി ഉച്ഛരിച്ചില്ലെന്നും വിഡി സഭയിൽ ആഞ്ഞടിച്ചു.

ബിജെപി സംഘപരിവാർ ശക്തികളുടെ പങ്ക് പറയാതിരിക്കാൻ മുഖമന്ത്രി ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എത്ര കോടി കേരളത്തിൽ എത്തി എന്തുകൊണ്ട് ഇത് ഇൻകം ടാക്സിനെ അറിയിക്കുന്നില്ല. സാക്ഷിയാകാൻ പോകുന്നയാൾക്ക് പൊലീസ് ചോദിക്കുന്ന ചോദ്യങ്ങൾ ദേശാഭിമാനി വഴി മുൻകൂട്ടി അറിയിക്കുന്നു. പൊലീസ് അന്വേഷണം വലിച്ചു നീട്ടുകയാണ്. ഈ കേസ് അന്വേഷണം സർക്കസ്സിലെ തല്ലുപോലെയാകരുത്. അന്വേഷണം ശരിയായ രീതിയിലല്ല. സംസ്ഥാന പൊലീസ് സോഴ്സ് അന്വേഷിക്കുന്നില്ല. മന്ദഗതിയിലാണ് അന്വേഷണം നടക്കുന്നത് മഞ്ചേശ്വരവും പാലക്കാടും ഉൾപ്പെടെ ഏഴ് മണ്ഡലങ്ങളിൽ ബിജെപിയെ ജയിപ്പിക്കാനായിരുന്നു ധാരണ.' എന്നിങ്ങനെയാണ് വിഡി സതീശൻ സഭയിൽ ഉയർത്തിയതിന്റെ പ്രസക്തഭാഗങ്ങൾ.