പയ്യന്നൂർ:സൈന്യത്തിൽ അപൂർവ്വമായി നടക്കുന്ന സൈനിക നടപടിക്ക് ഏഴിമല നാവിക അക്കാദമി സാക്ഷിയായി. പ്രതിരോധ സേനാംഗങ്ങൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടാൽ നീതിനടപ്പാക്കാനുള്ള പ്രത്യേക കുറ്റ വിചാരണ രീതിയായ കോർട്ട് മാർഷലിന് സാക്ഷിയായി മാറിയിരിക്കുകയാണ് പയ്യന്നൂരിലെ ഏഴിമല നേവൽ അക്കാദമി. പയ്യന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിലാണ് ഏഴിമല നാവിക അക്കാദമിയിലെ ക്യാപ്റ്റനെ കോർട്ട് മാർഷലിന് വിധേയനാക്കിയത്.

2020 ജനുവരി 12ന് രാത്രി 7.45ന് പയ്യന്നൂർ പുഞ്ചക്കാടായിരുന്നു കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം. കുന്നരു സ്വദേശിയും പുഞ്ചക്കാട് വാടക കോർട്ടേഴ്‌സിലെ താമസക്കാരനുമായ ഭഗവതി പറമ്പിൽ ഭുവനചന്ദ്രനാണ്(54)അപകടത്തെ തുടർന്ന് മരിച്ചത്. മത്സ്യത്തൊഴിലാളിയായ ഭുവനചന്ദ്രൻ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിന് സമീപത്തെ പുഞ്ചക്കാട് സെന്റ് ജോസഫ് ദേവാലയത്തിനടുത്താണ് അപകടമുണ്ടായത്.

ഭുവനചന്ദ്രൻ ഓടിച്ചിരുന്ന സ്‌കൂട്ടറിൽ പയ്യന്നൂർ ഭാഗത്ത് നിന്ന് നേവിയിലേക്ക് പോകുകയായിരുന്ന ബെൻസ് കാറിടിച്ചാണ് അപകടം. ഏഴിമല നാവിക അക്കാദമിയിലെ അഡ്‌മിനിസ്‌ട്രേറ്റീവ് ഡയറക്ടർ ക്യാപ്റ്റൻ കെപിസി റെഡ്ഡി ഓടിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭുവനചന്ദ്രനെ പയ്യന്നൂരിലെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ അപകടത്തിൽ തലയിൽ ശക്തമായ ക്ഷതമേറ്റ ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.

13ന് പുലർച്ചെ 12.45ഓടെ ഭുവനചന്ദ്രൻ മരണമടഞ്ഞു. ഇയാളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ നേവി ക്യാപ്റ്റനെതിരെ പയ്യന്നുർ പൊലീസ് കേസെടുത്തിരുന്നു. പ്രതിരോധ വകുപ്പിലെ സേനാംഗങ്ങൾ കുറ്റകൃത്യത്തിലുൾപ്പെട്ടാൽ കുറ്റവാളികളെ വിചാരണ ചെയ്യുന്നതിനായാണ് കോർട്ട് മാർഷൽ നടക്കുന്നത്. നാട്ടുകാരായ സാക്ഷികളിൽനിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. കോർട്ട് മാർഷലിന് ശേഷം സൈനിക കോടതി ശിക്ഷവിധിക്കും.