കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് നൽകിയ അപകീർത്തിക്കേസിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോടതിയുടെ സമൻസ്. തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി നൽകിയ അപകീർത്തിക്കേസിൽ ഫെബ്രുവരി 22ന് ഹാജരാകാനാണ് പ്രത്യേക കോടതി ഉത്തരവിട്ടത്.

2018ലാണ് കേസിനാസ്പദമായ സംഭവം. ഓഗസ്റ്റ് 11ന് നടന്ന റാലിക്കിടെ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ അമിത് ഷാ നടത്തി എന്നതാണ് പരാതിയിൽ പറയുന്നത്. താൻ അഴിമതിക്കാരനാണ് എന്ന് റാലിയിൽ അമിത് ഷാ പറഞ്ഞു. ഇത് തന്നെ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന് കാണിച്ചാണ് അഭിഷേക് ബാനർജി അപകീർത്തിക്കേസ് ഫയൽ ചെയ്തത്.

അമിത് ഷായുടെ മറ്റൊരു പരാമർശവും തന്നെ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന് പരാതിയിൽ പറയുന്നു. കേന്ദ്രസർക്കാർ ബംഗാളിലെ ഗ്രാമീണ ജനതയ്ക്കായി നൽകിയ പണം അനന്തരവന് സമ്മാനമായി നൽകി എന്ന അമിത് ഷായുടെ പരാമർശമാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ അഴിമതിയാണ് ഇത് കാണിക്കുന്നതെന്നും അമിത് ഷാ അന്ന് പറഞ്ഞിരുന്നു.