കോഴിക്കോട്: പ്ലസ്വൺ വിദ്യാർത്ഥിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവിതാന്ത്യം വരെ കഠിനതടവ്. കല്ലായി കപ്പക്കൽ മുണ്ടി പറമ്പിൽ വീട് മുഹമ്മദ് ഹർഷാദിനാണ് കോഴിക്കോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജീവിതാന്ത്യം വരെ കഠിനതടവ് വിധിച്ചത്. പിഴ ശിക്ഷക്കൊപ്പം പ്രതി ജീവിതാന്ത്യം വരെ കഠിന തടവിൽ ജയിലിൽ കഴിയണമെന്ന് കോടതി വിധിച്ചു. പിഴത്തുകയിൽ ഒരു ലക്ഷം രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകും.

പോക്‌സോ നിയമത്തിലെ സെക്ഷൻ 5,6 പ്രകാരമാണ് ജീവിതകാലം മുഴുവൻ ശിക്ഷ വിധിച്ചത്. മറ്റ് വിവിധ വകുപ്പുകളിലായി 27 വർഷം കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്. 1,60,000 രൂപ പിഴയും വിധിച്ചു. 2019ൽ പോക്‌സോ നിയമം ഭേദഗതി ചെയ്ത ശേഷം വിധിക്കുന്ന ഏറ്റവും കഠിന ശിക്ഷകളിലൊന്നാണിത്.

2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്‌ളസ് വൺ വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയുടെ സ്‌കൂളിനു സമീപമെത്തി പ്രണയം നടിച്ച് പ്രതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പീഡനത്തെത്തുടർന്ന് 2020 മെയ് ഒന്നിന് കുട്ടി പ്രസവിച്ചു. അന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്ത വെള്ളയിൽ പൊലീസ് പിറ്റേന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. 45 ദിവസം കൊണ്ട് കുറ്റപത്രവും സമർപ്പിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടിയടക്കം 52 സാക്ഷികളെ വിസ്തരിച്ച കേസിൽ ഡിഎൻഎ പരിശോധനാഫലമാണ് നിർണായകമായത്.

വയറുവേദനയാണെന്ന് പറഞ്ഞ പെൺകുട്ടി പുലർച്ചെ കുളിമുറിയിൽ പ്രസവിച്ചതോടെയാണ് പീഡനവിവരം വീട്ടുകാർ അറിയുന്നത്. ഉടൻ പെൺകുട്ടിയേയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചു. പൊലീസിൽ പരാതിയും നൽകി. പിന്നീട് നടന്ന അന്വേഷണത്തിലാണ് മുഹമ്മദ് ഹർഷാദ് പിടിയിലായത്.

പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് കണ്ടെത്തി. വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാറും സംഘവുമാണ് അന്വേഷണം നടത്തിയത്. അഡീഷണൽ ജില്ല & സെഷൻസ് ജഡ്ജ് ദിനേശ്.സി.ആർ ആണ് ശിക്ഷ വിധിച്ചത്. അപൂർവ്വവും മാതൃകാപരവുമായ ശിക്ഷാവിധിയാണെന്ന് കേസിൽ ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സുനിൽ കുമാർ പറഞ്ഞു.

പ്രതി സെക്ഷൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ജാമ്യം കിട്ടിയിരുന്നില്ല. ഇയാൾക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസുമുണ്ട്.