ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിനിടെ ആശങ്ക ഉയർത്തുന്ന വൈറസ് വകഭേദങ്ങൾക്കെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്‌സീനായ കോവാക്‌സീൻ പൂർണ ഫലപ്രദമാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) പഠനം. ഇരട്ട മാറ്റം സംഭവിച്ച വൈറസ് വകഭേദത്തെ അടക്കം നീർവീര്യമാക്കാൻ കഴിയുന്നതാണ് ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നു വികസിപ്പിച്ച കോവാക്‌സീന്റെ ഘടനയെന്നാണ് പഠനം.

ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ പതിനാലായിരത്തിലധികം പേരുടെ സാംപിളുകൾ ജനിതക ശ്രേണീകരണം നടത്തിയിരുന്നു. ഇതിൽ 1189 പേർക്കാണ് ആശങ്ക നൽകുന്ന വൈറസ് വകഭേദം സ്ഥിരീകരിച്ചതെന്നാണ് ഇന്ത്യൻ ജീനോമിക് കൺസോർഷ്യം അറിയിക്കുന്നത്.

ICMR study shows #COVAXIN neutralises against multiple variants of SARS-CoV-2 and effectively neutralises the double mutant strain as well. @MoHFW_INDIA @DeptHealthRes #IndiaFightsCOVID19 #LargestVaccineDrive pic.twitter.com/syv5T8eHuR

- ICMR (@ICMRDELHI) April 21, 2021

കോവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്ക കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ഐ.സി.എം.ആർ. എപ്പിഡെമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് ഡിവിഷൻ ചീഫ് ഡോ. സമിരൻ പാണ്ഡെ അറിയിച്ചു. ഇരട്ട വ്യതിയാനം വന്ന വൈറസിനെക്കൂടാതെ മറ്റ് വ്യതിയാനങ്ങളെയും നിർവീര്യമാക്കാൻ കോവാക്‌സിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

E484Q, L452R  എന്നീ ഇരട്ട ജനിതകവ്യതിയാനങ്ങൾ സംഭവിച്ച സ്‌ട്രെയിനിനെ ഐ.സി.എം.ആർ.- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞർ വേർതിരിച്ചെടുത്ത് കൾച്ചർ ചെയ്തിരുന്നു. ഇതുകൂടാതെ സാർസ് കോവ് 2 വൈറസിന്റെ യു.കെ. വകഭേദം (B.1.1.7), ബ്രസീൽ വകഭേദം (B.1.1.28.2), ദക്ഷിണാഫ്രിക്കൻ വകഭേദം (B.1.351)  എന്നിവയെയും ഇത്തരത്തിൽ വേർതിരിച്ചെടുത്തിരുന്നു.

യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങൾക്കു പുറമേ ഇരട്ട മാറ്റം വന്ന വകഭേദവും ഇന്ത്യയിൽ പലയിടത്തും കണ്ടെത്തിയിരുന്നു. ഇതു കൂടുതൽ അപകടം ചെയ്യുമെന്ന പഠനങ്ങൾക്കിടെയാണ് ഐസിഎംആറിന്റെ നിർണായക പഠനം.

പുതിയ വൈറസ് വകഭേദങ്ങളെ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കൾചർ ചെയ്തു പഠനം നടത്തിയത് വാക്‌സീൻ ഗവേഷണ രംഗത്ത് നിർണായകമായിരുന്നു. ഇതിന്റെ തുടർപഠനങ്ങളിലാണ് പ്രതീക്ഷ നൽകുന്ന വിവരം.

നിർദോഷകാരിയാക്കി മാറ്റുന്ന കൊറോണ വൈറസിനെ തന്നെയാണ് കോവാക്‌സീനിൽ ഉപയോഗിച്ചിരിക്കുന്നത്. യഥാർഥ വൈറസാണെന്നു കരുതി ശരീരം ആന്റിബോഡി രൂപപ്പെടുത്തുന്നതാണ് വാക്‌സീന്റെ പ്രവർത്തന തത്വം.

മനുഷ്യകോശത്തിൽ പെരുകാൻ അനുവദിക്കാതെ നിർവീര്യമാക്കുന്ന കോവാക്‌സീൻ രീതി പുതിയ വൈറസ് വകഭേദങ്ങൾക്കും ബാധകമാകുമെന്ന് നേരത്തെ ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ഐസിഎംആർ പഠനം.