ന്യൂഡൽഹി: രാജ്യത്ത് ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സീന് ലോകാരോഗ്യ സംഘടനയുടേയും (ഡബ്ല്യുഎച്ച്ഒ) യൂറോപ്യൻ യൂണിയന്റേയും (ഇയു) അംഗീകാരം ലഭിക്കുന്നതിനുള്ള ശ്രമം ഊർജിതമാക്കി കേന്ദ്ര സർക്കാർ. അടിയന്തര ഉപയോഗത്തിന് ഡബ്ല്യുഎച്ച്ഒ അനുമതി നൽകിയ വാക്‌സീനുകളിൽ കോവാക്‌സീനും ഉൾപ്പെടുത്താനാണ് നീക്കം. 

ഓക്‌സ്ഫഡ് അസ്ട്രാസെനക, ഫൈസർ, മൊഡേണ തുടങ്ങിയ വാക്‌സീനുകൾക്കാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്. അംഗീകാരം ലഭിച്ച വാക്‌സീനുകൾ ലോകത്തെവിടെയും കയറ്റുമതി ചെയ്യാൻ സാധിക്കും.

രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്ന വാക്‌സീനുകളിലൊന്നാണ് കോവാക്‌സീൻ. വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിഗ്ല തിങ്കളാഴ്ച ഭാരത് ബയോടെക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

വാക്‌സീൻ സ്വീകരിക്കുന്നവർക്ക് രാജ്യാന്തര വിമാനയാത്രകളും നടത്താൻ സാധിക്കും. കോവാക്‌സീൻ സ്വീകരിച്ചവർക്ക് നിലവിൽ രാജ്യാന്തര യാത്ര നടത്താൻ സാധിക്കില്ല. ഇന്ത്യയിൽ നിരവധിപ്പേരാണ് കോവാക്‌സീൻ സ്വീകരിച്ചത്. വരുംദിവസങ്ങളിലും കൂടുതൽ ആളുകൾക്ക് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതും കോവാക്‌സീനാണ്.

ചൈനയുടെ സിനോഫാം വാക്‌സീനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. വിവിധ രാജ്യങ്ങളിലേക്ക് ചൈന കയറ്റുമതിയും ആരംഭിച്ചു. ബ്രസീലിലേയും യുഎസിലേയും കമ്പനികളുമായി വാക്‌സീൻ നിർമ്മാണത്തിന് ഭാരത് ബയോടെക് കരാർ ആയെങ്കിലും അനുമതി ലഭിക്കാത്തതിനാൽ തുടർനടപടികൾ ആയില്ല. ഈ സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് കോവാക്‌സീന് അംഗീകാരം നൽകാൻ സർക്കർ സമ്മർദം ചെലുത്തുന്നത്.