തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാൻ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേരളത്തിൽ മാർച്ച് അവസാനം കോവിഡ് കേസുകൾ കുറഞ്ഞിരുന്നെങ്കിലും നിലവിൽ കേസുകൾ പ്രതിദിനം കൂടുകയാണ്. 11.89 ലക്ഷം കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത്. 58245 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വൻ വർധനയുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിൽ പരിശോധനകൾ വർധിപ്പിച്ചു. കൂട്ടപ്പരിശോധനാ ഫലം വന്നാലും രോഗികളെ പരിചരിക്കാൻ കേരളം സജ്ജമാണ്. 50 ലക്ഷം ഡോസ് വാക്‌സീനുകൾ ഉടൻ സംസ്ഥാനത്തിനു വേണം. അഞ്ചര ലക്ഷം മാത്രമേ സ്റ്റോക്കുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.

കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം. രണ്ടാം തരംഗത്തെ ഇല്ലാതാക്കാനാണ് ക്രഷിങ് ദി കർവ് എന്ന പേരിൽകർമപദ്ധതി മുന്നോട്ടുവെച്ചത്. പരിശോധന കൂട്ടിയിട്ടുണ്ട്. ഇന്നലേയും ഇന്നുമായി രണ്ടര ലക്ഷം പരിശോധന നടത്തും. കണക്കുകൾ ഉടൻ പുറത്തുവിടും. ഇതുവരെ സംസ്ഥാനത്ത് 1.39 കോടി ടെസ്റ്റുകൾ നടത്തി. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ പരിശോധനാ നിരക്ക്.

കോവിഡ് കൂട്ടപ്പരിശോധനയുടെ ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും. രോഗവ്യാപന നിരക്ക് ഉയർന്നാൽ പ്രാദേശിക നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ആലോചന. അതിനിടെ ഇന്നലെ രണ്ട് ലക്ഷം ഡോസ് കൂടിയെത്തിയതോടെ വാക്‌സീൻ ക്ഷാമത്തിനു താൽകാലിക പരിഹാരമായി.

കേരളത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് കോവിഡ് വാക്സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി കെകെ ശൈലജ പറഞ്ഞു. കേരളത്തിന് ഇതുവരെ 60.84 ലക്ഷം ഡോസ് വാക്സിനാണ് ഇതുവരെ ലഭിച്ചത്. 56.75 ലക്ഷം ഡോസ് ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു. 5,80,880 ഡോസ് വാക്സിനാണ് ഇനിയുള്ളത്. മാസ് വാക്സിനേഷൻ ക്യാംപയിൻ പൂർത്തിയാക്കണമെങ്കിൽ അടിയന്തരമായി 50 ലക്ഷം ഡോസ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോവിഷീൽഡും കോവാക്സിനും തുല്യമായി വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇന്ന് നടന്ന യോഗത്തിൽ ആവശ്യപ്പെട്ടതെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

നിലവിൽ കേരളത്തിൽ ഓക്സിജൻ വിതരണത്തിൽ കുറവില്ല. എന്നാലും കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ ഓക്സിജൻ ക്ഷാമമുണ്ടായേക്കാം. അതിനാൽ ഓക്ജ്‌സിൻ വിതരണത്തിൽ കേരളത്തെക്കൂടി പരിഗണിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ മരണനിരക്ക് ഉയർന്നിട്ടില്ല. 0.4 ശതമാനമാണ് മരണനിരക്ക്. മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിതി ഇതല്ലെന്നാണ് ഇന്നത്തെ യോഗത്തിൽ നിന്ന് മനസ്സിലായതെന്നും മന്ത്രി വ്യക്തമാക്കി.

സിറോ സർവെയിലൻസ് സർവേ പ്രകാരം കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11 ശതമാനം പേർക്ക് മാത്രമാണ്. അതായത് 89 ശതമാനം പേർക്കും ഇനി രോഗം വരാൻ സാധ്യതയുണ്ട്. കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും കൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് വ്യാപനം തടയാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ കേരളം പരീക്ഷിക്കുന്ന ആദ്യ ആയുധങ്ങളാണ് കൂട്ടപ്പരിശോധനയും കൂട്ടവാക്‌സിനേഷനും. ഇവ രണ്ടും ഇതുവരെ കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ട്. ഇന്നലെയും ഇന്നുമായി രണ്ട് ലക്ഷം പരിശോധനയെന്നതാണു ലക്ഷ്യം. അതുവഴി രോഗമുള്ളവരെ വേഗത്തിൽ കണ്ടെത്തി ക്വാറന്റീനിലാക്കി വ്യാപനം തടയുകയാണ് ഉദേശിക്കുന്നത്.

ഇന്നലെ 1,33,836 പേരെ പരിശോധിച്ചു. ഇന്നും ഇതേ നിലതുടർന്നാൽ കൂട്ടപ്പരിശോധന വിജയകരമാവും. ഇന്നു വൈകിട്ടുള്ള കോവിഡ് കണക്കിൽ ആദ്യ ദിവസത്തെ കൂട്ടപ്പരിശോധനയുടെ ഫലം ഉൾപ്പെടുത്തിയേക്കും. പരിശോധന കൂടിയതുകൊണ്ട് സ്വാഭാവികമായും പ്രതിദിന രോഗബാധ വലിയ തോതിൽ ഉയർന്നേക്കും.

അതിൽ ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലകളിൽ പ്രാദേശിക നിരോധനാഞ്ജയടക്കം നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ആലോചന. അതിനിടെ, ഇന്നലെ രണ്ട് ലക്ഷം വാക്‌സീൻ കൂടിയെത്തിയതോടെ ഭൂരിഭാഗം ജില്ലകളിലും വാക്‌സിനേഷൻ നടപടികൾ വേഗത്തിലായി.

തിരുവനന്തപുരത്തെ ക്യാംപുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. വാക്‌സീൻ ക്ഷാമമുണ്ടാകുമെന്ന ആശങ്കയോടെ ഒട്ടേറെപ്പേർ കൂട്ടത്തോടെയെത്തിയതിനാൽ നീണ്ട നിരയും രൂപപ്പെട്ടു. അമ്പത് ലക്ഷം ഡോസ് ആവശ്യപ്പെട്ടിടത്താണ് രണ്ട് ലക്ഷം ഡോസ് ലഭിച്ചത്. എങ്കിലും വരും ദിവസങ്ങളിലും കൂടുതൽ വാക്‌സീൻ ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.