ബംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം ഏറുന്നു. പ്രതിദിന കോവിഡ് രോഗികളുടെ നിരക്കിൽ ഏറ്റവും ഉയർന്ന കണക്കാണ് കർണാടകയിൽ രേഖപ്പെടുത്തിയത്. 26,962 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ബംഗളൂരു നഗരത്തിലെ കോവിഡ് വ്യാപനമാണ് ഇതിന് മുഖ്യ കാരണം.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഏറ്റവുമധികം പേർ ചികിത്സയിൽ കഴിയുന്നത് ബംഗളൂരുവിലാണ്. 24 മണിക്കൂറിനിടെ 16,662 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ബംഗളൂരുവിൽ രോഗികളുടെ എണ്ണം ഉയർന്നതോടെ, സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

വ്യാഴാഴ്ച പുനെ നഗരത്തെ പിന്നിലാക്കിയാണ് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ബംഗളൂരു ഒന്നാമത് എത്തിയത്. നേരത്തെ 1471 ടൺ ഓക്സിജൻ ലഭ്യമാക്കാൻ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

രണ്ടുലക്ഷം ഡോസ് റെംഡിസിവിർ സംസ്ഥാനത്തിന് അടിയന്തരമായി വിതരണം ചെയ്യാനും കർണാടക ആവശ്യപ്പെട്ടിട്ടുണ്ട്.