ന്യൂഡൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ള 40 ശതമാനം ജനങ്ങൾക്കും നവംബറോടെ പൂർണമായും വാക്സിൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം ജനുവരിയോടെ ഇത് ആറുപത് ശതമാനമായി മാറിയേക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇതോടെ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 60 ശതമാനത്തിന്റേയും വാക്സിനേഷൻ അടുത്ത വർഷം ജനുവരിയോടെ പൂർത്തിയാക്കാൻ സാധിച്ചേക്കുമെന്നാണ് യെസ് സെക്യൂരിറ്റീസിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നത്.

സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും ഉത്പാദന ശേഷി ഘട്ടം ഘട്ടമായി ഉയർത്തുന്നുണ്ടെന്നും റിപ്പോർട്ട് അടിവരയിട്ടു. ഡിസംബറോടെ എല്ലാ പൗരന്മാർക്കും കുത്തിവെയ്‌പ്പ് നൽകാനുള്ള ഡോസുകൾ ഇന്ത്യയുടെ കൈവശം ഉണ്ടായിരിക്കുമെന്ന് കോവിഡ് വാക്സിൻ ദേശീയ ടാസ്‌ക് ഫോഴ്സ് മേധാവി ഡോ.വിനോദ് കുമാർ പോൾ കഴിഞ്ഞ ദിവസം പറഞ്ഞത്.

അതേ സമയം ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ പദ്ധതിയിലെ പ്രശ്നങ്ങൾ അടുത്ത മാസവും തുടരും. ആഭ്യന്തര ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യമാണ് ഇതിന് കാരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വാക്സിന് കടുത്ത ക്ഷാമം നേരിടുകയാണെങ്കിൽ രണ്ടാം ഡോസിന് പ്രാമുഖ്യം നൽകണം. അല്ലെങ്കിൽ പദ്ധതി താളം തെറ്റും. വാക്സിൻ ഉത്പാദനം വർദ്ധിപ്പിക്കണം. അടുത്ത 45 ദിവസത്തിനുള്ളിൽ യുഎസിലെ ജനസംഖ്യയുടെ 80 ശതമാനം പേർ പൂർണമായും വാക്സിൻ എടുത്തവരാകും. ഈ ഘട്ടത്തിൽ യുഎസ് സർക്കാർ വാക്സിനുകൾക്കും അസംസ്‌കൃത വസ്തുക്കൾക്കുമുള്ള കയറ്റുമതി നിയന്ത്രണം ലഘൂകരിക്കുമെന്ന് കരുതുന്നതായും യെസ് സെക്യൂരിറ്റീസ് ചൂണ്ടിക്കാണിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ ആവശ്യകത കുത്തനെ ഇടിയുന്നതോടെ വാക്സിൻ വിതരണം സുഗമമാക്കാൻ സാധിക്കും.