ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം മൂലം സാമ്പത്തിക മേഖലയിൽ ഉണ്ടായ പ്രതിസന്ധി മറികടക്കാൻ അധിക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കോവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനവും പാക്കേജിന്റെ ഭാഗമാണ്. കോവിഡ് ബാധിത മേഖലകൾക്ക് 1.10 ലക്ഷം കോടിയുടെ വായ്പാ ഗാരണ്ടി നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.

എട്ടിന കർമപദ്ധതിയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. 1.1 ലക്ഷം കോടി രൂപയുടെ വായ്പാ ഗാരന്റി പദ്ധതി, ആരോഗ്യ മേഖലയ്ക്ക് 50,000 കോടി രൂപ, 25 ലക്ഷം പേർക്ക് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വഴി വായ്പാ സഹായം എന്നിവയാണ് സുപ്രധാന പ്രഖ്യാപനങ്ങൾ. ഇത്തരം വായ്പകളുടെ പരമാവധി വായ്പ കാലാവധി മൂന്ന് വർഷമായിരിക്കും. റിസർവ് ബാങ്ക് നിർദ്ദേശിക്കുന്ന പരമാവധി നിരക്കിനെക്കാൾ കുറഞ്ഞത് രണ്ട് ശതമാനം എങ്കിലും താഴെയായിരിക്കണം പലിശ നിരക്ക്.

കോവിഡ് പ്രതിസന്ധി നേരിടാനായി പ്രഖ്യാപിച്ച എട്ടു പദ്ധതികളിൽ നാലു പദ്ധതികൾ തീർത്തും പുതിയതാണെന്ന് ധനമന്ത്രി അറിയിച്ചു. ഒരു പദ്ധതി പൂർണമായും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യത്തിനായാണ്.

പുതിയ പദ്ധതികൾക്ക് 75 ശതമാനം വരെ വായ്പയും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ആത്മനിർഭർ ഭാരത് പാക്കേജിന്റെ ഭാഗമായി ആരംഭിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്‌കീമിനായി ആകെ 1.5 ട്രില്യൺ രൂപയാണ് കേന്ദ്രസർക്കാർ അധികമായി കണക്കാക്കുന്നത്.

ഇസിജിഎൽഎസ് പദ്ധതി പ്രകാരം ഇതുവരെ 2.69 ലക്ഷം കോടി രൂപ വായ്പയായി വിതരണം ചെയ്തു. രജിസ്റ്റർ ചെയ്ത 11,000 ടൂറിസ്റ്റ് ഗൈഡുകൾ / യാത്ര, ടൂറിസം പങ്കാളികൾ എന്നിവരുടെ സാമ്പത്തിക സഹായ ബാധ്യതകൾ നിറവേറ്റുന്നതിനോ ബിസിനസ്സ് പുനരാരംഭിക്കുന്നതിനോ ടൂറിസം മേഖലയിലെ ആളുകൾക്കായി പ്രവർത്തന മൂലധനം / വ്യക്തിഗത വായ്പാ പദ്ധതി വ്യാപിപ്പിക്കും. ടൂറിസം മേഖലയിലുള്ളവർക്ക് 10 ലക്ഷം രൂപ വരെ വായ്പ, അഞ്ച് ലക്ഷം സൗജന്യം ടൂറിസ്റ്റ് വിസകൾ എന്നിവയും കർമ്മ പദ്ധതിയിൽ ഉൾപ്പെടുന്നു.

പുതിയ പദ്ധതിയായ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമിന് കീഴിൽ 25 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കും. മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ നൽകേണ്ടതാണ് ഈ വായ്പ. ഇതിലൂടെ പരമാവധി 1.25 ലക്ഷം രൂപ വായ്പയായി ലഭിക്കും. 89 ദിവസം വരെ തിരിച്ചടവിൽ വീഴ്ച വരുത്തിയവരടക്കം എല്ലാ വായ്പക്കാരും ഇതിന് അർഹരാണ്.

ആത്മനിർഭർ ഭാരത് റോസ്ഗർ യോജന 2022 മാർച്ച് 31 വരെ നീട്ടും, 2021 ജൂൺ 18 വരെ 79,577 സ്ഥാപനങ്ങളിലെ 2.14 ദശലക്ഷം ഗുണഭോക്താക്കൾക്ക് പദ്ധതി പ്രകാരം 902 കോടി രൂപയുടെ ആനുകൂല്യം വിതരണം ചെയ്തു.

ഡിഎപി, എൻപികെ വളങ്ങൾക്കായി 14,775 കോടി രൂപ അധിക സബ്‌സിഡി. ഡിഎപിക്ക് 9,125 കോടി രൂപയും എൻപികെ അടിസ്ഥാനമാക്കിയുള്ള കോംപ്ലക്‌സ് രാസവളങ്ങൾക്ക് 5,650 കോടി രൂപയും.

പ്രധാനമന്ത്രി ഗരിബ് കല്യാൺ അന്ന യോജന പ്രകാരം, 2021 മെയ് മുതൽ നവംബർ വരെ എൻഎഫ്എസ്എ ഗുണഭോക്താക്കൾക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകിവരുന്നു. ഇതിനായി മൊത്തം ചെലവ് 2,27,841 കോടി രൂപ കണക്കാക്കുന്നു. കുട്ടികൾക്കും ശിശുരോഗ പരിചരണത്തിനും പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് ഹ്രസ്വകാല അടിയന്തര തയ്യാറെടുപ്പിന്റെ ഭാഗമായുള്ള പുതിയ പദ്ധതികളും കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.