തിരുവനന്തപുരം: മലയാളം മാധ്യമ രംഗത്ത് പ്രൊഫഷണലിസത്തിന്റെ അവസാന വാക്കാണ് മലയാള മനോരമ എന്ന മാധ്യമ ഗ്രൂപ്പ്. മലയാള മനോരമ കമ്പനി ലിമിറ്റഡിന് കീഴിൽ പത്രം, ചാനൽ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയാ സ്ഥാപനങ്ങളാണുള്ളത്. മലയാളിയുടെ വായനാശീലം വളർത്തിയെടുക്കുന്നതിൽ നിർണായക റോളു വഹിച്ച മലയാള മനോരമ ഗ്രൂപ്പ് എക്കാലവും പ്രതിസന്ധികളെ നേരിട്ടാണ് വളർന്നത്. കമ്മ്യൂണിസ്റ്റ് വിമർശനം മുഖമുദ്രയാക്കിയ മലയാള മനോരമ കേരള രാഷ്ട്രീയത്തിലെ നിർണായകമായ പല ഏടുകളിലും അവരുടേതായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

ആഗോള തലത്തിൽ പത്രവ്യവസായം വൻ പ്രതിസന്ധി നേരിടുമ്പോഴും കേരളത്തിലെ മലയാളികളുടെ വായനാശീലത്തിൽ കാര്യമായ മാറ്റം ഇതുവരെ സംഭവിച്ചിരുന്നില്ല. കാലാനുശ്രുതമായ മാറ്റങ്ങളുമായി മലയാളിയുടെ വായനാശീലത്തെ പിടിച്ചു നിർത്തിയത് മനോരമയായിരുന്നു. എന്നാൽ, കോവിഡ് കാലം ലോകത്ത് അങ്ങോളമിങ്ങോളമുള്ള വ്യവസായങ്ങളെ കാര്യമായി തന്നെ ബാധിച്ചപ്പോൾ പത്രവ്യവസായത്തെയും കാര്യമായി ബാധിച്ചു. പരസ്യ വരുമാനമാർഗ്ഗം ഓൺലൈനിലേക്ക് കൂടുതൽ നീങ്ങിയതും പത്രങ്ങളിൽ പരസ്യങ്ങൾ വ്യാപകമായി കുറയുകയും ചെയ്തതോടെ പ്രതിസന്ധിയിലേക്കാണ് മലയാളത്തിലെ മാധ്യമ വ്യവസായം നീങ്ങുന്നത്.

മിക്ക പ്രസിദ്ധീകരണ സ്ഥാപനങ്ങളും വമ്പൻ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന കാലമാണ്. വാർത്താചാനലുകളിൽ അടക്കം സാമ്പത്തിക പ്രയാസങ്ങളും തുടരുന്നു. കേരളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ഇംഗ്ലീഷ് പത്രങ്ങളിൽ പലതും എഡിഷനുകൾ അവസാനിപ്പിച്ചു. കോവിഡിന്റെ പ്രഹരം കൂടി ആയതോടെ വൻ വെല്ലുവിളികളാണ് മലയാളം മാധ്യമരംഗം അഭിമുഖീകരിക്കുന്നത്. മാധ്യമ രംഗത്തെ അതികായനായ മലയാള മനോരമയിലും വരുമാന തകർച്ച ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുറച്ചു വർഷങ്ങളായി ഈ മാധ്യമ ഗ്രൂപ്പിന്റെ വരുമാനത്തിൽ തുടർച്ചയായ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഓൺലൈൻ മാധ്യമമായ ന്യൂസ് ലോണ്ട്രി റിപ്പോർട്ടു ചെയ്യുന്നത്.

മാധ്യമ സ്ഥാപനങ്ങൾ ആരുടെ നിയന്ത്രണത്തിൽ ഉള്ളതാണെന്ന് പരിചയപ്പെടുത്തുന്ന കോളത്തിൽ മലയാള മനോരമ ഗ്രൂപ്പിനെ കുറിച്ചുള്ള ലേഖനത്തിലാണ് മനോരമയുടെ വരുമാനത്തിലെ ഇടിവും പ്രതിസന്ധികളും ചൂണ്ടിക്കാട്ടുന്നത്. മനോരമ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള റേഡിയോ മാംഗോയുടെ ദുബായി എഫ്‌ഐം റേഡിയോ പൂട്ടേണ്ട അവസ്ഥയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് ആന്റോ ടി തോമസ് എഴുതിയ ലേഖനം തുടങ്ങുന്നത്. തുടർന്ന് കോവിഡ് കാലത്ത് മാധ്യമങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെയും അക്കമിട്ടു നിരത്തുന്നു.

മനോരമ ഗ്രൂപ്പിന്റെ വരുമാനത്തിലെ സിംഹഭാഗവും ലഭിക്കുന്നത് പത്രത്തിൽ നിന്നുമാണ്. പത്രങ്ങൾക്ക് ലഭിക്കുന്ന പരസ്യ വരുമാനമാണ് മനോരമയെ മലയാള മാധ്യമ രംഗത്തെ അതിഭീമനാക്കുന്നതും. എന്നാൽ ന്യൂസ് പ്രിന്റിന് വില കൂടിയതും പരസ്യവരുമാനത്തിലെ ഇടിവും പത്രത്തെയും മുൻകാലങ്ങളിൽ ഉണ്ടായ പ്രളയദുരന്തവുമെല്ലാം മറ്റ് പത്രങ്ങളെ ബാധിച്ചതു പോലെ മനോരമയെയും ബാധിച്ചു. റേഡിയോ മാംഗോ 96.2 അതിന്റെ ദുബായ് നിലയം അടച്ചു പൂട്ടിയത് അടക്കം ലാഭകരമല്ലായെന്ന് കണ്ടായിരുന്നു. 2014 ഓഗസ്റ്റ് 17 നാണ് ദുബായിൽ റേഡിയോ മാംഗോ ആരംഭിക്കുന്നത്. 2019ൽ അടച്ചുപൂട്ടുകയും ചെയ്തു.

ശക്തമായ വിപണി നിലനിൽക്കേയുള്ള റേഡിയോ മാംഗോയുടെ പിന്മാറ്റം ദുബായിൽ ഈ മാധ്യമ ഭീമൻ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ നേർക്കാഴ്ചയാണെന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഓപ്പറേഷണൽ കോസ്റ്റ് സമാഹരിക്കുന്നതിൽ നിന്നും തുടർച്ചയായി നേരിടുന്ന പരാജയങ്ങളാണ് യുഎഇ നിലയം അടച്ചുപൂട്ടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. 1888ൽ മലയാള മനോരമ സ്ഥാപിച്ച ശേഷം ആദ്യമായാണ് നഷ്ടത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടേയും പേരിൽ മനോരമയുടെ ഭാഗമായ ഒരു യൂണിറ്റ് അടച്ചുപൂട്ടിയത്. മനോരമ മാനേജിങ് എഡിറ്റർ ഫിലിപ്പ് മാത്യുവിന്റെ മക്കളായ അമിത് മാത്യുവും റിയാദ് മാത്യൂവു മാണ് റേഡിയോ മാംഗോയുടെ ചുമതലക്കാരായിരുന്നത്.

നിലവിൽ മലയാള മനോരമയുടെ എഡിറ്റർ മാമൻ മാത്യൂവാണ്. ഫിലിപ്പ് മാത്യു, ജേക്കബ് മാത്യു എന്നീ സഹോദരങ്ങളുമാണ് കമ്പനിയിൽ പങ്കാളിത്തം കൂടുതൽ ഉള്ളവർ. കോട്ടയം റീജിയന്റെ ചുമതല മാമനിലേക്കും കൊച്ചിയും കോഴിക്കോടും ഫിലിപ്പും ജോക്കബും നോക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ. മാഗസിനും ടിവിയും മറ്റ് റേഡിയോ ചാനലുകളും ഓരോ റീജ്യനുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മാമന്റെ മകനായ ജയന്ത് ടി വി ചാനലുകളുടെ കാര്യവും അദ്ദേഹത്തിന്റെ ഭാര്യ മറിയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും ചുമതലക്കാരിയാണ്. ഇംഗ്ലീഷ് പ്രസിദ്ധീകരണമാണ് ദി വീക്കിന്റെ ചുമതലക്കാരൻ ഫിലിപ്പ് മാത്യുവിന്റെ മകനായ റിയദാണ്. അമിത് മാത്യുവാണ് റേഡിയോ മാംഗോയുടെ ബിസിനസ് കൈയാളുന്നത്.

കോവിഡ് കാലവും മറ്റു പ്രതിസന്ധികളും കമ്പനിയുടെ വരുമാനത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി മനോരമ ഗ്രൂപ്പിന്റെ വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തിയെന്നാണ് ന്യൂസ് ലോണ്ടറി റിപ്പോർട്ടു ചെയ്യുന്നത്. 2019-20 കാലഘട്ടത്തിൽ 1154 കോടിയുടെ വരുമാനേ കമ്പനിക്ക് ഉണ്ടാക്കാൻ സാധിച്ചിരുന്നുള്ളൂ. അതിന് മുൻവർഷം ് 1243 കോടി രൂപയുടെ വരുമാനം ഉണ്ടായിരുന്നു. മനോരമ ഗ്രൂപ്പിന്റെ അറ്റാദായത്തിലും ഇടിവ് വ്യക്തമാണ്. 2019-20 കാലഘട്ടത്തിൽ 41.4 കോടിയൂടെ അറ്റാദായം മാത്രമാണ് കമ്പനിക്ക് ഉണ്ടാക്കാൻ സാധിച്ചത്. അതേസമയം 2015-16 കാലഘട്ടത്തിൽ ഇത് 140 കോടിയായിരുന്നു.

അതേസമയം പൊതുവേ ലാഭക്കണക്കുകളിൽ മാത്രമാണ് മനോരമ ഇപ്പോഴും മുന്നോട്ടു പോകുന്നത്. മറ്റുള്ള പത്രങ്ങളെ അപേക്ഷിച്ച് പരസ്യവരുമാനത്തിൽ ഇപ്പോഴും മുന്നിൽ മലയാളത്തിലെ ഈ അതികായന്മാർ തന്നെയാണ്. ജീവനക്കാരുടെ ക്ഷേമത്തിൽ അടക്കം മാറ്റ് മാധ്യമ സ്ഥാപനങ്ങളേക്കാൾ ഒരുപടി മുന്നിൽ തന്നെയാണ് മനോരമയുടെ സ്ഥാനം. കോവിഡ് കാലത്തിന് ശേഷമുള്ള കുതിപ്പിൽ മുമ്പന്മാരും മനോരമ തന്നെയാകുമെന്നാണ് മാധ്യമ വ്യവസായ രംഗത്തുള്ളവർ ഉറപ്പോടെ പറയുന്നത്.