ബംഗളൂരു: കോവിഡ് കേസുകൾ വീണ്ടും ഉയർന്ന പശ്ചാത്തലത്തിൽ ബംഗളൂരു നഗരത്തിൽ നിയന്ത്രണം കടുപ്പിക്കുന്നു. നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവാസ മേഖലയിൽ നീന്തൽ കുളം, ജിംനേഷ്യം, പാർട്ടി ഹാളുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നത് നിരോധിച്ചു.

കഴിഞ്ഞദിവസം കർണാടകയിൽ 5,000ലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗവും ബംഗളൂരു നഗരത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നിയന്ത്രണങ്ങളുടെ ഭാഗമായി റാലികൾ, പൊതുജനം തടിച്ചുകൂടുന്ന മറ്റു പരിപാടികൾ, കൂട്ട പ്രാർത്ഥന എന്നിവയ്ക്കും വിലക്കുണ്ട്. മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. എല്ലാവരും സാമൂഹ്യ അകലം പാലിക്കണമെന്ന് ബംഗളൂരു പൊലീസ് കമ്മീഷണർ അറിയിച്ചു.