ന്യൂഡൽഹി: കോവിഡ് ഉൾപ്പെടെയുള്ള മഹാരോഗങ്ങളും പാമ്പു വിഷവും തനിക്കു മുന്നിൽ സുല്ലിട്ട കഥയാണ് ഇയാൻ ജോൺസിനു പറയാനുള്ളത്. ശാരീരിക പ്രത്യേകതകളും മഹാഭാഗ്യവും കൊണ്ട് മഹാമാരികളെ ഒന്നൊന്നായി കീഴടക്കിയ മനുഷ്യൻ.

കോവിഡ്, ഡെങ്കി, മലേറിയ എന്നിവയിൽനിന്നെല്ലാം രോഗമുക്തി നേടിയ ജോൺസ് ഇപ്പോൾ മൂർഖന്റെ വിഷത്തിൽനിന്നും മോചനം നേടിക്കൊണ്ടിരിക്കുകയാണ്.

ബ്രിട്ടിഷ് ജീവകാരുണ്യ പ്രവർത്തകനായ ഇയാൻ ജോൺസിനു രാജസ്ഥാനിലെ ജോധ്പുർ ജില്ലയിൽ വച്ചാണു മൂർഖന്റെ കടിയേറ്റത്. 'ഗ്രാമത്തിൽനിന്നു പാമ്പുകടിയേറ്റു കഴിഞ്ഞ ആഴ്ചയാണു ജോൺസ് ഞങ്ങളുടെ അടുത്തെത്തിയത്. ലക്ഷണങ്ങൾ കണ്ടപ്പോൾ രണ്ടാമതും കോവിഡ് പോസിറ്റീവായതാകും എന്നാണ് ആദ്യം സംശയിച്ചത്. പക്ഷേ പരിശോധനയിൽ നെഗറ്റീവായി.

അദ്ദേഹത്തിനു ബോധമുണ്ടായിരുന്നു. കാഴ്ചയ്ക്കു മങ്ങൽ, നടക്കാൻ പ്രയാസം തുടങ്ങിയ പാമ്പുകടിയുടെ പ്രശ്‌നങ്ങൾ കാണിച്ചുതുടങ്ങിയപ്പോഴാണ് ആ നിലയ്ക്കു പരിശോധിച്ചത്. തുടർന്ന് പാമ്പുവിഷത്തിനുള്ള ചികിത്സ നൽകി.' പ്രാദേശിക ആശുപത്രിയിലെ ഡോക്ടർ അഭിഷേക് ടാറ്റർ വാർത്താ ഏജൻസി എഎഫ്‌പിയോടു പറഞ്ഞു.

ഗുരുതര സാഹചര്യം ഇല്ലാതായതോടെ ഈയാഴ്ച ആദ്യത്തിൽ ജോൺസിനെ ഡിസ്ചാർജ് ചെയ്തു. 'അദ്ദേഹത്തിനു വലിയ പ്രശ്‌നങ്ങളില്ലെന്നാണു കരുതുന്നത്. കുറച്ചു ദിവസത്തിനകം സമ്പൂർണ ആരോഗ്യം വീണ്ടെടുക്കും' ഡോ. അഭിഷേക് ടാറ്റർ കൂട്ടിച്ചേർത്തു.

പിതാവ് ഒരു പോരാളിയാണ്. മലേറിയ, ഡെങ്കി എന്നീ രോഗങ്ങൾ കോവിഡിനു മുൻപ് വന്നിരുന്നു. ഇതും അദ്ദേഹം മറികടക്കും. കോവിഡ് മഹാമാരിയെത്തുടർന്ന് അദ്ദേഹത്തിനു നാട്ടിലേക്കു യാത്ര ചെയ്യാനാവില്ലായിരുന്നു. ആളുകളെ സഹായിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഞങ്ങൾക്കറിയാം.' ജോൺസിന്റെ മകൻ സെബ് ജോൺസ് പ്രസ്താവനയിൽ വ്യക്തമാക്കി.