ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ഓമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നൊരുക്കം നടത്താൻ കേന്ദ്ര സർക്കാർ നിർദ്ദേശം. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനങ്ങൾ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഫണ്ടുകളുടെ പൂർണ്ണമായ വിനിയോഗവും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം നിർദേശിച്ചു. ഏഴ് മാസത്തിന് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ ഒരു ലക്ഷം കടന്നതോടെയാണ് കർശന നിർദ്ദേശം.

സംസ്ഥാനങ്ങളിലെ ഓക്‌സിജൻ ലഭ്യതയും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുകയാണ്. പിഎസ്എ പ്ലാന്റുകൾ, ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ, ഓക്‌സിജൻ സിലിണ്ടർ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യതയും പരിശോധിക്കും.

24 മണിക്കൂറിനിടെ 1,17,100 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വർധനയാണിത്. ആകെ കോവിഡ് രോഗികളുടെ എണ്ണം ഇതോടെ 3.52 ലക്ഷമായി ഉയർന്നിട്ടുണ്ട്. കോവിഡിന്റെ ഓമിക്രോൺ വകഭേദമാണ് രാജ്യത്ത് ഇപ്പോൾ വ്യാപിക്കുന്നതിൽ ഏറ്റവും മുൻപിൽ എന്ന് ഐസിഎംആർ വ്യക്തമാക്കി. 377 പേർക്ക് കൂടി ഇന്നലെ ഓമിക്രോൺ സ്ഥിരീകരിച്ചതോടെ ആകെ ഓമിക്രോൺ ബാധിച്ചവരുടെ എണ്ണം 3007 ആയിട്ടുണ്ട്. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഇതിനോടകം ഓമിക്രോൺ സ്ഥിരീകരിച്ച് കഴിഞ്ഞു.

രോഗവ്യാപനം തീവ്രമായതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കർഫ്യൂവിലേക്ക് നീങ്ങുകയാണ്. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, ബംഗാൾ, എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം ഏറിയതോടെ കർശന നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്.

രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കാമെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഓമിക്രോൺ വ്യാപനം കണക്കിലെടുത്ത് കർണാടകയിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഇതിനിടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഓമിക്രോൺ വ്യാപനം ഗൗരവതരമല്ലെന്ന റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. ഇത് സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ സത്യവിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. ഓമിക്രോൺ വ്യാപനം ഗൗരവമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയതോടെ യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെുടപ്പിൽ കമ്മീഷൻ എന്ത് നിലപാടെടുക്കുമെന്നതിലാണ് ആകാംഷ. ഓമിക്രോൺ സ്ഥിരീകരിച്ച് ആളുകൾ മരിക്കുന്നുണ്ടെന്നും നിസാരമായി കാണരുതെന്നും ലോകാരോഗ്യസംഘടന മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു.

അതേ സമയം ഇന്ത്യ 150 കോടി വാക്‌സിനുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. വീഡിയോ കോൺഫറൻസിങ് വഴി കൊൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രായപൂർത്തിയായ ജനസംഖ്യയുടെ 90 ശതമാനംപേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി. രാജ്യത്തിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് ശാസ്ത്രജ്ഞരും വാക്‌സിൻ നിർമ്മാതാക്കളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെയുള്ള എല്ലാവരുടെയും പരിശ്രമം മൂലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തിന്റെ തുടക്കം മുതൽ 18 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ സൗജന്യമായി നൽകി തുടങ്ങിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

പശ്ചിമബംഗാളിന് ഇതുവരെ 11 കോടി ഡോസ് കോവിഡ് വാക്‌സിൻ കേന്ദ്രം സൗജന്യമായി നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പശ്ചിമബംഗാളിന് 1.5 ആയിരത്തിലധികം വെന്റിലേറ്ററുകളും ഒമ്പതിനായിരത്തിലധികം പുതിയ ഓക്‌സിജൻ സിലിണ്ടറുകളും നൽകിയിട്ടുണ്ട്. കൂടാതെ നിരവധി ഓക്‌സിജൻ പ്ലാന്റുകളും സംസ്ഥാനത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.