ന്യൂഡൽഹി: ആശങ്കയുയർത്തി സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസ് വർധന.നിലവിലെ കണക്ക് പ്രകാരം രാജ്യത്ത് തന്നെ മൂന്നാംസ്ഥാനത്ത് ആണ് കേരളം.രാജ്യത്ത് തുടക്കത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ ഏറ്റവും കുറവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്.കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഏറ്റവും അധികം പോസ്റ്റീവ് കേസുകളും കേരളത്തിലാണ്. ശരാശരി രാജ്യത്തെ ആകെ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ പകുതിക്കടുത്തും കേരളത്തിലാണ്.എന്നാൽ ഡൽഹി, മഹാരാഷ്ട്ര, ചെന്നൈ തുടങ്ങി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിലവിൽ കേസുകൾ ക്രമാനുഗതമായി കുറയുന്ന കാഴ്ചാണ്.

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാജനകമെന്ന് ഐഎംഎ. മുഖ്യമന്ത്രിയെയും ആരോഗ്യ വകുപ്പ് മന്ത്രിയെയും ഈ ആശങ്ക അറിയിച്ചിട്ടുണ്ട്. പ്രതിദിനം ഒരുലക്ഷം ടെസ്റ്റുകളെങ്കിലും നടത്തണം. തെരഞ്ഞെടുപ്പ് ഉൾപ്പെടെ വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത ആവശ്യമാണെന്നും ഡോ. സുൽഫി നൂഹ് ട്വന്റിഫോറിനോട് പറഞ്ഞു.കേരളത്തിലെ ജനങ്ങൾ ജാഗ്രതയിൽ ഇളവ് വരുത്തിയോയെന്ന് സംശയമുണ്ട്. കോവിഡ് കടന്നുപോയി എന്നൊരു ചിന്ത ആളുകൾക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ യാഥാർത്ഥ്യം അങ്ങനെയല്ല. ദിവസവും ആയിരത്തിനടുത്ത് മരണങ്ങൾ നടക്കുന്ന നിലയിലേക്ക് ഇംഗ്ലണ്ട് മാറിയത് വളരെ വേഗമാണ്. ആ സ്ഥിതി സംസ്ഥാനത്തും ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

13,203 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് . 13,298 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 131 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,67,736 ആയി ഉയർന്നു. 1,84,182 പേരാണ് നിലവിൽ രാജ്യത്ത് രോഗബാധിതർ. 1,03,30,084 പേർ രോഗമുക്തി നേടി. രാജ്യത്തെ ആകെ മരണസംഖ്യ 1,53,470 ആണ്.ഞായറാഴ്ച മാത്രം 5,70,246 സാമ്പിളുകൾ പരിശോധിച്ചതായും ഐസിഎംആർ അറിയിച്ചു.