ന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പഞ്ചായത്തുകൾക്കുള്ള ഗ്രാൻഡ് മുൻകൂറായി അനുവദിച്ച് കേന്ദ്രസർക്കാർ. കോവിഡ് പ്രതിരോധത്തിനു വേണ്ടിയാണ് മുൻകൂർ ഗ്രാന്റ് അനുവദിച്ചത്. കേരളം ഉൾപ്പെടെ 25 സംസ്ഥാനങ്ങൾക്ക് 8923. 8 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 240. 6 കോടി രൂപ കേരളത്തിന് ലഭിക്കും. കോവിഡ് രോഗബാധ രൂക്ഷമായ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്കാണ് മുൻകൂർ ഗ്രാന്റ് അനുവദിച്ചത്.

പഞ്ചായത്ത്‌രാജ് സ്ഥാപനങ്ങളിലെ മൂന്ന് തലങ്ങളായ ഗ്രാമം, ബ്ലോക്ക്, ജില്ല എന്നിവയ്ക്ക് വേണ്ടിയാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. റൂറൽ ലോക്കൽ ബോഡീസ് മറ്റു പ്രവർത്തനങ്ങൾക്കൊപ്പം കോവിഡ് പ്രതിരോധത്തിനാവശ്യമായ വിവിധ പ്രതിരോധ, ലഘൂകരണ നടപടികൾക്കും ഉപാധികൾ വർദ്ധിപ്പിക്കുന്നതിനും ഈ തുക ഉപയോഗിച്ചേക്കാം.

പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം 2021 ജൂൺ മാസത്തിലായിരുന്നു ഗ്രാന്റിന്റെ ആദ്യ ഗഡു സംസ്ഥാനങ്ങൾക്ക് വിട്ടു കൊടുക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനവും പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ശുപാർശയും കണക്കിലെടുത്ത് നിശ്ചിത സമയപരിധിക്ക് മുമ്പായി ഗ്രാന്റ് പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ധനമന്ത്രാലയം അറിയിച്ചു.

അതേസമയം 13 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് മുകളിലെത്തിയ കേരളം ഏറെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം ആവർത്തിച്ചു. പ്രതിദിന രോഗബാധ ഇപ്പോൾ നാല് ലക്ഷത്തിന് മുകളിലാണെങ്കിലും ആഴ്ചകളിലെ ശരാശരി കണക്കിൽ നേരിയ കുറവുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.ഗ്രാന്റിന്റെ ആദ്യ ഗഡുവിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങൾ

ആന്ധ്രാപ്രദേശ് - 387.8 കോടി, അരുണാചൽപ്രദേശ് - 34 കോടി, അസം - 237.2 കോടി, ബിഹാർ - 741.8 കോടി, ഛത്തീസ്‌ഗഢ് - 215 കോടി, ഗുജറാത്ത് - 472.4 കോടി, ഹരിയാന - 187 കോടി, ഹിമാചൽപ്രദേശ് - 63.4 കോടി
ഝാർഖണ്ഡ് - 249.8 കോടി, കർണാടക - 475.4 കോടി, കേരളം - 240.6 കോടി, മദ്ധ്യപ്രദേശ് - 588.8 കോടി, മഹാരാഷ്ട്ര - 861.4 കോടി, മണിപ്പൂർ - 26.2 കോടി, മിസോറാം - 13.8 കോടി, ഒഡീഷ - 333.8 കോടി
പഞ്ചാബ് - 205.2 കോടി, രാജസ്ഥാൻ - 570.8 കോടി, സിക്കിം - 6.2 കോടി, തമിഴ്‌നാട് - 533.2 കോടി, തെലംഗാന - ഞ െ273 കോടി, ത്രിപുര - 28.2 കോടി, ഉത്തർപ്രദേശ് - 1441.6 കോടി, ഉത്തരാഖണ്ഡ് - 85 കോടി, പശ്ചിമ ബംഗാൾ - 652.2 കോടി

ഇതിനിടെ രാജ്യത്തെ പ്രതിദിനരോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 4,03,738 പുതിയ കോവിഡ് കേസുകൾ. 4,092 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തുടർച്ചയായി നാലാം ദിവസവും പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലായി തുടരുന്നു. 3,86,444 പേർ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. 37,36,648 സജീവരോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 1,83,17,404 പേർ ഇതു വരെ രോഗമുക്തരായി.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,22,96,414 ആയി. 2,42,362 പേർ ഇതുവരെ വൈറസ് ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. തുടർച്ചയായി രണ്ടാം ദിവസമാണ് രാജ്യത്ത് മരണസംഖ്യ നാലായിരത്തിന് മുകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

16,94,39,663 പേർ ഇതു വരെ വാക്സിൻ സ്വീകരിച്ചു. രാജ്യത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും മെയ്‌ ഒന്ന് മുതൽ വാക്സിൻ വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും വാക്സിന്റെ ലഭ്യതക്കുറവ് പലയിടങ്ങളിലും വാക്സിൻ വിതരണം മന്ദഗതിയിലാക്കിയിട്ടുണ്ട്.

13 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് മുകളിലെത്തിയ കേരളം ഏറെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം ആവർത്തിച്ചു. പ്രതിദിന രോഗബാധ ഇപ്പോൾ നാല് ലക്ഷത്തിന് മുകളിലാണെങ്കിലും ആഴ്ചകളിലെ ശരാശരി കണക്കിൽ നേരിയ കുറവുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.