ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ കേരളം അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വ്യാപന തീവ്രത ഏറ്റവും രൂക്ഷമാണ്. നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

കോവിഡ് രോഗികൾ അനാവശ്യമായി സിടി സ്‌കാൻ ചെയ്യരുത്. നേരിയ ലക്ഷണങ്ങളുള്ളവർക്ക് സ്‌കാനിങ് ആവശ്യമില്ല. സ്‌കാനിങ് റേഡിയേഷൻ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സിടി- സ്‌കാൻ, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിർണയിക്കാൻ ഉപയോഗിക്കുന്ന ബയോമാർക്കേഴ്സ് എന്നിവ ദുരുപയോഗം ചെയ്യുന്നതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.

നേരിയ രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ സിടി-സ്‌കാൻ എടുക്കുന്ന പ്രവണത ഉയർന്നുവരികയാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാവുകയെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി.

ഒരു സിടി സ്‌കാൻ 300 ചെസ്റ്റ് എക്സറേയ്ക്ക് തുല്യമാണ്. അതുകൊണ്ട് തന്നെ കോവിഡ് ചികിത്സയുടെ ഭാഗമായി അനാവശ്യമായി സിടി- സ്‌കാൻ എടുക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ മുന്നറിയിപ്പ് നൽകി.

സിടി- സ്‌കാൻ എടുക്കുന്നവർക്ക് അമിതമായി റേഡിയേഷൻ ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് അനാവശ്യമായി സിടി- സ്‌കാൻ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.

രോഗമുക്തിയിൽ അനുകൂല സൂചനകളാണ് ലഭിക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. മെയ് രണ്ടിന് 78 ശതമാനമായിരുന്നു രോഗമുക്തി നിരക്ക്. മെയ് മൂന്നിന് ഇത് 82 ശതമാനമായി ഉയർന്നു.

ഡൽഹി ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സൂചനകളാണ് ലഭിക്കുന്നത്. രാജ്യത്ത് കോവിഡ് മരണനിരക്ക് 1.10 ശതമാനം മാത്രമാണ്. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ 18നും 44നും ഇടയിൽ പ്രായമായവർക്കുള്ള വാക്സിനേഷൻ ആരംഭിച്ചതായി കേന്ദ്രസർക്കാർ മാധ്യമങ്ങളെ അറിയിച്ചു

രാജ്യത്ത് ആവശ്യത്തിന് ഓക്‌സിജൻ സ്റ്റോക്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നൈട്രജൻ പ്ലാന്റുകൾ കൂടി ഓക്‌സിജൻ പ്ലാന്റുകളാക്കിയിട്ടുണ്ട് എന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി അറിയിച്ചു.